ആ സീന്‍ എടുക്കാന്‍ എനിക്ക് മടി: പക്ഷെ ദിലീപ് വിട്ടില്ല, പ്രേക്ഷകരുടെ പള്‍സ് അദ്ദേഹത്തിന് അറിയാമായിരുന്നു
ദിലീപ്-സുന്ദർദാസ് കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് സിനിമകളിലൊന്നായിരുന്നു കുബേരന്‍. ഇപ്പോഴിതാ വർഷങ്ങള്‍ക്ക് ശേഷം ആ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ സുന്ദർദാസ്. ചിത്രം ഷൂട്ട് ചെയ്യാനായി ആദ്യം കുടകിലെ പല ലൊക്കേഷനുകളും അന്വേഷിച്ചെങ്കിലും ഒടുവില്‍ ഊട്ടിയിലാണ് ഷൂട്ടിങ് നടത്തിയതെന്നാണ് സുന്ദർദാസ് പറയുന്നത്. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥക്ക് അനുയോജ്യമായ തരത്തിലുള്ള ബംഗ്ലാവ് കുടകില്‍ ലഭിക്കാത്തതിനാലാണ് ഷൂട്ടിങ് ഊട്ടിയിലേക്ക് മാറ്റേണ്ടി വന്നത്. തിരക്കഥ എഴുതി പൂർത്തിയാക്കി ദിലീപിനെ പറഞ്ഞ് കേള്‍പ്പിക്കുകയാണ്. അണ്ടർവെയർ അലക്കി ഓവനില്‍ വെച്ച് ഉണക്കുന്ന ഒരു സീനുണ്ട്. ഞാന്‍ പറഞ്ഞു ദിലീപേ അത് എഴുതിയെന്നേയുള്ളു, വേണമെങ്കില്‍ എടുത്താല്‍ മതിയെന്ന്. എന്നാല്‍ അത് ഉഗ്രന്‍ സീനാണ്. ഒരു കാരണവശാലും മാറ്റരുത് എന്നായിരുന്നു ദിലീപ് പറഞ്ഞത്.

ദിലീപിന് പ്രേക്ഷകരുടെ പള്‍സ് അറിയാം. സ്റ്റേജിലൂടെ കളിച്ച് വന്ന ആളായതിനാല്‍ തന്നെ പ്രേക്ഷകരെ നന്നായി അറിയാം എന്നതാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്. ദിലീപും ജയറാമുമൊക്കെ അങ്ങനെ തന്നെ. ആ ഷോട്ട് ഒരിക്കലും വിട്ടുകളയരുത് എന്ന് പറഞ്ഞു. പൈപ്പ് എന്ന് പറയുമ്പോള്‍ ഷവർ ഒടിച്ചു കൊണ്ടിരിക്കുന്ന ഒരു സീനുണ്ട്. ആ സീന്‍ പിന്നെ എടുക്കാമെന്ന് പറഞ്ഞ് മാറ്റി. എന്നാല്‍ ദിലീപിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ആ സീനും എടുക്കുന്നത്.
തിയേറ്ററില്‍ പോയി സിനിമ കാണുമ്പോള്‍ കൂടുംബക്കാർക്ക് പുറമെ അറിയാവുന്ന പുരോഹിതന്മാരൊക്കെയുണ്ട്. ദിലീപും മണിയുമൊക്കെയുള്ള ഒരു സീനില്‍ "ഇവളെ നമുക്ക് മഠത്തില്‍ ചേർക്കണം. ആദ്യം സിസ്റ്ററാകും പിന്നെ മദറാകുമല്ലോ? അവിടെ ഫാദേഴ്സ് ഉണ്ടല്ലോ?" എന്ന് പറയുന്ന ഒരു സീനുണ്ട്. ആദ്യം ഇത് എഡിറ്റ് ചെയ്ത് കളയണം എന്ന് കരുതിയതാണ്. തിയേറ്ററില്‍ ആ സീന്‍ വന്നപ്പോള്‍ ഞാന്‍ കണ്ണുപൊത്തി ഇരിക്കുകയാണ്. പക്ഷെ അടുത്തുള്ള അച്ഛന്മാരൊക്കെ നല്ല ചിരിയാണെന്നും സുന്ദർദാസ് പറയുന്നു.
റണ്‍വേ ആയാലും ലയണ്‍ ആയാലുമൊക്കെ അതില്‍ നല്ല കോമഡികളുമുണ്ട്. ആ ഒരു കാറ്റഗറിയിലെ വേഷങ്ങള്‍ ചെയ്യാന്‍ ദിലീപ് മാത്രമേയുള്ളു. ജയസൂര്യ ഇടക്ക് ഉയർന്ന് വന്നിരുന്നു. പക്ഷെ ദിലീപിന് ആ ഒരു ഇടം അവിടെയുണ്ട്. പണ്ട് ജയറാം ചെയ്തുകൊണ്ടിരുന്ന വേഷങ്ങളിലേക്കാണ് ദിലീപ് വരുന്നത്.
കുബേരന്‍ വിജയകരമായതിന് ശേഷം ഞാന്‍ ദിലീപിനെ വിളിച്ച് സംസാരിക്കുകയും നിങ്ങള്‍ പറഞ്ഞതൊക്കെ കറക്ടാണെന്ന് പറയുകയും ചെയ്തു. ആ ചിത്രത്തില്‍ ദിലീപിന്റേതായിട്ട് ഒരുപാട് സംഭാവനകളുണ്ടായിട്ടുണ്ട്. കലാഭവന്‍ മണിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അദ്ദേഹത്തെക്കുറിച്ച് പണ്ടൊരിക്കല്‍ പറഞ്ഞ കാര്യങ്ങളുണ്ട്.
കലാഭവന്‍ മണിയുടെ അത്ര നിരീക്ഷണ പാടവമുള്ള നടന്മാർ മലയാളത്തില്‍ വളരെ കുറവാണ്. ഉദാഹരണത്തിന് കലാഭവന്‍ മണിക്ക് നമ്മള്‍ ഒരു കള്ളുകുടിയന്റെ കഥാപാത്രം കൊടുക്കുകയാണെങ്കില്‍ അയാള്‍ അത് ഭംഗിയായി ചെയ്യും. വീണ്ടും മറ്റൊരു കള്ളുകുടിയനെ കൊടുക്കുകയാണെങ്കില്‍ അയാള്‍ അതും ഭംഗിയായി ചെയ്യും. അതായത് മണിക്ക് വ്യത്യസ്തമായ തരത്തില്‍ 100 കള്ളുകുടിയന്മാരെ കാണിക്കാന്‍ സാധിക്കും. എല്ലാ നടന്മാർക്കും സാധ്യമാകുന്ന കാര്യമല്ല അതെന്നും സുന്ദർദാസ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications