Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് വൈകിയെത്തി, ലോഹിതദാസ് ദേഷ്യം തീർത്തത് ഇങ്ങനെ: വേറെ ഒരു സംവിധായകനും അങ്ങനെ ചെയ്യില്ല

മലയാളി സിനിമാ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ കലാകാരനാണ് ലോഹിതദാസ്. തുടക്കത്തില്‍ മറ്റ് സംവിധായകർക്ക് വേണ്ടിയും ഒടുവില്‍ സ്വന്തം സിനിമകള്‍ക്കായും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ വേഷപ്പകർച്ച നല്‍കിയ താരങ്ങളെ തേടി നിരവധി ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുമെത്തി.

മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും തുടങ്ങി വിനു മോഹന്‍വരെ ലോഹിതദാസ് സിനിമകളില്‍ നായകന്മാരായിട്ടുണ്ട്. ലോഹിതദാസിന്റെ തിരക്കഥയില്‍ ദിലീപ് പ്രധാന കഥാപാത്രമാകുന്ന ആദ്യ ചിത്രം സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപമാണ്. മലയാളത്തിലെ നായകനിരയില്‍ ദിലീപിന് ഇടം കൊടുത്ത ചിത്രം കൂടിയായിരുന്നു അത്. തുടർന്ന് 2000 ത്തില്‍ ദിലീപിന് നായകനാക്കി ജോക്കർ എന്ന സൂപ്പർഹിറ്റ് ചിത്രവും ലോഹിതദാസ് സംവിധാനം ചെയ്തു.

dileep-jis-

ജോക്കറിന് ശേഷം ലോഹിതദാസും ദിലീപും ഒന്നിച്ച ചിത്രം 2006 പുറത്തിറങ്ങിയ ചക്കരമുത്താണ്. ഏറെ പ്രതീക്ഷയുണ്ടായ ചിത്രം പരാജയമായതിനാല്‍ ലോഹിതദാസിന് ഏറെ വിഷമമുണ്ടായിരുന്നുവെന്ന കാര്യം പല സിനിമക്കാരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ചക്കരമുത്തിന്റെ ഡബ്ബിങ് സമയത്തുണ്ടായ രസകരമായ ഒരു അനുഭവം സംവിധായകനും പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റുമായ ജിസ് ജോയി തുറന്ന് പറയുകയാണ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെയെന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലോഹി സാറിന്റെ സിനിമകളില്‍ എന്നെ ഡബ്ബിങിന് വിളിക്കുക ഒരിക്കും പ്രൊഡക്ഷന്‍ കണ്‍ട്രോളർ ആയിരിക്കില്ല. അദ്ദേഹം തന്നെയായിരിക്കും എന്നെ വിളിക്കുക. അത്തരത്തിലൊരു വാത്സല്യം എവിടെയോ അദ്ദേഹത്തിന് എന്നോടുണ്ട്. ഒരു ഞായറാഴ്ച എന്നെ വിളിച്ച് പെട്ടെന്ന് ലാല്‍ മീഡിയയിലേക്ക് എത്തണമെന്ന് പറഞ്ഞു. ചക്കരമുത്ത് എന്ന സിനിമയുടെ ഡബ്ബിങ് ആണ്. ഞാന്‍ അവിടെ എത്തിയപ്പോള്‍ എല്ലാവരുടേയും മുഖം മ്ലാനമാണ് എന്തോ അവിടെ നടന്നിട്ടുണ്ടെന്ന് തോന്നി' ജിസ് ജോയി പറയുന്നു.

ഞാന്‍ ഡബ്ബിങ് തിയേറ്ററില്‍ കയറി ഡബ്ബിങ് തുടങ്ങി. അരമുക്കാല്‍ മണിക്കൂർ കഴിഞ്ഞപ്പോള്‍ ഏതോ ഒരു ഘട്ടത്തില്‍ തെറ്റാന്‍ തുടങ്ങി. അതോടെ ലോഹിസാർ തിയേറ്ററിന് അകത്ത് വന്ന് നിർദേശം നല്‍കിയെങ്കിലും ശരിയായില്ല. അപ്പോള്‍ ലോഹിസാർ എന്റെ പുറകില്‍ നിന്നും നിന്നെ ഞാന്‍ അനുഗ്രഹിക്കുന്നുവെന്ന രീതിയില്‍ രണ്ട് തോളിലും പിടിച്ചിട്ട് ഇന് ഡബ്ബ് ചെയ്യൂ എന്ന് പറഞ്ഞു.

അദ്ദേഹം ഒരു പാവം മനുഷ്യനായിരുന്നു. അങ്ങനെ പിടിക്കുമ്പോള്‍ തന്റെ ശരീരത്തില്‍ നിന്നോ ബുദ്ധിയില്‍ നിന്നോ വികാരത്തില്‍ നിന്നോ എന്തോ ഒരു വൈദ്യുതി തരംഗം നമ്മളിലേക്ക് പ്രവേശിക്കുകയും അത് നമ്മളില്‍ സന്നിവേശിപ്പിച്ച് ആ കറണ്ടായി പുറത്തേക്ക് വരികയും ചെയ്യുമെന്നാണ് അദ്ദേഹം വിചാരിക്കുന്നത്. അത്രയും ശുദ്ധനായിരുന്നു ലോഹി സാർ.

ലോഹി സർ തോളില്‍ പിടിക്കുമ്പോള്‍ എന്റെ ആത്മവിശ്വാസം പോകുകയാണ് ചെയ്തത്. മറ്റൊന്നും ശ്രദ്ധിക്കാതെ ലോഹി സർ ആണല്ലോ എന്റെ തോളില്‍ പിടിക്കുന്നതെന്ന ചിന്ത വരും. അതോടെ സാറെ ഇങ്ങനെ പിടിക്കണ്ട, ഞാന്‍ തന്നെ ശരിയാക്കിക്കൊള്ളാമെന്ന് പറഞ്ഞു. അദ്ദേഹം പുറത്തേക്ക് പോകുകയും ഞാന്‍ ആ ഭാഗം ശരിയാക്കി മുന്നോട്ട് പോകുകയും ചെയ്തെന്നും ജിസ് ജോയി ഓർമ്മിക്കുന്നു.

ഒരു അഞ്ചേകാലൊക്കെ ആയപ്പോള്‍ ഞാന്‍ ഒന്ന് വെറുതെ തിരിഞ്ഞ് നോക്കിയപ്പോള്‍ ദിലീപേട്ടന്‍ അവിടെ കൈ കെട്ടി നിക്കുന്നുണ്ട്. മറ്റുള്ളവരൊക്കെ ഇരിക്കുകയാണ്. ദിലീപേട്ടന്‍ ഡബ്ബിങ്ങിന് വരുമെന്ന് ആരൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു. അദ്ദേഹം വരുന്നത് വരേയുള്ള ഒരു ഗ്യാപ്പ് ഫില്ലർ മാത്രമാണ് ഞാന്‍. അതുകൊണ്ട് തന്നെ ദിലീപിനെ കണ്ടതും നിർത്താം സാറെ എന്ന് പറഞ്ഞു. എന്നാല്‍ എന്നോട് ഡബ്ബിങ് തുടരാനായിരുന്നു സാറിന്റെ നിർദേശം.

ആറുമണി, ആറേകാല് വരെ ഡബ്ബിങ് പോയി. യഥാർത്ഥത്തില്‍ ദിലീപേട്ടനോട് പറഞ്ഞ സമയം നാല് മണിയോ മറ്റോ ആയിരുന്നു. പാവം അദ്ദേഹം എവിടേയോ ഒരു പരിപാടി കഴിഞ്ഞ് എത്തിയപ്പോള്‍ പതിനഞ്ച് മിനുറ്റ് വൈകി. ആ ഗ്യാപ്പിലാണ് എന്നെ വിളിച്ച് കയറ്റിയത്. ഞാന്‍ തുടങ്ങിയതും ദിലീപേട്ടന്‍ വന്ന് കയറി. എന്നാല്‍ ദിലീപേട്ടന്‍ കറക്ട് സമയത്ത് വന്നില്ലെന്ന കാരണത്താല്‍ എന്റെ ഡബ്ബിങ് തുടരുകയായിരുന്നു.

ദിലീപേട്ടനും ലോഹസാറും തമ്മില്‍ വലിയ ബന്ധമാണ്. അതായത് ഒരു അനിയന്‍ ചേട്ടന്‍ ബന്ധമാണ്. അത്രയും പെട്ടെന്ന് തന്നെ പിണങ്ങുകയും ചെയ്തു. ലോഹിസാറിന്റെ ഹൃദയത്തിലാണ് ദിലീപേട്ടന്റെ സ്നേഹം. വേറെ ഏത് സംവിധായകനാണെങ്കിലും ദിലീപ് വന്നയുടന്‍ എന്നെ ഇറക്കും. എന്നാല്‍ അദ്ദേഹം അത് ചെയ്യില്ല. അതാണ് ലോഹിസാർ. ഇത്രയും നേരായി ജീവിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു മനുഷ്യനെ സിനിമയില്‍ മാത്രമല്ല പുറത്തും ഞാന്‍ കണ്ടിട്ടില്ലെന്നും ജിസ് ജോയി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+