'അതിജീവിത വിവാഹത്തിന് ക്ഷണിച്ചില്ല; സംഭവിച്ചത് ഇതാണ്'..പൃഥ്വിരാജിനെ കുറിച്ചും ഇടവേള ബാബു
കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ആവാൻ ഏറ്റവും യോഗ്യനെന്ന് താൻ വിശ്വസിക്കുന്നയാളാണ് പൃഥ്വിരാജെന്ന് ഇടവേള ബാബു. കഴിവുള്ള നടനാണ് അദ്ദേഹം. സംഘടനയെ കൃത്യമായി നയിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും താരം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ താരസംഘടനയിൽ പൃഥ്വിരാജ് നടത്തിയ ഇടപെടലിനെ കുറിച്ച് സംസാരിക്കവേയാണ് ഇടവേള ബാബുവിന്റെ പ്രതികരണം. ആക്രമിക്കപ്പെട്ട നടി തന്നെ വിവാഹത്തിന് ക്ഷണിക്കാത്തത് വേദനിപ്പിച്ചെന്നും കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു പറഞ്ഞു. വായിക്കാം
പൃഥ്വിരാജ് ഉൾപ്പെടെയുളളവർ ദിലീപിനെ അപ്പോൾ തന്നെ പുറത്താക്കണമെന്ന് അഭിപ്രായപ്പെട്ടയാളാണ്. എന്നാൽ നിയമസംവിധാനം അതിന് അനുവദിക്കില്ലെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറിയായ മമ്മൂട്ടി അടക്കം ഉള്ളവർക്ക് അറിയാം. എന്നിരുന്നാലും നടപടികൾ പിന്നീട് നോക്കാം, ഇപ്പോൾ ഇതാണ് തീരുമാനം എന്ന നിലയിൽ അവർ സംസാരിക്കുകയായിരുന്നു. അഭിപ്രായങ്ങൾ പലതും പറയും, പക്ഷേ അമ്മയിൽ തീരുമാനങ്ങൾ ഒന്നാണ്. അങ്ങനെയാണ് പുറത്താക്കണമെന്ന തീരുമാനം പ്രഖ്യാപിക്കുന്നത്.

ഞാനിപ്പോഴും വിശ്വസിക്കുന്നത് അമ്മയുടെ അടുത്ത പ്രസിഡന്റ് ആകേണ്ടത് രാജുവാണെന്നാണ്. കാര്യം രാജു കാര്യങ്ങൾ തുറന്നുപറയും. രാജുവിന് രാജുവിന്റേതായ പൊളിറ്റിക്സ് ഒക്കെ ഉണ്ടായിക്കോട്ടെ, പക്ഷേ രാജുവാണ് അമ്മയുടെ പ്രസിഡന്റ് ആകേണ്ടതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിനുള്ള കഴിവ് അദ്ദേഹത്തി്ന ഉണ്ട്. രാജു നമ്മൾ കാണുന്നതിന് അപ്പുറത്തൊരാളാണ്. ആളുകളുടെ വിഷമങ്ങൾ ഒക്കെ അദ്ദേഹത്തിന് മനസിലാകും. രാജുവിനെ പോലെ തന്നെ കഴിവുള്ളയാളാണ് കുഞ്ചാക്കോ ബോബൻ.
ആക്രമിക്കപ്പെട്ട നടി എന്നെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല. ആ കുട്ടിയുടെ അച്ഛൻ മരിച്ചപ്പോൾ എല്ലാ കാര്യങ്ങളും ചെയ്ത് രാത്രിയാണ് ഞാൻ മടങ്ങിയത്. ആ കുട്ടിയോട് എനിക്ക് യാതൊരു വിരോധവുമില്ല. എന്നോടൊപ്പം ഒരുപാട് യാത്ര ചെയ്ത, ഒരുപാട് ഷോകൾ ചെയ്ത ഒരാളാണ്. പക്ഷേ പല തെറ്റിധാരണകളും ഉണ്ടായി. എങ്കിലും കാലം അതൊക്കെ മാറ്റും എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.
ആ കുട്ടിക്ക് എതിരായി അമ്മയൊന്നും ചെയ്തിട്ടില്ല. പക്ഷേ എവിടെയോ ട്രാക്ക് മാറിപ്പോയി. ഈ പ്രശ്നത്തിൽ ആദ്യമായി ഇടപെടുന്നത് ഇന്നസെന്റ് ചേട്ടനാണ്, ഗണേഷ് കുമാർ, മമ്മൂക്ക എല്ലാവരും ഇടപെട്ടു. എന്നാൽ ഒരു ഘട്ടത്തിൽ വെച്ച് ഇവരെയൊക്കെ ആരോ ശത്രുക്കളാക്കുകയും വേറെ ആരോ തട്ടിക്കൊണ്ടുപോയ പോലെ ആയി. ഹൈജാക്ക് ചെയ്തത് പോലെ തോന്നി. ഇപ്പോഴും എനിക്ക് ആ കുട്ടിയോട് യാതൊരു വിരോധവുമില്ല', ഇടവേള ബാബു.












Click it and Unblock the Notifications