അങ്ങനെയാണെങ്കില്‍ 85 ദിവസം വരെ ഞാന്‍ നിന്നേനെ: കുട്ടികളെയെങ്കിലും മാറി ചിന്തിപ്പിക്കണമെന്നും ശ്രുതി
ബിഗ് ബോസില്‍ പോവുന്നവർക്ക് അല്‍പം പിആർ വർക്കൊക്കെയുള്ളത് വേണ്ടതാണെന്ന് ശ്രുതി ലക്ഷ്മി. എന്നാല്‍ തനിക്ക് യാതൊരു വിധ പിആർ വർക്കും ഉണ്ടായിരുന്നില്ലെന്നും താരം പയുന്നു. കൈരളി ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ബിഗ് ബോസിന് പുറത്ത് എനിക്ക് വലിയ പിആർ വർക്ക് ഉണ്ടെന്നായിരുന്നു അതിന് അകത്തുണ്ടായിരുന്ന പലരും പറഞ്ഞത്. യഥാർത്ഥത്തില്‍ എന്റെ പിആർ എവിന്‍ ആയിരുന്നു. പുള്ളിയാണ് എല്ലാവർക്കും മെസേജ് അയച്ചിരുന്നത്. അത് തന്നെ എല്ലാവരോടുമില്ല. അറിയുന്നവരോട് ശ്രുതിക്ക് വോട്ട് ചെയ്യുമല്ലോ എന്ന് ചോദിക്കും. അത് മാത്രമായിരുന്നു തന്റെ പിആർ എന്നും ശ്രുതി വ്യക്തമാക്കി.
ഇത്തരമൊരു ഷോയ്ക്ക് പോവുമ്പോള്‍ അത്യാവശ്യം പിആർ വർക്കും നമുക്ക് വേണ്ടി മെനക്കെടാന്‍ ആളുകളുമൊക്കെ ഉള്ളത് നല്ലതാണ്. നമ്മളെ ജനം സ്വഭാവികമയും ഇഷ്ടപ്പെടുമെന്ന് മാത്രം പറഞ്ഞുകൊണ്ട് ബിഗ് ബോസ് പോലെത്തെ ഒരു ഷോയിലേക്ക് പോയിട്ട് കാര്യമില്ലെന്നാണ് ഞാന്‍ ഇപ്പോള്‍ വിശ്വാസിക്കുന്നത്. ഒരു അമ്പത് പേർ ശ്രുതി നല്ല മത്സരാർത്ഥിയാണെന്ന് പറഞ്ഞാല്‍ ബാക്കിയുള്ള ഒരു അമ്പത് പേർ കൂടി അങ്ങനെ പറയും. അത് അങ്ങനെയാണ്. ഒരു സിനിമയ്ക്ക് പോലും ഇങ്ങനെ പറഞ്ഞ്, പറഞ്ഞാണ് പ്രമോഷന്‍ ലഭിക്കുന്നത്.

എനിക്ക് വേണ്ടി പുറത്ത് വർക്ക് ചെയ്യാന്‍ ഒരു ടീം ഉണ്ടായിരുന്നെങ്കില്‍ ഒരു 80-85 ദിവസം വരെ ഞാന്‍ ഷോയില്‍ നില്‍ക്കുമെന്ന കാര്യം എനിക്ക് ഉറപ്പാണ്. ഒരു പിആർ വർക്കോ മറ്റ് തരത്തിലുള്ള ഇടപെടലുകളോ ഇല്ലാതെയാണ് 56 ദിവസം ഞാന്‍ ബിഗ് ബോസില്‍ നിന്നത്. അതില്‍ ഞാന്‍ വലിയ സന്തോഷവതിയാണ്. സിനിമാ-സീരിയല്‍ രംഗത്ത് നിന്നാണ് ഞാനും ഷിജു ചേട്ടനുമൊക്കെ ഈ ഷോയിലേക്ക് വരുന്നത്. എന്നെ സംബന്ധിച്ച് ബിഗ് ബോസ് എന്ന് പറയുന്നത് ബോണസ് ആണെന്ന് ശ്രുതി പറയുന്നു.
ഞാന്‍ പുറത്തും വീട്ടിലും എന്താണോ അങ്ങനെ തന്നെയാണ് ബിഗ് ബോസിലും ഇടപെട്ടത്. ഒരു ആണും പെണ്ണും കെട്ടിപ്പിടിക്കുന്നതില്‍ എന്താണ് പ്രശ്നം. കസിന്‍സൊക്കെയുമായി ഞാന്‍ അങ്ങനെയാണ് ഇടപെടാറുള്ളത്. ചിലർക്കിപ്പോഴും ഇതൊക്കെ വലിയ പ്രശ്നമാണ്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. ഇനി വരുന്ന കുട്ടികളുടെ ഉള്ളിലേക്കും കൂടി ഇങ്ങനത്തെ ചിന്ത കൊടുക്കാന്‍ പാടില്ല.
സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് നിന്ന് തന്നെ ഇത് തുടങ്ങുന്നുണ്ട്. ആണ്‍കുട്ടികള്‍ക്ക് ഇരിക്കാന്‍ ഒരു സ്ഥലം, പെണ്‍കുട്ടികള്‍ക്ക് ഇരിക്കാന്‍ വേറൊരു സ്ഥലം എന്ന വേർതിരിവൊക്കെ എന്തിനാണ്. സ്കൂള്‍ പഠിക്കുന്ന കാലത്തൊക്കെ ആണ്‍കുട്ടികളായിരുന്നു എന്റെ കൂട്ടുകാരില്‍ അധികം. കറക്ട് പ്രൊഫൈല്‍ പോലും ഇല്ലാത്ത ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നത്.
നമ്മള്‍ ആളുകളെ നേരില്‍ കാണുമ്പോള്‍ കിട്ടുന്ന ചില പ്രതികരണങ്ങളുണ്ട്. അതാണ് യാഥാർത്ഥ്യം. അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെ ചിലർ പങ്കുവെക്കുന്ന അഭിപ്രായ പ്രകടനങ്ങളുടെ പിന്നാലെ പോവേണ്ട യാതൊരു ആവശ്യവുമില്ല. വ്യാജ പ്രൊഫൈലുകളും വെച്ച് ആളുകള്‍ പലതും പറയും. അത് അവരുടെ വിവരമില്ലായ്മ എന്നെ പറയാന്‍ പറ്റൂ. നല്ല സംസ്കാരവും ചിന്താഗതിയും ഉള്ളവരും നല്ലത് മാത്രമേ പറയൂ. അല്ലാത്തവർ ഇത്തരം മോശം കാര്യങ്ങള്‍ പറയും. അവരെ സ്വന്തം അമ്മമാരും പെങ്ങള്‍മാരും വരെ ഒന്ന് സൂക്ഷിച്ചോളൂ എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളതെന്നും ശ്രുതി പറയുന്നു.
ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിച്ച് വളർന്ന ഒരു പെണ്‍കുട്ടിയാണ് ഞാന്‍. ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ തൃശ്ശൂരില്‍ ഒരു സ്ഥാപനവും നടത്തുന്നുണ്ട്. നമ്മുടെ കുടുംബത്തിനും മക്കള്‍ക്കും വേണ്ടി കൂടിയാണല്ലോ നമ്മള്‍ ജീവിക്കുന്നത്. നമുക്ക് സാമ്പത്തികപരമായ ഒരു ഭദ്രത വേണമെന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണെന്നും ശ്രുതി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications