'ദിലീപ് ഒരു ഡയലോഗിന് വേണ്ടി പോലും അപേക്ഷിച്ചു, അന്ന് മാറ്റിനിർത്തി, ഇപ്പോൾ എവിടെയെന്ന് കണ്ടില്ലേ?'; വിജു വർമ്മ
മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ദിലീപ്. മൂന്നര പതിറ്റാണ്ട് കാലമായി സിനിമയിൽ സജീവമായ താരം ചെറിയ വേഷങ്ങളിലൂടെയാണ് കടന്നുവന്നത്. മിമിക്രിയിൽ നിന്നാണ് ദിലീപ് സിനിമയുടെ ലോകത്തേക്ക് എത്തിയത്. അടുത്തകാലത്ത് വരെ മലയാള സിനിമയിൽ അത്രയേറെ ശക്തമായ സാന്നിധ്യമായിരുന്നു ദിലീപ്. എന്നാൽ വിവിധ വിവാദങ്ങളും പ്രശ്‌നങ്ങളും താരത്തിന്റെ കരിയറിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.
അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ മോശം പ്രകടനമാണ് ബോക്‌സ് ഓഫീസിൽ കാഴ്‌ച വച്ചത്. അവസാനമായി ഹിറ്റെന്ന് പറയാനുള്ളത് അരുൺ ഗോപി സംവിധാനം ചെയ്‌ത രാമലീല മാത്രമാണ്. എങ്കിലും കൂടുതൽ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ജനപ്രിയ നായകൻ തിരിച്ചുവരവിന് ഒരുങ്ങുമ്പോൾ വെല്ലുവിളിയാവുന്നത് താരത്തിനെതിരായ കേസും മറ്റുമാണ്. നടിയെ ആക്രമിച്ച കേസ് വീണ്ടും പൊതുമധ്യത്തിലേക്ക് വന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഇപ്പോഴിതാ മൂന്ന് പതിറ്റാണ്ട് മുൻപുള്ള ദിലീപുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകൻ വിജു വർമ്മ. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രവുമായി ബന്ധപ്പെട്ട് ലൊക്കേഷനിൽ നടന്ന സംഭവവികാസങ്ങളാണ് വിജു വർമ്മ ഓർത്തെടുത്തത്. അന്നത്തെ ദിലീപ് അല്ല പിന്നീട് കണ്ടതെന്നും ഒടുവിൽ ഇപ്പോഴത്തെ സ്ഥിതി എന്തായെന്നും സംവിധായകൻ ചോദിക്കുന്നു. മാസ്‌റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
വിജു വർമ്മയുടെ വാക്കുകൾ
പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ അനുഭവം പറയുമ്പോൾ വിവാദമാവുമോ എന്ന് എനിക്ക് ഭയമുണ്ട്. മനോജ് കെ ജയനാണ് അതിലെ നായകൻ, ഉർവശി നായിക. പിന്നെ ദിലീപ്, നന്ദു, യദു, നാദിർഷ ഉണ്ടോയെന്ന് എനിക്ക് സംശയമുണ്ട്, പിന്നെ അബിയുമുണ്ട്. ഇവരൊക്കെ എന്ന് പറയുന്നത് ചെറുപ്പക്കാരുടെ ഒരു കാളികൂളി സംഘമുണ്ടല്ലോ, അതാണ്. മനോജ് കെ ജയൻ അന്ന് താരമാണ്. മെയിൻ ലീഡ് ചെയ്യുന്നത് അദ്ദേഹമാണ്, ജഗതിയും ജനാർദ്ദനനുമുണ്ട്.
അന്ന് ദിലീപും സംഘവും വിജി തമ്പി സാറിന്റെ അടുത്ത് വന്നൊരു പരാതി പറഞ്ഞു. കോസ്‌റ്റ്യും ചോദിക്കുമ്പോൾ ആ കൂട്ടയിലെ എടുത്തിടാൻ പറയുന്നു. മറ്റുള്ളവർക്ക് ഒക്കെ തയ്ച്ചു ഒക്കെയാണ് കൊടുക്കുന്നത്. അന്നേരം ഇവരൊന്നും താരങ്ങളൊന്നും ആയിട്ടില്ല. ചാക്കിൽ ഉള്ളത് എടുത്തിട്ടോളാൻ ആയിരുന്നു അവരോട് പറഞ്ഞത്. അതിനൊക്കെ ഞാൻ സാക്ഷി ആയിരുന്നു.
ഈ പടം കഴിഞ്ഞു, പിന്നെ ഒരു രണ്ടോ മൂന്നോ പടം കഴിയുമ്പോഴേക്കും ദിലീപ് താരമായി മാറിയിരുന്നു. മനോജ് കെ ജയൻ പിന്നെ സീനിലേ ഇല്ലാതായി. സിനിമ പലപ്പോഴും അങ്ങനെയാണ് മാറാറുള്ളത്. ഒരു വെള്ളിയാഴ്‌ചയാണ് എല്ലാം തീരുമാനിക്കുന്നതെന്ന് ഒരിക്കലും വെറുതെ പറയുന്നതല്ല. അത് നേരിട്ട് കണ്ടൊരു ആളാണ് ഞാൻ.
അന്ന് സനൽ ആയിരുന്നു അസോസിയേറ്റ്. തംബുരുവിലയിരുന്നു എല്ലാവരുടെയും താമസം. അപ്പോൾ റൂമിലേക്ക് ദിലീപ് വരും. കുറച്ചുകൂടി ഡയലോഗ് ഒക്കെ ചേർക്ക് സനലേ എന്ന് ദിലീപ് അവിടെ വന്ന് ചോദിക്കുമായിരുന്നു. ഞാൻ സൈന്യം ഷൂട്ട് നടക്കുമ്പോഴാണ് വരുന്നത് എന്നും പറയുമായിരുന്നു. എന്തെങ്കിലും ഒക്കെ എഴുതിച്ചേർക്കാൻ പുള്ളി ആവശ്യപ്പെടുമായിരുന്നു.
ഇങ്ങനെയുള്ള ദിലീപ് പിന്നെ മലയാള സിനിമയുടെ നെടുംതൂൺ ആവുകയും ആരെന്ത് ചെയ്യണം എന്ന് തീരുമാനിക്കുകയും ചെയ്യുന്ന ഒരു പവർ സെന്റർ ആയി മാറുകയും ചെയ്‌തു. അത് അയാളുടെ കഠിനാധ്വാനത്തിന്റെയും മറ്റും ഫലമാണ്. മറ്റ് കാര്യങ്ങൾ ഒക്കെ ഒഴിവാക്കാം. വിയോജിപ്പുകൾ ഒരുപാടുണ്ട്. എങ്കിലും അത് പറയാതെ വയ്യ. ഇന്ന് ദിലീപ് എവിടെയാണെന്ന് നോക്കൂ. അതാണ് സിനിമയുടെ ഒരു മാജിക് എന്ന് പറയുന്നത്.












Click it and Unblock the Notifications