''മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ പൊന്ന്..''; പുതിയ താരങ്ങളെ നിലക്ക് നിര്‍ത്തണമെന്ന് വിനയന്‍
കൊച്ചി: മലയാള സിനിമയിലെ പുതിയ ആര്‍ടിസ്റ്റുകള്‍ നിര്‍മാതാക്കളോട് കാണിക്കുന്ന പരിഹാസവും അവഹേളനവും നിര്‍ത്താന്‍ നിര്‍മ്മാതാക്കളുടെ സംഘടന ഇടപെടണമെന്ന് സംവിധായകന്‍ വിനയന്‍. കൊച്ചിയില്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു വിനയന്‍. നിര്‍മാതാവ് ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാത്തവരാണ് പുതിയ താരങ്ങളില്‍ ചിലരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പണ്ട് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഏറ്റവും സൂപ്പര്‍ ആയിരുന്ന കാലത്ത് നമ്മള്‍ ഉപദേശിച്ചിരുന്നെങ്കില്‍, അവരൊക്കെ എത്ര പൊന്നായിരുന്നെന്ന് പറയേണ്ടിവരുന്ന അവസ്ഥയാണ് ഇന്ന് എന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. നിര്‍മാതാക്കള്‍ വിളിച്ചാല്‍ ആരാ അമ്മാവാ എന്ന് ചോദിച്ച് പരിഹസിക്കുന്നവരുണ്ട് എന്നും വിനയന്‍ പറഞ്ഞു. എത്രയോ ചെറുപ്പക്കാരായ നിര്‍മാതാക്കള്‍ വരെ അവര്‍ വിളിച്ചാല്‍ എടുക്കുന്നില്ല എന്ന് പരാതിപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാതാക്കളെ അവഹേളിക്കുന്നതൊക്കെ മാറണം എന്നും നിര്‍മാതാക്കള്‍ ഒന്നുമല്ല എന്ന രീതിയില്‍ പെരുമാറുന്ന താരങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ ഈ അസോസിയേഷന് കെല്‍പ്പുണ്ടാകണം എന്നും വിനയന്‍ പറഞ്ഞു. 'ഡേറ്റ് ഇല്ലെങ്കില്‍ തരേണ്ട. കഥ ഇഷ്ടമായില്ലെങ്കില്‍ ചെയ്യേണ്ട. പക്ഷേ വിളിച്ചാല്‍ ഫോണ്‍ എടുത്തൂടെ. എത്ര നിര്‍മാതാക്കാളാണ് പരാതി പറയുന്നത്. ഇത് മാറണം,' വിനയന്‍ പറഞ്ഞു.
ആന്റോ ജോസഫൊക്കെ വിചാരിച്ചാല്‍ അത് തീര്‍ച്ചയായും നടക്കും എന്നും അദ്ദേഹം പറഞ്ഞു. ഒരു സ്ഥാനത്തിരിക്കുമ്പോള്‍ നമുക്ക് എല്ലാവരുടെയും ഗുഡ്ബുക്കില്‍ കയറാന്‍ പറ്റില്ലെന്നും വിനയന്‍ ചൂണ്ടിക്കാട്ടി. രഞ്ജിത് ഇടക്കാലത്ത് മയക്കുമരുന്നിനും ചില താരങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചതിന് അദ്ദേഹത്തിന് കിട്ടിയല്ലോ എന്നും വിനയന്‍ ചോദിച്ചു. എല്ലാവരുടെയും പിന്തുണ കിട്ടിയിട്ടൊന്നും മുന്നോട്ട് പോകാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ഥാനത്തിരിക്കുമ്പോള്‍ ശത്രുക്കളായിരിക്കും കൂടുതലും ഉണ്ടാകുക എന്നും വിനയന്‍ പറഞ്ഞു. നടന്‍ കുഞ്ചാക്കോ ബോബന് എതിരായ നിര്‍മാതാവിന്റെ ആരോപണം ഉയര്‍ന്ന് വന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം എന്നതാണ് ശ്രദ്ധേയം. നേരത്തെ കുഞ്ചാക്കോ ബോബന്‍ വിഷയത്തില്‍ തനിക്ക് സംഘടനയില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് പദ്മിനി സിനിമയുടെ നിര്‍മാതാവ് സുവിന്‍ കെ വര്‍ക്കി പരാതിപ്പെട്ടിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പാണ് മലയാള സിനിമയിലെ ലഹരി ഉപയോഗവും പെരുമാറ്റ ചട്ടവും വലിയ വിവാദമായത്. ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം തുടങ്ങിയ താരങ്ങളെ വിലക്കുന്ന തരത്തില്‍ വരെ സംഭവം എത്തിയിരുന്നു. ഒരേസമയം പല സിനിമകള്‍ക്കു ഡേറ്റ് കൊടുത്ത് സിനിമകളുടെ ഷെഡ്യൂളുകള്‍ തകിടം മറിച്ചുവെന്നുള്ള പരാതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ ഉയര്‍ന്നിരുന്നത്. സിനിമയുടെ എഡിറ്റിംഗില്‍ ഇടപെടുന്നുവെന്നായിരുന്നു ഷെയ്ന്‍ നിഗത്തിനെതിരായ പരാതി.












Click it and Unblock the Notifications