അക്കാര്യത്തിൽ വിഷമമുണ്ട്, ഇങ്ങനെ ചെയ്താൽ ദിലീപേട്ടൻ വെറെ ലെവലാകും: മിമിക്രി താരം മനോജ് ഗിന്നസ്
മിമിക്രിയിൽ നിന്നെത്തി മലയാള സിനിമ ഭരിച്ച നടനാണ് ദിലീപ്. അത്രയും വലിയൊരു വിജയം സിനിമയിൽ ദിലീപിന്റെ സമകാലീനർക്ക് ആർക്കും തന്നെ അവകാശപ്പെടാനില്ലെന്ന് പറയാം. ഇന്നും സിനിമയിൽ സജീവമായ ദിലീപിന് പക്ഷേ ഏറെക്കാലമായി തിയറ്റർ വിജയങ്ങൾ കുറവാണ്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി സമ്മിശ്ര പ്രതികരണങ്ങൾ നേടിയാണ് മുന്നോട്ട് പോകുന്നത്.
സിനിമയിൽ തിരക്കുളള താരമായപ്പോഴും മിമിക്രി കാലത്തെ തന്റെ സഹപ്രവർത്തകരെ കൈ പിടിച്ച് ഉയർത്താൻ എപ്പോഴും ശ്രമിച്ചിട്ടുളള നടനാണ് ദിലീപ്. അങ്ങനെ രക്ഷപ്പെട്ട് പോയ എത്രയോ പേരുണ്ട്. ദിലീപ് ചെയ്ത സഹായങ്ങളെ കുറിച്ച് നടനും മിമിക്രി താരവുമായ മനോജ് ഗിന്നസ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. പരാജയങ്ങളിൽ നിന്ന് ദിലീപ് തിരിച്ച് വരുമെന്നും കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മനോജ് ഗിന്നസ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

''ദിലീപേട്ടന്‍ ഞങ്ങള്‍ക്കൊപ്പമുളള എത്രയോ കലാകാരന്മാര്‍ക്ക് അവസരം കൊടുത്തിട്ടുണ്ട്. ഷാജോണ്‍ മുതലുളള ഒരുപാട് മിമിക്രിക്കാരെ പിന്തുണച്ചിട്ടുളള ആളാണ് ദിലീപേട്ടന്‍. ഇപ്പോള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ വിജയിക്കാതെ പോകുന്നതില്‍ വിഷമമുണ്ട്. ചാന്തുപൊട്ടും കുഞ്ഞിക്കൂനനും പാണ്ടിപ്പടയും പോലെയുളള സിനിമകള്‍ കണ്ട് ചിരിച്ച ഒരു കാലഘട്ടം ഉണ്ട്. അതുപോലുളള ദിലീപേട്ടന്റെ സിനിമകള്‍ ഇനിയും വരണമെന്ന് ആഗ്രഹം ഉണ്ട്..
കാലത്ത് അനുസരിച്ചുളള മാറ്റം വരുത്തിയാല്‍ ദിലീപേട്ടന്റെ സിനിമകള്‍ ഇനിയും പ്രേക്ഷകര്‍ സ്വീകരിക്കും എന്നാണ് തന്റെ പ്രതീക്ഷ. രാമലീലയിലൊക്കെ കണ്ട പോലെ ദിലീപേട്ടനെ വേറെ ലെവലില്‍ ഒന്നിറക്കി കഴിഞ്ഞാല്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടും. സ്റ്റൈല്‍ ഒന്ന് മാറ്റിപ്പിടിച്ചാല്‍ ദിലീപേട്ടന്‍ വേറെ ലെവല്‍ ആയിരിക്കും. എത്ര ടാലന്റോടെയാണ് ഓരോ പടങ്ങളും അദ്ദേഹം ചെയ്തിരിക്കുന്നത്. കോമഡിയും സീരിയസും എല്ലാം നല്ല രീതിയില്‍ ചെയ്തിരുന്ന ആളാണ്.
തങ്ങളെ പോലുളള എത്രയോ കലാകാരന്മാര്‍ക്ക് അദ്ദേഹം ചാന്‍സ് തന്നിട്ടുണ്ട്. ഒരു കുതിരവണ്ടിക്കാരന്‍ ആയിട്ടാണെങ്കിലും വേഷം തന്നില്ലേ. ധര്‍മ്മജന്‍, ഷാജോണ്‍ അങ്ങനെ എത്രയോ കലാകാരന്മാര്‍ക്ക് അദ്ദേഹം അവസരം കൊടുത്തു. ഇനിയും എത്രയോ കലാകാരന്മാര്‍ക്ക് അവസരം കിട്ടിയേനെ ദിലീപേട്ടനുണ്ടെങ്കില്‍. വിളിച്ച് വേഷം കൊടുത്തേനെ'', മനോജ് ഗിന്നസ് പറഞ്ഞു..
''ഇപ്പോഴത്തെ യുവതാരങ്ങളില്‍ ചിലരുമായൊക്കെ ബന്ധമുണ്ട്. വിനയ് ഫോര്‍ട്ടിനൊപ്പം മാസ്‌ക് എന്ന സിനിമയ്ക്കായി 30 ദിവസത്തോളം ഉണ്ടായിരുന്നു. വിനയ് പറഞ്ഞു, ചേട്ടന്‍ സ്‌റ്റേജില്‍ കയറിയാല്‍ മാത്രമേ മിമിക്രിക്കാരനുളളൂ. അല്ലാത്തപ്പോള്‍ ചേട്ടന്‍ മിമിക്രിക്കാരനല്ല എന്ന്. സാധാരണ മിമിക്രിക്കാര്‍ എപ്പോഴും ചളി പറഞ്ഞുകൊണ്ടിരിക്കാനൊക്കെ ശ്രമിക്കും.താന്‍ അങ്ങനെ ചെയ്യാറില്ല. വിനയ് പറഞ്ഞത് ഒരു കോംപ്ലിമെന്റായി തോന്നി.
താന്‍ ഒരു വിജയിച്ച കലാകാരനാണ്. എറണാകുളത്ത് കരിമുകള്‍ എന്നൊരു ഗ്രാമത്തിലാണ്. അച്ഛന്‍ കരിങ്കല്‍ത്തൊഴിലാളായാണ്. അവിടെ നിന്ന് കാസറ്റ് കടകളില്‍ പോയി കേട്ടാണ് മിമിക്രിക്കാരനായത്. പഠിക്കാനൊക്കെ മോശമായിരുന്നു. പത്താം ക്ലാസ്സില്‍ മൂന്ന് പ്രാവശ്യം തോറ്റ ആളാണ്. തന്റെ ആഗ്രഹം മിമിക്രിക്കാരനാകണം എന്നുളളതായിരുന്നു. ആരുടെ കാസറ്റ് കേട്ടാണോ മിമിക്രിക്കാരനാകാന്‍ ശ്രമിച്ചത് അവരുടെ ട്രൂപ്പിലെ ഒരു പ്രധാന താരമായി താന്‍ മാറി.
കൊച്ചിന്‍ ഗിന്നസ് എന്ന ട്രൂപ്പില്‍ അന്ന് കലാഭവന്‍ മണി ഉണ്ട്. തങ്ങളെല്ലാം ഒരുമിച്ച് മൂന്ന് മാസത്തോളം പരിപാടി നടത്തിയിരുന്നു. ആ സമയത്താണ് മണിച്ചേട്ടന്‍ വിനോദശാല എന്നുളള സീരിയലില്‍ അഭിനയിക്കുകയും അവിടെ നിന്ന് സല്ലാപം എന്ന സിനിമയില്‍ പോകുകയും ചെയ്യുന്നത്. ഇതൊക്കെ ട്രൂപ്പിലുളള കാലത്താണ്. സല്ലാപം സിനിമയുടെ പോസ്റ്റര്‍ ഇറങ്ങി. ഒരു ദിവസം തങ്ങള്‍ തിരുവനന്തപുരത്ത് ഒരു പരിപാടി കഴിഞ്ഞ് വരുമ്പോള്‍ റോഡരികില്‍ മണിച്ചേട്ടന്‍ തെങ്ങിന് മുകളില്‍ നില്‍ക്കുന്ന പോസ്റ്റര്‍ കണ്ടു.
മണിച്ചേട്ടന്‍ കാറില്‍ നിന്ന് ചാടിയിറങ്ങി പോസ്റ്ററില്‍ പോയി ഉമ്മ വെച്ചു. അതിന്റെ പിറ്റേ ദിവസം വടക്കാഞ്ചേരിയില്‍ കരാട്ടക്കാരുടെ പരിപാടിക്ക് പോയി. അന്ന് ജംഗ്ഷനില്‍ തിയറ്ററില്‍ സിനിമ കഴിഞ്ഞ് ഇറങ്ങി വരുന്ന ആളുകള്‍ മണിച്ചേട്ടനെ കണ്ടപ്പോള്‍ നിങ്ങള് ടോപ്പായിട്ടുണ്ട് എന്ന് വിളിച്ച് പറഞ്ഞു. മണിച്ചേട്ടന്‍ ട്രൂപ്പില്‍ ഒരു സാധാരണ കലാകാരനായിരിക്കുമ്പോള്‍ മുതല്‍ അവസാന കാലം വരെയും അദ്ദേഹത്തെ അറിയാം. പക്ഷേ ഇന്ന് വരെ പാടി എന്നുളള സ്ഥലത്തൊന്നും പോയിട്ടില്ല. ഒരു സിനിമ സംവിധാനം ചെയ്യണം എന്നുളള ആഗ്രഹം ഉണ്ട്''.












Click it and Unblock the Notifications