'യൂസഫലി കേച്ചേരിയുടെ മകളെ വേണ്ടെന്ന് അവർ പറഞ്ഞു, കൃഷ്‌ണന്റെ പാട്ടെഴുതിയ ആളല്ലേ എന്നാണ് ചോദിച്ചത്'; അഷ്‌റഫ്
മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാണ് യൂസഫലി കേച്ചേരി. തൊണ്ണൂറുകളിൽ എണ്ണം പറഞ്ഞ ഹിറ്റുകൾ സമ്മാനിച്ച അദ്ദേഹം സംസ്‌കൃതത്തിലും അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു. കൃഷ്‌ണഭക്തി നിറഞ്ഞു തുളുമ്പുന്ന ഗാനങ്ങൾ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അദ്ദേഹം സമ്മാനിച്ചിരുന്നു. ഒരു ഗാനരചയിതാവ് എന്നതിലുപരി കവിയെന്ന നിലയിലാണ് അദ്ദേഹത്തെ മലയാളികൾ പലപ്പോഴും നോക്കി കണ്ടത്.
ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ഉൾപ്പെടെ സ്വന്തമാക്കിയ വ്യക്തി കൂടിയാണ് അദ്ദേഹം. യൂസഫലി കേച്ചേരിയെ കുറിച്ച് ഇപ്പോൾ മനസ് തുറക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ആലപ്പി അഷ്‌റഫ് പ്രതികരിച്ചത്. യൂസഫലി കേച്ചേരിയെ ആളുകൾ തെറ്റിദ്ധരിച്ചെന്നും അതുവഴി അദ്ദേഹത്തെ മകളുടെ വിവാഹം പോലും മുടങ്ങിയെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

എന്നിൽ വളരെയധികം സ്വാധീനം ചെലുത്തിയ ഗാനരചയിതാവാണ് യൂസഫലി കേച്ചേരി. എന്റെ ആദ്യ ചിത്രമായ മാടപ്രാവിന്റെ കഥയിൽ ഗാനങ്ങൾ എഴുതുക മാത്രമല്ല. സിനിമാ സംവിധാന, നിർമ്മാണ രംഗത്ത് എനിക്ക് ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും ഒക്കെ നൽകിയ ഗുരുതുല്യൻ കൂടിയായിരുന്നു യൂസഫലി കേച്ചേരി സർ. ആ സത്യം ഞാനിപ്പോൾ വളരെ നന്ദിയോട് കൂടി ഓർക്കുകയാണ്.
സംസ്‌കൃതത്തിൽ അഗാധമായ പാണ്ഡിത്യമുള്ള ഗാനരചയിതാവ് കൂടിയായിരുന്നു അദ്ദേഹം. നാലാം ക്ലാസ് മുതൽ അദ്ദേഹം സംസ്‌കൃതം പഠിച്ചു തുടങ്ങിയിരുന്നു. ഇന്ത്യയിൽ തന്നെ സിനിമയ്ക്ക് വേണ്ടി സംസ്‌കൃതത്തിൽ സിനിമയ്ക്ക് വേണ്ടി പാട്ടെഴുതിയ ഒരേയൊരു ഗാനരചയിതാവ് കൂടിയായിരുന്നു അദ്ദേഹം. പരിണയം എന്ന ചിത്രത്തിലായിരുന്നു ആ സാമഗ സഞ്ചാരിണി എന്ന് തുടങ്ങുന്നതായിരുന്നു ഈ സംസ്‌കൃത ഗാനം.
കെജി ജോർജിന്റെ മൂടുപടം എന്ന ചിത്രത്തിലൂടെ ആയിരുന്നു യൂസഫലി സാറിന്റെ സിനിമാ പ്രവേശം. അതിന് പി ഭാസ്‌കരൻ മാഷിന്റെ എല്ലാവിധ പിന്തുണയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതൊരു മാപ്പിള പാട്ടായിരുന്നു. കേച്ചേരിയിൽ ഉള്ള അദ്ദേഹത്തിന്റെ വസതിയിൽ ഞാൻ അതിഥിയായി താമസിച്ചിട്ടുണ്ട്. മധു സാർ ഉൾപ്പെടെയുള്ള പല സിനിമാക്കാരും ഗുരുവായൂർ ദർശനത്തിന് എത്തുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു കഴിഞ്ഞത്.
ഒരിക്കൽ ലോകത്തിലെ ആദ്യത്തെ ഫെമിനിസ്‌റ്റ് ആരായിരുന്നു എന്ന് എന്നോട് അദ്ദേഹം ചോദിച്ചു, അറിയില്ലെന്ന് പറഞ്ഞപ്പോൾ അത് ദ്രൗപതി ആണെന്നായിരുന്നു മറുപടി. മഹാഭാരതത്തിലെ ഒരു സാഹചര്യം വിവരിച്ചു കൊണ്ടായിരുന്നു അതെന്നോട് അദ്ദേഹം പറഞ്ഞത്. അതുപോലെ തന്നെ ആരാണ് ആദ്യ മിമിക്രിക്കാരൻ എന്നും ചോദിച്ചു. ലക്ഷ്‌മണന്റെ ശബ്‌ദം എടുത്ത മാരീചൻ ആണത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്‌ത 'മഴ'യിലെ ഗീയം എന്ന ഗാനം രചിച്ച യൂസഫലി കേച്ചേരിക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ലഭിച്ചു. വയലാറിനും ഒഎൻവിക്ക് ശേഷം ലഭിച്ച ബഹുമതിയാണ് അദ്ദേഹത്തിന് കിട്ടിയത്. ഒരിക്കൽ അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു മകൾക്ക് പറ്റിയ എംബിബിഎസ് കഴിഞ്ഞ ഒരു പയ്യനെ നോക്കണമെന്ന്.
അങ്ങനെ ഞാൻ ആലപ്പുഴയിലുള്ള ഒരു പയ്യനെ കണ്ടുപിടിച്ചു. അവരോട് കല്യാണക്കാര്യം സംസാരിക്കാൻ ചെന്നപ്പോൾ കേട്ടയുടൻ അവർ പറഞ്ഞത് വേണ്ടെന്നാണ്. അയാൾ ഗുരുവായൂരപ്പനെയും രാമനെയും കൃഷ്‌ണനെയും കുറിച്ചൊക്കെ പാട്ടെഴുതുന്ന ആളാണ്, നമുക്ക് അത് ശരിയാവില്ല എന്നായിരുന്നു അവർ പറഞ്ഞത്. എനിക്കത് ഒരു ഷോക്കായിരുന്നു.
അഞ്ച് നേരം നിസ്‌കരിക്കുന്ന ഒരാൾ, എല്ലാം നോമ്പുകളും നോൽക്കുന്ന, കൃത്യമായി സക്കാത്ത് കൊടുക്കുന്ന ഒരു തികഞ്ഞ മുസൽമാൻ ആയിരുന്നു യൂസഫലി സാറെന്ന് എനിക്ക് നേരിട്ടറിയാം. എന്നാൽ അദ്ദേഹം തികച്ചും ഒരു മതേതര വാദിയായിരുന്നു. ഭാരത സംസ്‌കാരത്തിലേയും പുരാണങ്ങളിലെയും അറിവ് അദ്ദേഹം പകർന്നു കൊടുക്കുന്നത് കൊണ്ട് പലരും അദ്ദേഹത്തെ തെറ്റിദ്ധരിച്ചതാവാം.
യൂസഫലി സാറിന്റെ പാട്ടുകളെ കുറിച്ചും അദ്ദേഹത്തെ കുറിച്ചുമുള്ള ഓർമ്മകൾ എന്നും മായാതെ മറയാതെ നിലനിൽക്കും. മതം പറയും വിശ്വാസമാണ് ഏറ്റവും വലുതെന്ന്, കവികൾ പറയും പ്രണയമാണ് വലുതെന്ന്. ബന്ധുക്കൾ പറയും ബന്ധങ്ങൾ ആണെന്ന്. എന്നാൽ ജീവിതത്തിലെ ഒരു ഘട്ടത്തിൽ നമുക്ക് മനസിലാവും മതവും പ്രണയവും ബന്ധുക്കളും ഒക്കെ നമ്മെ തേടിയെത്തുന്നത് പണം ഉണ്ടെങ്കിൽ മാത്രമാണെന്ന്.












Click it and Unblock the Notifications