'എന്റെ പേര് കമാലുദ്ദീൻ ആണെന്ന് കണ്ടുപിടിച്ചത് സംഘപരിവാറുകാർ, പാകിസ്ഥാനിൽ പോവാൻ ആവശ്യപ്പെട്ടു'; കമൽ
മലയാളത്തിലെ പ്രമുഖ സംവിധായകരിൽ ഒരാളാണ് കമൽ. നിരവധി മികച്ച ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്. നാൽപ്പതിൽ അധികം ചിത്രങ്ങൾ സംവിധാനം ചെയ്‌ത കമലിനെ തേടി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ ഉൾപ്പെടെ എത്തിയിരുന്നു. നേരത്തെ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ആ ഘട്ടത്തിൽ ഉണ്ടാ ചില അനാവശ്യ വിവാദങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകൻ ഇപ്പോൾ.
അന്ന് വിവാദങ്ങൾ കത്തിപ്പടരുന്ന സമയത്ത് കമലിന്റെ യഥാർത്ഥ പേര് കമാലുദ്ദീൻ ആണെന്ന് ഉൾപ്പെടെ സംഘപരിവാർ കേന്ദ്രങ്ങൾ ആരോപിച്ചിരുന്നു. ഇതിനെകുറിച്ചും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ദേശീയ ഗാനവുമായി ബന്ധപ്പെട്ട വിവാദം ഉടലെടുത്ത സമയത്ത് അദ്ദേഹത്തിനോട് പാകിസ്ഥാനിലേക്ക് പോവാനും അവർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ കുറിച്ചും സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ കമൽ മനസ് തുറന്നു.

'എന്റെ യഥാർത്ഥ പേര് കമാലുദ്ദീൻ എന്ന് തന്നെയാണ്. വീട്ടുകാർ എനിക്കിട്ട് തന്ന പേരാണത്. എല്ലാ സർട്ടിഫിക്കറ്റുകളിലും കമാലുദ്ദീൻഎന്നാണ് ഉള്ളത്. പക്ഷേ സ്‌കൂളിലും കോളേജിലും ഒക്കെ എല്ലാവരും എന്നെ കമൽ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. പിന്നീട് സിനിമയിൽ എത്തിയപ്പോൾ കമാലുദ്ദീൻ വേണ്ട കമൽ മതിയെന്ന് പറഞ്ഞത് അമ്മാവനായിരുന്നു' അദ്ദേഹം തുറന്നുപറഞ്ഞു.
'ആ പേര് എനിക്കും നല്ലതായി തോന്നി. ഒരു മതേതരനായി നടക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതിന് കമൽ എന്ന പേരാണ് നല്ലത്.പണ്ട് കുഞ്ഞാലു സിനിമയിൽ എത്തിയപ്പോൾ ബഹുദൂർ ആയത് പോലെ. കുഞ്ഞാലു എന്റെ ബന്ധുവാണ്. തിക്കുറിശ്ശിയാണ് കുഞ്ഞാലു എന്ന പേര് മാറ്റി ബഹുദൂർ എന്നാക്കിയത്. അതുപോലെ ഞാനും സിനിമയിൽ എന്റെ പേര് കമൽ എന്നാക്കി' കമൽ പറയുന്നു.
'ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആയിരുന്ന സമയത്ത് ദേശീയഗാനത്തെ ചൊല്ലിയുള്ള ഒരു വിവാദമായുണ്ടായിരുന്നു.സിനിമാ തിയേറ്ററിൽ ദേശീയഗാനം നിർബന്ധമാക്കിയ സമയത്ത് ഞാൻ എന്റെ അഭിപ്രായം രേഖപ്പെടുത്തിയതായിരുന്നു. അതിന് ശേഷമാണ് സംഘപരിവാറുകൾ കമാലുദ്ദീൻ എന്ന പേര് കണ്ടുപിടിച്ചത്' കമാലുദ്ദീൻ എന്ന പേര് സംഘപരിവാർ സൃഷ്‌ടിയാണോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
'അതിന് ശേഷം എന്നോട് പാകിസ്ഥാനിലേക്ക് പോവാനും പറഞ്ഞിരുന്നു. നഎന്നാൽ ഞാൻ ആലോചിച്ചത് ഇത്രയും നാട് ബാക്കിയുള്ളപ്പോൾ പിന്നെ എന്തിനാണ് പാകിസ്ഥാനിലേക്ക് പോവുന്നത് എന്നായിരുന്നു. പിന്നീട് അടൂരിനോടും എംടിയോട് അവർ ഇത് തന്നെ പറഞ്ഞപ്പോഴാണ് എനിക്ക് ശരിക്കും ആശ്വാസമായത്. എന്നോട് മാത്രമല്ലലോ അത് പറഞ്ഞതെന്ന്' കമൽ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications