ജാസ്മിന്റെ ഉപ്പക്ക് ബിഗ് ബോസ് താക്കീത്, ആവർത്തിക്കരുത്: കൈപിടിക്കാന്‍ ഗബ്രിയെ ഉണ്ടായിരുന്നുവെന്ന് ജാസ്മിന്‍
ജാസ്മിന്റെ ഉപ്പയും ഉമ്മയും ബിഗ് ബോസ് വീടിനുള്ളിലേക്ക് എത്തിയതോടെ നാടകീയമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ടെഡി ബിയറും സ്വർണ മാലയുമായിട്ടായിരുന്നു ഇരുവരും വീട്ടിലേക്ക് എത്തിയത്. ജാസ്മിന്റെ കാമുകനായിരുന്ന അഫ്സല്‍ നേരത്തെ അയച്ച ടെഡി ബിയറാണ് ഇതെന്ന രീതിയിലും സംസാരമുണ്ട്. പുതിയ മാല ധരിപ്പിക്കുന്നതിനോടൊപ്പം തന്നെ ഗബ്രി കൊടുത്ത മുത്ത് മാല ജാസ്മിന്റെ ഉപ്പ ജാഫർ ഊരിവാങ്ങുകയും ചെയ്തു.
ജാസ്മിന്റെ ബെഡ്ഡിന് അരികില്‍ വെച്ച ഗബ്രിയുടെ ഫോട്ടോയും വാപ്പ എടുത്ത് മാറ്റി. ഇതെല്ലാം ആയതോടെ തന്നെ ജാസ്മിന്റെ മനസ്സില്‍ വലിയ രീതിയിലുള്ള സംശയങ്ങള്‍ രൂപപ്പെടുകയും അത് കരച്ചിലായി പുറത്തേക്ക് വരികയും ചെയ്തിരുന്നു. തുടർന്ന് ബിഗ് ബോസ് ഷോയ്ക്ക് ഉള്ളില്‍ സംഭവിച്ചതിനെക്കുറിച്ച് ജാസ്മിന്‍ കരഞ്ഞുകൊണ്ട് തന്നെ ഉമ്മായോട് വിശദീകരിക്കുന്നുമുണ്ട്.

ഗബ്രിയുടെ ഫോട്ടോ എടുത്ത് മാറ്റാന്‍ ജാസ്മിന്‍ തുടക്കത്തില്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ ഇത് ഇനി വേണ്ട എന്ന് പറഞ്ഞുകൊണ്ട് തന്നെ ജാഫർ ഗബ്രിയുടെ ഫോട്ടോ എടുത്ത് തന്റെ കയ്യില്‍ വെച്ചു. എന്ത് ദുഃഖമുണ്ടായാലും അവിടെ യുള്ള ഫാമിലി ഫോട്ടോ നോക്കി സംസാരിച്ചൂടേയെന്നുമായിരുന്നു ഉപ്പ പറഞ്ഞത്.
എനിക്ക് ഇവിടെ വന്നപ്പോള്‍ ആകെ ഉണ്ടായിരുന്ന ഒരു കൂട്ടായിരുന്നു. അതിനെ എന്തിനാണ് വേറൊരു രീതിയില്‍ എടുക്കുന്നത്. എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴാണ് അവനൊരു കൂട്ടായി മാറിയത്. നിങ്ങളൊക്കെ കൂടെ ഉണ്ടെങ്കിലും നിങ്ങളൊക്കെ പുറത്തല്ലേ. ഇവിടെ എല്ലാവരും എന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ എന്റെ കൈപ്പിടിച്ച് കൂടെയുണ്ടെന്ന് പറഞ്ഞത് അവന്‍ മാത്രമായിരുന്നു.
സായി മുമ്പ് അറിയാവുന്നത് കൊണ്ട് തന്നെ അവനെ എനിക്ക് വിശ്വാസമാണ്. അവന്‍ ഇവിടെ വന്നിട്ട് നിങ്ങള്‍ ഇന്റർവ്യൂ കൊടുത്ത കാര്യമൊക്കെ പറഞ്ഞു. പതിമൂന്ന് വോയ് കൊടുത്തതും പറഞ്ഞു. അവന്റെ പേര് (അഫ്സല്‍) പോലും ഞാന്‍ ഇവിടെ വന്ന് പറഞ്ഞത് അവനില്‍ വിശ്വാസം ഉള്ളതുകൊണ്ടാണ്. എന്നിട്ടും, പുറത്ത് നിങ്ങള്‍ കാണുന്നത് പോലെയല്ല, ഇവിടെ വീടിന് അകത്തെന്നും ജാസ്മിന്‍ പറയുന്നു.
എന്നാല്‍ അതൊന്നും ആലോചിക്കാതെ നല്ല രീതിയില്‍ കളിക്കാനായിരുന്നു ഉമ്മയുടെ നിർദേശം. പുറത്തൊരു ജീവിതമുണ്ട്. നല്ല രീതിയില്‍ കളിക്കുക. ഏത് നിമിഷവും ഉമ്മ കൂടെയുണ്ട്. നീ ഇവിടെ വന്ന് കിടക്കുമ്പോള്‍ ഉമ്മയും കൂടെയുണ്ടെന്ന് കരുതുക. ഞാന്‍ ഇത് 24 മണിക്കൂറും കണ്ടു കൊണ്ടിരിക്കുകയാണ്. ചെറിയ തെറ്റുകളൊക്കെ സംഭവിച്ചിട്ടുണ്ടാകും അതൊക്കെ ഗെയിമിന്റെ ഭാഗം മാത്രമാണ്. അതെല്ലാം കഴിഞ്ഞെന്നും ഉമ്മ പറഞ്ഞു. അതെ എല്ലാം ഗെയിമിന്റെ ഭാഗമാണെന്ന് ജാസ്മിനും പറഞ്ഞു.
വയസ്സിന് മൂത്തവരെ എടാ പോടാ എന്നൊന്നും വിളിക്കരുതെന്നായിരുന്നു ഉപ്പ ജാസ്മിന് നല്‍കിയ മറ്റൊരു നിർദേശം. സംസാരിക്കണം, പറയാനുള്ളത് പറയണം. പക്ഷെ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത്തായെയാണ് അത് ബാധിക്കുന്നത്. സങ്കടം വരുമ്പോള്‍ ഞങ്ങളെക്കുറിച്ചും മുത്തശ്ശിയെക്കുറിച്ച് ഓർക്കണം. അല്ലാതെ ഇവിടെ ഉണ്ടായ കാര്യങ്ങള്‍ ഓർത്തിരിക്കരുതെന്നും ജാസ്മിന്റെ വാപ്പ പറയുന്നു.
ഇതിന് ഇടയില്‍, പുറത്തെ കാര്യം പറഞ്ഞതിന് ജാസ്മിന്റെ വാപ്പായെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വലിയ സംസാര വിഷയമായിരുന്ന "അപ്സരയെ അടിച്ച് ജാസ്മിന്‍ പുറത്തായി" എന്ന വ്യാജവാർത്തയെക്കുറിച്ച് മത്സരാർത്ഥികളോട് പറഞ്ഞതിനായിരുന്നു ബിഗ് ബോസിന്റെ മുന്നറിയിപ്പ്. ഇനി ഇത്തരം കാര്യങ്ങള്‍ ആവർത്തികരുതെന്ന മുന്നറിയിപ്പ് നല്‍കിയ ബിഗ് ബോസ് ഗബ്രിയുടെ ഫോട്ടോ അവിടെ വെച്ചിട്ട് പുറത്തേക്ക് പോകാനും പറഞ്ഞു.












Click it and Unblock the Notifications