അടുത്ത 200 കോടി ക്ലബിലേക്കോ മോഹന്‍ലാല്‍? ആശിര്‍വാദ് അല്ലാത്ത ബാനറില്‍ അപൂര്‍വനേട്ടം!
മലയാള സിനിമയുടെ കളക്ഷന്‍ റെക്കോഡുകളെല്ലാം ഭേദിച്ചാണ് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ കഴിഞ്ഞ മാസം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് 40 മണിക്കൂറിനുള്ളില്‍ തന്നെ 100 കോടി ക്ലബില്‍ കയറിയ എമ്പുരാന്‍ ആകെ 325 കോടി രൂപയുടെ ബിസിനസ് ആണ് സ്വന്തമാക്കിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നത്.
2023 ഡിസംബറില്‍ ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ വന്ന നേര് മാത്രമാണ് ഇതിനൊരപവാദം. 2019 ല്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ എത്തിയത്. ഒരു മലയാള സിനിമയ്ക്ക് ചിന്തിക്കാന്‍ പറ്റാവുന്നതിലും വലിയ സ്‌കെയിലില്‍ നിര്‍മിച്ച എമ്പുരാന് അര്‍ഹിച്ച വിജയം തന്നെയാണ് സിനിമാ പ്രേമികള്‍ നല്‍കിയത്.

എമ്പുരാന് റിലീസ് ചെയ്ത് ഒരു മാസം തികയും മുന്‍പെയാണ് തുടരും എന്ന സിനിമയുമായി മോഹന്‍ലാല്‍ വീണ്ടും എത്തിയത്. തരുണ്‍ മൂര്‍ത്തി എന്ന സംവിധായകന്റെ മൂന്നാമത്തെ മാത്രം സിനിമയാണ് തുടരും. എന്നാല്‍ കാലങ്ങളായി മലയാളി സിനിമാ പ്രേമികള്‍ക്ക് നഷ്ടപ്പെട്ട മോഹന്‍ലാല്‍ എന്ന നടനെയാണ് തുടരും എന്ന സിനിമയിലൂടെ തരുണ്‍ മൂര്‍ത്തി തിരികെ നല്‍കിയത്.
വലിയ കോലാഹലങ്ങളൊന്നുമില്ലാതെയെത്തിയ തുടരും തിയേറ്ററില്‍ വിജയക്കുതിപ്പ് തുടരുകയാണ്. മികച്ച മേക്കിംഗും മറ്റുമായിരുന്നെങ്കിലും എമ്പുരാന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നിട്ടും സിനിമ ബോക്സോഫീസില്‍ കത്തിക്കയറി. ആ സാഹചര്യത്തിലാണ് എല്ലായിടത്ത് നിന്നും പോസിറ്റീവ് റിപ്പോര്‍ട്ട് മാത്രം നേടിക്കൊണ്ട് തുടരും മുന്നേറുന്നത്.
നിലവിലെ ട്രെന്‍ഡ് അനുസരിച്ച് അടുത്ത 200 കോടി ക്ലബിലേക്കാണ് മോഹന്‍ലാല്‍ കടക്കുന്നത് എന്നാണ് വിവരം. മലയാളത്തിലെ ആദ്യത്തെ 50 കോടി, 75 കോടി, 100 കോടി, 150 കോടി, 300 കോടി സിനിമകളെല്ലാം മോഹന്‍ലാലിന്റെ പേരിലാണ്. തുടരും 200 കോടി ക്ലബിലെത്തിയാല്‍ ഒരു മാസത്തിനിടെ രണ്ട് 200 കോടി ക്ലബില്‍ കയറിയ ഇന്ത്യയിലെ ഏക നടന്‍ എന്ന വിശേഷണവും മോഹന്‍ലാലിന്റെ പേരിലാകും.
ഏകദേശം 20 കോടിയോളം ബജറ്റിലാണ് തുടരും ഒരുക്കിയത്. നിര്‍മാണ ചെലവ് വെച്ച് നോക്കിയാല്‍ എമ്പുരാനേക്കാള്‍ ലാഭകരമായ സിനിമയായി തുടരും മാറുകയും ചെയ്യും. തുടരും സിനിമയെക്കുറിച്ച് അതിന്റെ പിന്നണി പ്രവര്‍ത്തകര്‍ വലിയ അവകാശവാദങ്ങളൊന്നും ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ റിലീസിന് പിന്നാലെ കത്തിക്കയറുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.
മറ്റ് ഇന്‍ഡസ്ട്രികളെ വെച്ച് നോക്കുമ്പോള്‍ ഒരു ബമ്പര്‍ഹിറ്റ് സിനിമ നിര്‍മിക്കാന്‍ 100 കോടിയിലധികം മുതല്‍മുടക്ക് വേണം. അവിടെയാണ് താരതമ്യേന ചെറിയ ബഡ്ജറ്റ് ഉള്ള സിനിമകള്‍ വെച്ച് മോഹന്‍ലാല്‍ തിയേറ്ററില്‍ മാജിക് കാണിക്കുന്നത്. ഇതിന് മുന്‍പ് ദൃശ്യം, നേര് തുടങ്ങിയ സിനിമകളും ഈ ഗണത്തില്‍പ്പെടുത്താവുന്നതാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ അല്ലാതെ മറ്റൊരു നിര്‍മാതാവിന്റെ സിനിമയില്‍ അഭിനയിച്ച് സൂപ്പര്‍ഹിറ്റിലേക്ക് മോഹന്‍ലാല്‍ കടന്നുവരുന്നതും ഏറെ കാലത്തിന് ശേഷമാണ്.
നരസിംഹം മുതലുള്ള മോഹന്‍ലാലിന്റെ മിക്ക സിനിമകളും ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചിട്ടുള്ളത്. ഇതിനിടെ വന്ന പുലിമുരുകന്‍ ആണ് മറ്റൊരു ബാനറിന് കീഴില്‍ സഹകരിച്ചത്. മലയാളത്തിലെ ആദ്യത്തെ 100 കോടി ക്ലബ് ചിത്രമായ പുലിമുരുകന്‍ നിര്‍മിച്ചത് ടോമിച്ചന്‍ മുളകുപാടമായിരുന്നു. ഗോകുലം ഗോപാലന്‍ നിര്‍മിച്ച കായംകുളം കൊച്ചുണ്ണിയില്‍ അതിഥിതാരമായും മോഹന്‍ലാല്‍ എത്തി. 2024 ല്‍ പുറത്തിറങ്ങിയ മലൈക്കോട്ടെ വാലിബനും മറ്റൊരു ബാനറിന് കീഴില്‍ ആയിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്.












Click it and Unblock the Notifications