സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അക്കാര്യം വേണം:'ഡിമാന്‍ഡ്' വ്യക്തമാക്കി ശോഭ വിശ്വനാഥ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ സഹമത്സരാർത്ഥികളായി എത്തിയ എല്ലാവരോടും സ്നേഹവും ബഹുമാനവും മാത്രമാണുള്ളതെന്ന് ശോഭ വിശ്വനാഥ്. നല്ല രീതിയില്‍ കളിക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ച് തന്നെയാണ് ബിഗ് ബോസ് വീട്ടിലേക്ക് പോയത്. ആരോടും വല്ലാതെ ഒട്ടിനിന്നില്ല. അതുകൊണ്ട് തന്നെ ഒരു ഗ്രൂപ്പിന്റേയും ഭാഗമായില്ലെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശോഭവ വിശ്വനാഥ് പറയുന്നു.
ഗ്രൂപ്പുകളുടെ ഭാഗമാവാതെ ഒറ്റയ്ക്ക് കളിയ്ക്കാനായിരുന്നു തീരുമാനം. ഇടയ്ക്ക്ഒരു എവിക്ഷന്‍ നാടകം വന്നപ്പോള്‍ വല്ലാതെ ദേഷ്യം വന്നു. സഹമത്സരാർത്ഥികളാരോടും തന്നെ ദേഷ്യമില്ലാതെ പുറത്തിറങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന് സാധിച്ചു. വിഷയങ്ങളെല്ലാം അവിടെ പറഞ്ഞ് തീർത്തുവെന്നും താരം വ്യക്തമാക്കുന്നു.

സാരിയുടുക്കുന്നതാണ് ഏറെയിഷ്ടം. കൈത്തറിയെ പ്രോല്‍സാഹിപ്പിക്കുകയെന്ന ആഗ്രഹത്തിന്റെ കൂടെ ഭാഗമാണ് അതെന്ന് പറയാം. സാരിയുടുക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെയില്ല. മറ്റേതൊരു വസ്ത്രത്തേയും പോലെ കംഫർട്ടബിളാണ് സാരിയും. ഓടാനും ചാടാനുമൊന്നും ബുദ്ധിമുട്ടില്ല. ബിഗ് ബോസിലേക്ക് നൂറു ദിവസത്തെ സാരിയും കൊണ്ട് പോയ വ്യക്തിയാണ് ഞാന്‍.
കൈത്തറി സാരികള്‍ക്കൊപ്പം തന്നെ അമ്മയുടേയും സുഹൃത്തുകളുടേയും സാരികള്‍ കൊണ്ടുപോയിരുന്നു. ഒരോ സാരിയും എനിക്ക് വ്യക്തിപരമായി പ്രിയപ്പെട്ടതായിരുന്നു. ഫൈനലില്‍ എൻ്റെ കല്യാണ സാരിയാണ് ഞാന്‍ ഉടുത്തത്. മോഹന്‍ലാല്‍ 'ശോഭേ..' എന്ന് വിളിക്കുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. ഞാന്‍ ബിഗ് ബോസ് വേദിയിലേക്ക് കയറിയപ്പോള്‍ തന്നെ ലാലേട്ടനോട് ഒരു രൂപ ചോദിച്ചിരുന്നു. അങ്ങനെ ലാലേട്ടനും ഞങ്ങളുടെ ഭൂമിക പദ്ധതിക്ക് വേണ്ടിയുള്ള ഒരു രൂപ ചലഞ്ചിന്റെ ഭാഗമായി.
നല്ല പ്രോജക്ടുകള്‍ കിട്ടുകയാണെങ്കില്‍ സിനിമയിലേക്ക് വരും. കുറേയേറെ യാത്രകള്‍ ചെയ്യണം. അത് വ്ളോഗാക്കണം, അങ്ങനെയൊരു പദ്ധതി മുന്നിലുണ്ട്. ജീവിതത്തില്‍ കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് ആരാണെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം അമ്മ എന്ന് തന്നെയാണ്. സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് നിർബന്ധമുള്ള വ്യക്തിയായിരുന്നു അമ്മ.
അമ്മയ്ക്ക് ജോലിയുണ്ടായിരുന്നു. വരുമാനത്തിന്റെ വില അറിയാം. പിന്നെ അച്ഛന്‍, ചേട്ടന്‍ എന്നിവരെല്ലാം എന്നെ സ്വാധീനിച്ച വ്യക്തികളാണ്. ഞാന്‍ ബിഗ് ബോസിലേക്ക് പോകുന്നതില്‍ ചേട്ടന് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. ആ ചേട്ടന്‍ ബിഗ് ബോസില്‍ എനിക്ക് വേണ്ടി വോട്ട് ചെയ്തു എന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. ഒരു ചേച്ചിയുണ്ട് - ഷീബ. ആവശ്യം വന്നാല്‍ അവരൊക്കെ കൂടെയുണ്ടാവുമെന്നും ശോഭ വിശ്വനാഥ് വ്യക്തമാക്കുന്നു.
ഒരു പഴയ സുഹൃത്തിന്റെ ചതി എന്നെ 2021 ല്‍ പൊലീസ് സ്റ്റേഷനിലും കോടതിയിലുമെത്തിച്ചു. നോ പറഞ്ഞതിന്റെ പേരിലായിരുന്നു അത്. വിവേഴ്സ് വില്ലേജിന്റെ ഒരു ജീവനക്കാരിയെ സ്വാധീനിച്ച് അയാള്‍ സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെപ്പിക്കുകയായിരുന്നു. അത് നാർകോട്ടിക് കേസായി. എന്നാല്‍ വെച്ചയാള്‍ ഒടുവില്‍ സത്യം പറഞ്ഞു. ഇതിന് പിന്നില്‍ പ്രവർത്തിച്ചയാള്‍ ഇപ്പോഴും സ്വതന്ത്രനായി ജീവിക്കുകയാണ്.
അന്നത്തെ ആ സംഭവം ഒരുവലിയ പാഠമായിരുന്നു. ഒരു പ്രതിസന്ധി വന്നാല്‍ ആരൊക്കെ കൂടെ നില്‍ക്കുമെന്ന് അന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ഇപ്പോള്‍ സമാനമായ ഒരു കേസ് തൃശ്ശൂരിലുമുണ്ടായി എന്ന് അറിഞ്ഞപ്പോള്‍ പഴയ കാര്യങ്ങളൊക്കെ വീണ്ടും ഓർത്തു. ഗാർഹിക പീഡനം സഹിക്കാവുന്നതിലും അപ്പുറമായപ്പോള്‍ ഭർത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്ന വ്യക്തിയാണ് ഞാന്‍.
ഇനിയും ഭർത്താവിന്റെ വീട്ടില്‍ തുടരുന്നത് മരിക്കുന്നതിന് തുല്യമായ അവസ്ഥയായിരുന്നു. അങ്ങനെയൊരു സന്ദർഭത്തിലാണ് ആ ജീവിതം വേണ്ടെന്ന് തീരുമാനിക്കുന്നത്. ഡിവോഴ്സ് കേസ് ഇപ്പോഴും കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ താരം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications