'ആദ്യ കാമുകിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു,കെട്ടുമെന്ന് പറഞ്ഞു'; പ്രണയത്തകർച്ചയെ കുറിച്ച് അഖിൽ മാരാർ
കൊച്ചി: ജീവിത്തതിൽ പല പ്രതിസന്ധികളും താൻ നേരിട്ടിട്ടുണ്ടെന്ന് ബിഗ് ബോസ് മലയാളം സീസൺ 5 താരം അഖിൽ മാരാർ. പരിഹാസങ്ങളും പുച്ഛങ്ങളും അവഗണനകളും നേരിട്ടുണ്ട്. പണമുണ്ടാക്കണമെന്നല്ല മറിച്ച് അംഗീകരിക്കപ്പെടുന്ന ഒരു നിലയിൽ എത്തണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും അഖിൽ പറഞ്ഞു. ഫ്ലവേഴ്സ് ഒരു കോടിയിൽ സംസാരിക്കുകയായിരുന്നു അഖിൽ. അഖിലിന്റെ വാക്കുകളിലേക്ക്
'ജീവിതത്തിൽ പല അവഗണനകളും പുച്ഛവും ഒക്കെ നേരിട്ടയാളാണ്. ഇതൊന്ന് മാറി ജനങ്ങൾ അംഗീകരിക്കുന്ന തലത്തിൽ എത്തണമെങ്കിൽ വെറുതെ സർക്കാർ ഉദ്യോഗസ്ഥരായിട്ട് കാര്യമില്ല. പൈസ ഉണ്ടാക്കണമെന്ന ചിന്ത എനിക്ക് ഇല്ല, അംഗീകരിക്കപ്പെടുന്ന പദവിയിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. 2010 ൽ എനിക്ക് ജോലി കിട്ടിയിരുന്നു. 50,000 രൂപ ശമ്പളം ഉള്ള ജോലിയുണ്ടായിരുന്നു. എനിക്ക് എഴുതിയ പി എസ് സിയെല്ലാം കിട്ടിയതാണ്. വേണ്ടെന്ന് എഴുതിക്കൊടുത്താളാണ് ഞാൻ.

എനിക്ക് പഴയൊരു കാമുകിയുണ്ടായിരുന്നു. ഭാര്യയുടെ അടുത്ത് ഇതൊക്കെ പറഞ്ഞിട്ടുണ്ട്. ഒരു പെണ്ണ് കളഞ്ഞിട്ട് പോയാൽ അവൾക്ക് അഭിമാനം തോന്നുന്ന ഒരു തലത്തിൽ എത്തി കാണിച്ചുകൊടുക്കുകയെന്നതല്ലേ വലിയ പ്രതികാരം. അല്ലാതെ പ്രണയിച്ച് ഒഴിവാക്കിയാൽ അവരെ ഇല്ലാതാക്കുകയല്ല ചെയ്യേണ്ടത്. ഒരിക്കലും ആ കുട്ടിയോട് വിരോധമില്ല. അന്നാണ് ജീവിതത്തിൽ എന്തെങ്കിലും ആകണമെന്ന് ആഗ്രഹിച്ചത്. അന്ന് ഞാൻ ജോലി രാജിവെച്ചു. ആ സമയത്ത് ഒരു യുഎസ് കമ്പനിയിലായിരുന്നു ജോലി ചെയ്തത്. മെഡിക്കൽ റെപ് ആയിരുന്നു. പിന്നീട് മറ്റൊരു മെഡിക്കൽ കമ്പനിയുടെ ടെറിട്ടറി മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. അതൊക്കെ വേണ്ടെന്ന് വെച്ചാണ് ഞാൻ പോയത്.
കോളേജിൽ പഠിക്കുന്ന കാലത്താണ് ആദ്യത്തെ ആ പ്രണയം. വിവാഹം കഴിക്കാൻ തന്നെയായിരുന്നു പ്രണയിച്ചത്. ഞാനൊരിക്കലും തമാശക്ക് പ്രേമിക്കുന്നയാൾ ആയിരുന്നില്ല. ജാതീയമായൊരു വലിയ വ്യത്യാസം ഞങ്ങൾക്ക് ഉണ്ടായിരുന്നു. ആ കുട്ടിയെ സംബന്ധിച്ച് ഭാവിയിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെന്ന ഭയം ആ കുട്ടിക്ക് ഉണ്ടായിരുന്നു. ആ കുട്ടിയെ ഞാൻ വീട്ടിലേക്ക് വിളിച്ച് കൊണ്ടുവന്നിരുന്നു. 20 വയസിലാണ്, ഇതാണ് ഞാൻ കെട്ടാൻ പോകുന്ന കുട്ടിയെന്ന് അച്ഛനോടും അമ്മയോടും പറഞ്ഞു.
നീ ജോലിക്ക് പോയി കല്ല്യാണം കഴിച്ചോയെന്നായിരുന്നു അവരുടെ നിലപാട്. ജോലിയൊക്കെ വാങ്ങി മുന്നോട്ട് പോകുമ്പോൾ കാഴ്ചപ്പാടിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട്. ഞാൻ എന്റെ ഭാവിയെ കുറിച്ച് വ്യക്തമായി ആലോചിച്ച് മുന്നോട്ട് പോകുന്നയാളാണ്. ആ കുട്ടിയെ വിവാഹം കഴിച്ചാൽ ഡിവോഴ്സ് ആകേണ്ടി വരുമെന്ന് ആലോചിച്ചിരുന്നു. ഈ കഥകളൊക്കെ ഞാൻ ലക്ഷ്മിയുടെ അമ്മയോടൊക്കെ പറഞ്ഞിരുന്നു. ഞാൻ ജോലിക്ക് പോകില്ലെന്ന് അവരോട് പറയുന്നു. കാരണം ജോലിക്ക് പോയാൽ ഞാൻ സന്തോഷവാനായിരിക്കില്ലായിരുന്നു. അവർക്ക് അതൊന്നും ഒരു വിഷയമായിരുന്നില്ല.
സിനിമയിൽ സജീവമാകാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്ന് വെച്ച് വാഴപിണ്ടി നട്ടെല്ലുമായി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഈ സമൂഹത്തിലാണ് ജീവിക്കുന്നത്. ഞാൻ പ്രതികരിക്കും. അതിന്റെ പേരിൽ ഈ ജീവിതം പോയാൽ പോകട്ടെയെന്ന് വെയ്ക്കും.












Click it and Unblock the Notifications