'ജയിലറില്‍ മോഹന്‍ലാല്‍, ലിയോയില്‍ സഞ്ജയ് ദത്ത്, അവരെന്ത് ചെയ്യും?'; ഫെഫ്‌സിക്കെതിരെ റിയാസ് ഖാന്‍
കൊച്ചി: തമിഴ് സിനിമയില്‍ തമിഴ് കലാകാരന്‍മാര്‍ മാത്രം മതി എന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി) യുടെ തീരുമാനത്തില്‍ പ്രതികരണവുമായി നടന്‍ റിയാസ് ഖാന്‍. ഇത്തരമൊരു തീരുമാനം അംഗീകരിക്കാനാകില്ല എന്നും തങ്ങള്‍ ഇന്ത്യന്‍ സിനിമാ അഭിനേതാക്കള്‍ ആണെന്നും റിയാസ് ഖാന്‍ പറഞ്ഞു. ഷീല എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു റിയാസ് ഖാന്‍.
അങ്ങനെ നിരോധിച്ചാല്‍ എല്ലാ സിനിമയിലും കയറി അഭിനയിക്കുമെന്നും റിയാസ് ഖാന്‍ മുന്നറിയിപ്പ് നല്‍കി. 'മലയാളിയായ ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം തമിഴ്‌നാട്ടില്‍ ആണ്. എന്റെ ഭാര്യ തമിഴ്‌നാട്ടുകാരിയാണ്. ഞാന്‍ മുസ്ലീമും അവള്‍ ഹിന്ദുവുമാണ്. ഞങ്ങള്‍ അപ്പോള്‍ എന്ത് ചെയ്യും. ഞാന്‍ ഇവിടേയും ഭാര്യ തമിഴ്‌നാട്ടിലും നിന്നാല്‍ മതിയോ?', റിയാസ് ഖാന്‍ ചോദിക്കുന്നു.

ഇതൊന്നും നടക്കുന്ന കാര്യമല്ലെന്നും അങ്ങനെയെങ്കില്‍ രജനികാന്ത് അഭിനയിക്കുന്ന ജയിലര്‍ എന്ത് ചെയ്യുമെന്നും അതില്‍ മോഹന്‍ലാല്‍ ഇല്ലേ എന്നും റിയാസ് ഖാന്‍ ചോദിക്കുന്നു. ലിയോയില്‍ സഞ്ജയ് ദത്ത് ഉണ്ട്. അത്തരത്തില്‍ കുറെ അഭിനേതാക്കളുണ്ട് എന്നും തങ്ങള്‍ പ്രതിനിധീകരിക്കുന്നത് ഇന്ത്യന്‍ സിനിമാ മേഖലയെ ആണ് എന്നും റിയാസ് ഖാന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് തമിഴ് സിനിമയില്‍ തമിഴ് കലാകാരന്‍മാര്‍ മാത്രം മതി എന്ന നിലപാട് ഫെഫ്‌സി പ്രഖ്യാപിച്ചത്.
തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്‌നാട്ടില്‍ മാത്രം മതി എന്നും ഷൂട്ടിംഗ് നിശ്ചിത സമയത്ത് അവസാനിച്ചില്ലെങ്കിലോ ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മാതാക്കള്‍ക്ക് എഴുതി നല്‍കണം എന്നും ഫെഫ്‌സി പറഞ്ഞിരുന്നു. കഥയുടെ കോപ്പിറൈറ്റുമായി എന്തെങ്കിലും പ്രശ്‌നം വന്നാല്‍ സംവിധായകന്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്ന നിര്‍ദേശവും ഫെഫ്‌സി മുന്നോട്ടുവെച്ചിട്ടുണ്ട്.
നേരത്തെ സംവിധായകന്‍ വിനയനും ഫെഫ്‌സി തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.തികച്ചും പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനത്തിലേക്കാണ് തമിഴ്‌നാട് സിനിമാ സംഘടനകള്‍ നീങ്ങുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ നീക്കം വളരാനനുവദിച്ചാല്‍ അതൊരുതരം വിഘടന വാദത്തിന് തുല്യമാണ് എന്നും ഇത് മുളയിലേ നുള്ളിക്കളയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ തിയേറ്ററുകളില്‍ തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം ഇവിടുത്തെ സംഘടനകള്‍ എടുത്താല്‍ കുറഞ്ഞത് 150 കോടി രൂപയെങ്കിലും തമിഴ് സിനിമ മേഖലക്ക് നഷ്ടമാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഫെഫ്‌സി തീരുമാനത്തോടെ തമിഴ്‌നാട് സര്‍ക്കാര്‍ പ്രതികരിക്കണം എന്ന് നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications