'ശുദ്ധ അസംബന്ധമാണ് പറഞ്ഞത്, നാണവും മാനവും ഉണ്ടെങ്കിൽ അലൻസിയർ അവാർഡ് തിരികെ കൊടുക്കണം'; ഭാഗ്യലക്ഷ്മി
കൊച്ചി: ചലച്ചിത്ര പുരസ്കാര വേദിയിലെ നടൻ അലൻസിയറിന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശുദ്ധ അസംബന്ധമാണ് അലൻസിയർ പറഞ്ഞതെന്നും നടന് കൊടുത്ത അവാർഡ് സർക്കാർ തിരിച്ചുവാങ്ങുക തന്നെ വേണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് നടിയുടെ പ്രതികരണം. വായിക്കാം
'അലന്‍സിയറിനെപ്പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പരാമര്‍ശം വന്നതില്‍ അത്ഭുതമില്ല. വളരെ പരസ്യമായി സ്ത്രീവിരുദ്ധത സംസാരിക്കുന്ന വ്യക്തിയാണ് അലൻസിയത്.സര്‍ക്കാറിന്റെ ഒരു പരിപാടിയില്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്തണമെങ്കില്‍ അദ്ദേഹം എത്രത്തോളം സ്ത്രീവിരുദ്ധനായിരിക്കണം.

സ്ത്രീരൂപത്തിലുള്ള ഒരു അവാര്‍ഡിനോട് താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം അത് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം ഓസ്‌കര്‍ മാത്രം വാങ്ങിയാല്‍ മതി. അത് കിട്ടുന്ന വരെ അദ്ദേഹം അഭിനയിച്ചാല്‍ മതി. എന്ന് പുരുഷ രൂപത്തിലുള്ള പ്രതിമ വരുന്നു അന്ന് അദ്ദേഹം അഭിനയം നിര്‍ത്തുമെന്നാണ് പറഞ്ഞത്. ഇത് മറിച്ചാണ് പറയേണ്ടത്. പുരുഷ രൂപത്തിലുള്ള പ്രതിമ ഉണ്ടാക്കുന്നത് വരെ അദ്ദേഹം അഭിനയം നിര്‍ത്തണം. എന്നിട്ട് പുരുഷ രൂപത്തിലുള്ള പ്രതിമ വരുമ്പോൾ വീണ്ടും അഭിനയിക്കണം.
ഈ പുരസ്കാരം മാറാൻ പോകുന്നില്ല. അത്രമാത്രം മലയാളികളുടെ മനസിൽ പതിഞ്ഞൊരു പുരസ്കാരമാണിത്. ശുദ്ധ വിവരക്കേടും ശുദ്ധ സ്ത്രീവിരുദ്ധതയുമാണ് അലന്‍സിയർ പറഞ്ഞത്. എനിക്ക് ഒരു കുറ്റബോധവുമില്ല, ഞാന്‍ പറഞ്ഞത് സത്യം തന്നെയാണ് എന്നാണ് അലൻസിയർ പറഞ്ഞത്.
ഇങ്ങനെയുള്ള ചിന്ത മാറ്റുകയെന്നതാണ് ഇന്നത്തെ തലമുറയുടെ ദൗത്യം. അവിടെയാണ് ഞാൻ മാറില്ല എന്ന് പ്രഖ്യാപിക്കുന്നത്. കരുത്തുള്ള പുരുഷ പ്രതിമ എന്നാണ് പറഞ്ഞത്. എന്താണ് അത് കൊണ്ട് ഉദ്ദേശിച്ചത്? സ്ത്രീക്ക് കരുത്തില്ലെന്നോ? ഇവിടെ സ്ത്രീ രാജ്യം ഭരിച്ചിട്ടുണ്ട്, സ്ത്രീ ബഹിരാകാശത്ത് പോകുന്നുണ്ട്. അതൊക്കെ കരുത്തില്ലാത്തത് കൊണ്ടാണോ? ശുദ്ധ വിവരക്കേട് എന്ന് വെച്ചാൽ അദ്ദേഹത്തിന്റെ വീട്ടിലെ സ്ത്രീകളെ ആലോചിച്ചിട്ടാണ് ഏറ്റവും കൂടുതൽ സഹതാപം തോന്നുന്നത്. ഇദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്ന സ്ത്രീകളൊക്കെ എന്തുമാത്രം അപമാനിക്കപ്പെട്ടിട്ടുണ്ടാകണം.അവർക്ക് പറയാൻ നിവൃത്തി ഇല്ലാത്തത് കൊണ്ടായിരിക്കും അവരൊക്കെ മിണ്ടാതിരുന്നത്.
ശുദ്ധ അസംബന്ധമാണ് പറഞ്ഞത്. കൊടുത്ത അവാർഡ് തിരിച്ച് വാങ്ങുക തന്നെ വേണം. കുറച്ച് അഭിമാനം ഉണ്ടെങ്കിൽ 2018 ലെ അവാർഡ് തിരിച്ച് കൊടുക്കട്ടെ. നാണവും മാനവും ഉണ്ടെങ്കിൽ വേദിയിൽ വെച്ച് പറയണമായിരുന്നു. വെറുമൊരു
ശില്പം കാണുമ്പോൾ പോലും പ്രലോഭനം തോന്നുന്നു പോലും. എന്താണ് പ്രലോഭനം? സമൂഹത്തിനെ തന്നെ അപമാനിച്ചിരിക്കുകയാണ്. സർക്കാർ കൃത്യമായ ശാസന കൊടുക്കണമായിരുന്നു. വേദിയിൽ തന്നെ സർക്കാർ അത് കൊടുക്കണമായിരുന്നു.
സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകില്ല. അടിമുടി സ്ത്രീ വിരുദ്ധത മാത്രമാണ് അവിടെ നടക്കുന്നത്. മികച്ച നടിക്കുള്ള അവാർഡ് വാങ്ങിയ സ്ത്രീ അടക്കം ആ വേദിയിൽ ഉണ്ടായിട്ട് ആരെങ്കിലും അതിനോട് പ്രതികരിച്ചോ? ആർക്കെങ്കിലും തോന്നിയോ? വേദിയെ ബഹിഷ്കരിക്കുന്നുവെന്ന് പറയാൻ ആർജവമുണ്ടായിരുന്നോ? അയാൾ പറയുന്നത് നിശബ്ദമായി കേട്ടിരിക്കുന്നത് മൗനാനുവാദം കൊടുക്കലാണ്'.












Click it and Unblock the Notifications