'10 കോടിയല്ല, എത്ര തന്നാലും ചെയ്യില്ല'; പുഷ്പ-2 ന് വേണ്ടി അല്ലുവിന്റ സുപ്രധാന തീരുമാനം, കൈയ്യടി
കൊച്ചി: അല്ലു അർജുന്റെ പുഷ്പ-2 വിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അടുത്ത വർഷം ആഗസ്റ്റിലാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
അതിനിടെ ഇപ്പോഴിതാ സിനിമയ്ക്കായി അല്ലു അർജുനെടുത്ത തീരുമാനമാണ് കൈയ്യടി നേടുന്നത്. ചിത്രത്തിൽ ഒരു ഗുഡ്ക കമ്പനിയുടെ പരസ്യം ഉൾപ്പെടുത്താനുള്ള ഓഫറാണ് അല്ലു നിരസിച്ചത്.

കള്ളക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തേയാണ് ചിത്രത്തിൽ അല്ലു അവതരിപ്പിക്കുന്നത്. കഥാപാത്രം മദ്യപിക്കുകയും മുറുക്കുകയും ചെയ്യുന്ന നിരവധി രംഗങ്ങൾ സിനിമയിൽ ഉണ്ട്. ഈ രംഗങ്ങൾ കാണിക്കുമ്പോൾ ബ്രാൻഡിന്റെ ലോഗോ സ്ക്രീനിൽ കാണിക്കണമെന്ന ആവശ്യവുമായാണ് പാൻ മസാലാ-മദ്യ ബ്രാൻഡ് അല്ലു അർജുനേയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരേയും സമീപിച്ചത്. ഇതിനായി 10 കോടിയാണ് ഇവർ അല്ലുവിന് വാഗ്ദാനം ചെയ്തത്. എന്നാൽ എത്ര കോടി തന്നാലും ഇത്തരം ഒരു ഓഫർ സ്വീകരിക്കില്ലെന്ന് അല്ലു അറിയിക്കുകയായിരുന്നു.
അതേസമയം ഇതാദ്യമായല്ല ലഹരിവസ്തുക്കളുടെ പ്രമോഷനോട് അല്ലു അർജുൻ നോ പറയുന്നത്. പുഷ്പ: ദ റൈസിന്‍റെ വിജയത്തിന് ശേഷം ഒരു ടെലിവിഷൻ പരസ്യത്തിനായി ഒരു ഗുഡ്ക കമ്പനി നടന് വൻ തുക വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അന്നും അദ്ദേഹം ഈ ഓഫർ നിരസിച്ചിരുന്നു.
2024 ഓഗസ്റ്റ് 15 നാണ് 'പുഷ്പ: ദി റൂൾ' തിയേറ്ററുകളിലെത്തുക തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ചിത്രത്തിന്റെ ആദ്യ ഭാഗമായ പുഷ്പ; ദ റൈസ് വലിയ വിജയമായിരുന്നു. 170 കോടിയോളം ബജറ്റില്‍ ഒരുക്കിയ ചിത്രം 373 കോടിയോളം രൂപയായിരുന്നു കളക്ഷൻ നേടിയത്. പുഷ്പയിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അല്ലു അർജുന് ലഭിച്ചിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ഇതിനോടകം തന്നെ കൂറ്റൻ തുകയ്ക്ക് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി കഴിഞ്ഞു. ആമസോണ്‍ പ്രൈം പറഞ്ഞ തുകയെക്കാള്‍ മൂന്നിരട്ടി തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 വാങ്ങിയത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സിനിമയിൽ അല്ലു അർജുൻ പ്രതിഫലം ആവശ്യപ്പെട്ടിട്ടില്ലെന്നും പകരം ചിത്രത്തിന്റെ റിലീസിനുശേഷം ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം വിഹിതമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും വാർത്തകൾ ഉണ്ടായിരുന്നു.












Click it and Unblock the Notifications