ഫേസ്ബുക്കിൽ എഴുത്ത് നിർത്തിയതിന് കാരണം..ഒടുവിൽ തുറന്ന് പറഞ്ഞ് അഖിൽ മാരാർ; 'വിഡി സതീശൻ പണിയെടുക്കട്ടെ'
ഫേസ്ബുക്കിൽ നിരന്തരം പോസ്റ്റുകൾ പങ്കുവെച്ചിരുന്ന വ്യക്തിയാണ് ബിഗ് ബോസ് താരം അഖിൽ മാരാർ. എന്നാൽ അടുത്ത കാലത്തായി അദ്ദേഹം ഫേസ്ബുക്കിലൂടെയൊന്നും പ്രതികരിക്കാറില്ല. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷമാണ് അഖിൽ ഫേസ്ബുക്കിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയത്. ഈ പിൻമാറ്റത്തിൽ അഖിനെതിരെ പല കോണുകളിൽ നിന്നും പരിഹാസം ഉയർന്നിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഫേസ്ബുക്കിൽ ആക്ടീവല്ലാത്തത് എന്ന് തുറന്നുപറയുകയാണ് അഖിൽ. ചോദ്യം ശരിയല്ലെന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം. അഭിമുഖത്തിലെ അഖിലിൻറെ വാക്കുകളിലേക്ക്
'പണ്ട് മുതലെ മരണത്തെ കുറിച്ച് ചിന്തിക്കാറുണ്ട്. ഏത് നിമിഷവും തട്ടിപ്പോകും എന്നാണ് ചിന്ത, അത് തന്നെയാണ് ധൈര്യവും. മരിക്കുന്നതിന് മുൻപ് എന്തെങ്കിലും ചെയ്യണം എന്ന് കരുതി. ആനവാൽ മോതിരത്തിലെ ശ്രീനിവാസനെ പോലെ അപാരം ധൈര്യം തോന്നി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചയാളാണ് ഞാൻ. പണ്ടൊക്കെ മരണത്തെ കുറിച്ച് ഭയമായിരുന്നെങ്കിൽ ഇപ്പോൾ മരിക്കുന്നത് വരെ എനിക്ക് ഈ ഭൂമിയിൽ എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.

ഒരു ഘട്ടത്തിൽ ഞാൻ ആലോചിക്കുമായിരുന്നു എന്റെ ജീവിതം ഇങ്ങനെ ആയിപ്പോയല്ലോയെന്ന്. നന്നായി പഠിക്കുമായിരുന്നു, പക്ഷെ പ്ലസ്ടു കൊണ്ട് വിദ്യാഭ്യാസം അവസാനിച്ചു. പ്രകൃതി എന്നെ പതിയെ മാറ്റിക്കൊണ്ടിരിക്കുകയാണല്ലോ, ഭാവിയിൽ എന്തിനെങ്കിലും വേണ്ടിയിട്ടുള്ള പരിപാടിയാണോയിത്,അതാണ് ഫേസ്ബുക്കിൽ 2012 ഞാൻ എഴുതിയത്. ഭാവിയിൽ ഞാൻ ആരെങ്കിലും ആയേക്കും പ്രകൃതി എന്നെ അതിന് നിയോഗിച്ച് കൊണ്ടിരിക്കുകയാണെന്ന് ഞാൻ കുറിച്ചു.
ബിഗ് ബോസ് വിജയിച്ചത് വലിയ കാര്യമായിട്ടല്ല ഞാൻ കാണുന്നത്. പക്ഷെ ഇതിലൂടെ നമ്മൾ പറയുന്നത് കേരളത്തിൽ ചെറുതെങ്കിലുമൊരു ആൾക്കൂട്ടം കേൾക്കുന്നു. എന്റെ ശബ്ദത്തിന് മുഖ്യമന്ത്രി മറുപടി പറയുന്നൊരു അവസ്ഥ അതൊക്കെയാണ്. ഞാൻ ഇപ്പോൾ രണ്ട് മാസമായി ഫേസ്ബുക്കിൽ എഴുതുന്നില്ല. അതിന് കാരണം വിഡി സതീശനെ പോലൊരു പ്രതിപക്ഷ നേതാവ് ഇരിക്കുമ്പോൾ എന്നെ പോലൊരുവൻ പറയുന്നത് അർത്ഥമില്ലെന്ന് ഞാൻ കരുതുന്നു. പുള്ളി എന്റെ പണിയെടുക്കട്ടെ. അവർ ആത്മാർത്ഥമായി പണിയെടുക്കുമ്പോൾ പിന്നിൽ നിന്നും സഹായിക്കാം എന്നേ ചിന്തിക്കുന്നുള്ളൂ. അല്ലാതെ നമ്മൾ എടുക്കുന്ന പണിയിൽ ഓസിന് ഇവരാരും അധികാരത്തിൽ എത്തേണ്ട എന്ന ചിന്തയാണ് പുറകോട്ട് വലിച്ചത്. ഫേസ്ബുക്കിൽ എഴുതുന്നത് പെട്ടെന്ന് ഉണ്ടാകുന്ന തോന്നലാണ്. ചിലത് വീഡിയോ എടുത്ത് വെച്ചിട്ട് അപ്ലോഡ് ചെയ്യാതിരുന്നിട്ടുണ്ട്.
ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സഹായം ചെയ്യുമെന്ന് പോസ്റ്റിട്ടപ്പോൾ കുറച്ച് പേർ നല്ലത് പറയുമെന്നാണ് കരുതിയത്. എന്നാൽ തിരിച്ചടിച്ചു. മുഖ്യമന്ത്രിയെ വിമർശിച്ചതൊക്കെ വലിയ കുറ്റമായി മാറി.ദുരിതാശ്വാസ നിധിയിലേക്ക് പൈസ കൊടുക്കില്ലെന്ന് പറഞ്ഞത് വലിയ അപരാധമായി മാറി. എന്നെ കേരളത്തിലെ വൃത്തികെട്ടവനാക്കി മാറ്റാൻ മാധ്യമങ്ങളും ഇടതുപക്ഷവും ശ്രമിച്ചു.
വിഷയത്തിൽ പ്രതിരോധിക്കാൻ വേണ്ടിയാണ് പിന്നിലുള്ള കാര്യങ്ങൾ പഠിച്ചത്. എന്നാൽ വലിയ തട്ടിപ്പാണ് പിന്നിലെന്ന് മനസിലായി. ഇത് എന്നെ കൊണ്ട് പറയിപ്പിക്കുകയും ഇതിന്റെ ശരികൾ എന്താണെന്ന് എന്നിലൂടെ പുറത്തേക്ക് എത്തിക്കുകയും ചെയ്തത് മറ്റൊരാളാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.












Click it and Unblock the Notifications