രേണു സുധി ഒരു അഭിമുഖത്തിന് പ്രതിഫലമായി ആവശ്യപ്പെട്ടത് 50,000 രൂപ?'; പ്രതിഫല ചർച്ചകളിൽ മറുപടി
അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുെട ഭാര്യ രേണു സുധിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് അധിക്ഷേപ കമന്റുകൾ ചൊരിയുന്നത്. സുധിയുടെ ഫോട്ടോ ഉപയോഗിക്കരുതെന്നും പേരിനൊപ്പം സുധിയെന്ന് ചേർക്കരുതെന്നുമൊക്കെയാണ് രേണുവിനെതിരായ തിട്ടൂരം. ഇപ്പോഴിതാ ഇത്തരം കമന്റുകൾക്ക് ചുട്ട മറുപടി നൽകുകയാണ് രേണു. സുധിയുടെ പേര് ഉപയോഗിക്കാനുള്ള എല്ലാ അധികാരവും തനിക്ക് ഉണ്ടെന്ന് രേണു പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. തന്നെ ചുറ്റിപറ്റിയുള്ള മറ്റ് വിവാദങ്ങളോടും രേണു പ്രതികരിച്ചു. രേണുവിന്റെ വാക്കുകൾ ഇങ്ങനെ
'എന്റെ ഭർത്താവിന്റെ ഫോട്ടോ അല്ലാതെ ആരുടെ ഫോട്ടോയാണ് ഞാൻ പ്രൊഫൈലിൽ വെക്കുക. ജീവിതത്തിൽ മറ്റൊരു വിവാഹം കഴിച്ചാൽ എന്റെ പേരിനൊപ്പമുള്ള സുധിയെന്ന പേര് ഞാൻ ഒഴിവാക്കിയേക്കും. അതൊരിക്കലും അവതാരക പറയുന്നത് പോലെ ചവറ്റുകൊട്ടയിലേക്കല്ല , സുധി എന്ന പേര് ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. സുധി ചേട്ടന്റെ ഫോട്ടോ എന്നും എന്റെ കൂടെ കാണും. അതുകൂടി അംഗീകരിക്കുന്ന ആളെയേ ഞാൻ വിവാഹം കഴിക്കുകയുള്ളൂ', രേണു പറഞ്ഞു.

രേണു സുധി അഭിമുഖങ്ങൾക്ക് വാങ്ങുന്നത് വൻ പ്രതിഫലമാണെന്ന ആരോപണങ്ങൾക്ക് അവർ മറുപടി നൽകി. 'ഒരിക്കലും ഞാൻ വലിയ തുക ആവശ്യപ്പെട്ടിട്ടില്ല. എന്റെ അവസ്ഥ അറിഞ്ഞ് അവരൊരു ചെറിയ തുക എനിക്ക് തരുന്നതാണ്. എന്റെ ഭർത്താവ് മരിച്ചതാണ്. എനിക്ക് ആകെയുള്ള വരുമാനം എന്ന് പറയുന്നത് ഈ അഭിമുഖങ്ങൾ പോലുള്ള ചെറിയ പരിപാടികളാണ്. ആദ്യ സമയത്തൊന്നും ഞാൻ അഭിമുഖങ്ങൾക്ക് പണം വാങ്ങിയിരുന്നില്ല. എന്നാൽ ഉത്തരവാദിത്തപ്പെട്ടവർ പറഞ്ഞു പ്രതിഫലം വാങ്ങാൻ. അങ്ങനെയാണ് പ്രതിഫലം വാങ്ങിത്തുടങ്ങിയത്, അതും വളരെ ചെറിയ തുക', രേണു പറഞ്ഞു. ഏതോ ഒരു ചാനലിനോട് 50,000 പ്രതിഫലം ആവശ്യപ്പെട്ടെന്ന് കേട്ടല്ലോയെന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നും ജീവിതത്തിൽ ഇതുവരെ അത്ര തുകയൊന്നും താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രേണു സുധി പറഞ്ഞു.
'ഒരു സിനിമയോ ആൽബമോ പോലും തുച്ഛമായ തുകയ്ക്കാണ് ഞാൻ ചെയ്യുന്നത്. പിന്നെങ്ങനെയാണ് ഞാൻ 50,000 രൂപ ചോദിക്കുന്നത്. ബിഗ് ബോസ് പോലൊരു പരിപാടിയിൽ കയറി പറ്റാനുള്ള കോപ്രായങ്ങളാണ് താൻ ഇപ്പോൾ കാണിക്കുന്നതെന്ന് പറയുന്നവരോട് പറയാനുള്ളത് ആ ഷോ തുടർച്ചയായി കാണുന്നൊരാൾ അല്ല ഞാൻ. ഷോട്സ് കണ്ടിട്ടുണ്ട്. അത് കാണാനിഷ്ടമാണ്. അതിൽ കയറാൻ എന്തിനാണ് കോമാളിത്തരം കാണിക്കുന്നത്? കോമാളിത്തരം കാണിക്കുന്നവരെയാണോ അതിൽ എടുക്കുന്നത്? എനിക്കറിയില്ല. ബിഗ് ബോസിലേക്ക് എന്നെ വിളിച്ചാൽ തീർച്ചയായും ഞാൻ പോകും. എന്നാൽ ഇതുവരെ എന്നെ വിളിച്ചിട്ടില്ല', രേണു വ്യക്തമാക്കി.
ലക്ഷ്മി നക്ഷത്ര ഒഴികെയുള്ള സ്റ്റാർ മാജിക് താരങ്ങൾ രേണുവിനേയും മക്കളേയും തിരിഞ്ഞ് നോക്കിയില്ല എന്ന വിമർശനങ്ങൾക്ക് മറുപടി ഇങ്ങനെ-'എല്ലാവർക്കും അവരുടേതായ തിരക്കുകളുണ്ട്. അവർ എപ്പോഴും സുധിച്ചേട്ടന്റെ ഭാര്യ മക്കൾ എന്നിങ്ങനെ പറഞ്ഞിരിക്കേണ്ട കാര്യമുണ്ടോ? ജീവിത്തിൽ ചിലപ്പോഴെങ്കിലും ഒറ്റയ്ക്കാകുന്നതിന്റെ സങ്കടം ഞാൻ അനുഭവിക്കുന്നുണ്ട്. അതിനെ മറികടക്കാൻ പാട്ട് കേൾക്കും.
നെഗറ്റീവ് കമന്റുകളോട് ഇപ്പോൾ പ്രണയം തോന്നി തുടങ്ങിയിട്ടുണ്ട്. പോസറ്റീവ് കമന്റുകളല്ല, നെഗറ്റീവ് കമന്റുകളാണ് എന്റെ കണ്ണിൽ ഉടക്കുന്നത്. ലക്ഷ്മി നക്ഷത്രയ്ക്ക് നെഗറ്റീവ് വാങ്ങിക്കൊടുത്തത് ഞാൻ അല്ല. സുധിച്ചേട്ടന്റെ മണമുള്ള പെർഫ്യൂം ചെയ്യാൻ അവരോട് പറഞ്ഞത് ഞാനാണ്. വിധവ എന്ന ലേബൽ ഉള്ളത് കൊണ്ട് ആരും മോശമായി സമീപിച്ചിട്ടില്ല. നമ്മൾ നിൽക്കുന്നത് പോലെയിരിക്കും. നോ പറയേണ്ടിടത്ത് നോ തന്നെ പറയണം. ഞാൻ സുരക്ഷിതയാണോയെന്ന് ചോദിച്ചാൽ അപ്പയും അമ്മയും ഒക്കെ ഉള്ളത് കൊണ്ട് ആണ്. ഇനി നാളെ എന്താകുമെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.
കിച്ചുവിന് 20 വയസുണ്ട്. അവന് ശരിയെന്ന് തോന്നുന്നത് അവൻ ചെയ്യും. ഇക്കാര്യങ്ങളൊന്നും ചെയ്യരുതെന്ന് പറഞ്ഞ് എനിക്ക് അവനെ വിലക്കാൻ സാധിക്കില്ല. അവന് അഭിമുഖം കൊടുക്കണമെന്ന് തോന്നിയാൽ അവൻ കൊടുക്കും.
സ്ഥിര വരുമാനം കിട്ടുന്നത് നല്ലതാണല്ലോ, അങ്ങനെയൊരു ജോലി കിട്ടിയാൽ ഞാൻ പോലും. പക്ഷെ ഇപ്പോൾ ഞാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം എന്റെ പാഷനായി മാറി. അതുകൊണ്ട് തന്നെ സൈഡിലൂടെ ഇത് കൂടി ചെയ്യാൻ ഞാൻ ആഗ്രഹികുന്നുണ്ട്.
എന്റെ പേരിലല്ല പുതിയ വീടും സ്ഥലവും. അതെന്റെ മക്കളുടെ പേരിലാണ്. അവരുടെ അമ്മയായത് കൊണ്ട് ഞാൻ അവിടെ കഴിയുന്നു. ഞാൻ അവിടെ താമസിക്കുന്നതിനെതിരായ കമന്റുകൾ വരുന്നത്. ഇവളെ എന്തിനാണ് അവിടെ താമസിപ്പിക്കുന്നത് , ഇവളെ ഇറക്കി വിടൂ അങ്ങനെയൊക്കെയാണ് ചിലർ പറയുന്നത്. എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ല. ഞാൻ കൊല്ലം സുധിയുടെ ഭാര്യയാണ്. അദ്ദേഹം മരിച്ചുപോയി. എനിക്ക് വീട് തരിക എന്ന് പറഞ്ഞാൽ എന്റെ പേരിലാവണ്ടേ വീട്. സുധിയുടെ പേരിലല്ല വീട്, മക്കളുടെ പേരിലാണ്, അതൊരിക്കലും എന്റെ വീടാകില്ല, ഞാൻ അവിടെ താമസിക്കുന്നുവെന്നേ ഉള്ളൂ. ആധാരത്തിൽ എഴുതിയ കാര്യമാണ് ഞാൻ പറയുന്നത്. എന്റെ പേരിൽ ഒന്നും എഴുതിതന്നിട്ടില്ല. സുധിയുടെ പൂർണ അവകാശം എനിക്കാണ്. അദ്ദേഹത്തിന്റെ ഫോട്ടോ വെയ്ക്കാനും പേര് ഉപയോഗിക്കാനുമൊക്കെയുള്ള അവകാശം എനിക്കുണ്ട്. പക്ഷെ വീട് എന്‌റെ പേരിൽ അല്ലെന്ന് ഞാൻ എവിടേയും പറയും.
ആ വീട്ടിൽ അവകാശം ഇല്ലെന്നല്ല, പക്ഷെ എന്റെ പേരിലല്ല വീടിരിക്കുന്നത്. മരിച്ചാലും ഞാൻ എന്റെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കില്ല. സുധിച്ചേട്ടന്റെ രണ്ട് മക്കളുടേയും പേരിലാണ് വീട് എന്നത് എനിക്ക് സന്തോഷമേ ഉള്ളൂ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സത്യങ്ങൾ സത്യമല്ലാതാകുന്നില്ല. എനിക്ക് ദൈവത്തേയും സുധിച്ചേട്ടനേയും മാത്രം ബോധിപ്പിച്ചാൽ മതി. എന്നെ തെറിവിളിച്ചാൽ ഞാൻ തിരിച്ച് തെറി വിളിക്കാറില്ല. പക്ഷെ നല്ല വർത്താനം പറയും', രേണു വ്യക്തമാക്കി.
അതേസമയം അഭിമുഖം നടത്തുന്നയാൾ പലതവണ രേണുവിനെ പ്രകോപിപ്പിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രകോപനങ്ങളിലൊന്നും രേണു വീണില്ല. ഇതിന് കൈയ്യടിക്കുകയാണ് ചിലർ. ആങ്കർ വളരെ അഹങ്കാരത്തോടെ സംസാരിച്ചിട്ടും അതിലൊന്നും വീഴാതെ കൃത്യമായി മറുപടി നൽകാൻ രേണുവിന് സാധിച്ചുവെന്നാണ് പലരും ചിലർ കമന്റ് ചെയ്യുന്നത്. ആങ്കറിന്റെ ചോദ്യങ്ങളാണ് ചിലരെ ചൊടിപ്പിച്ചത്. എന്തിനാണ് വിവാദമായ കാര്യങ്ങൾ അഭിമുഖത്തിൽ ആവർത്തിക്കുന്നതെന്നാണ് ഇവർ പറയുന്നത്. എന്നാൽ ആങ്കറിനെ തുണച്ചുള്ള കമന്റുകളും ഉണ്ട്.
'ആങ്കറിനെ എന്തിനു കുറ്റപ്പെടുത്തുന്നു, ഈ ചോദ്യങ്ങൾ മൊത്തം കമെൻ്റ് ആയി വന്നത് ആണ്. ഇപ്പോൾ ഇവർ രണ്ടാളും വന്നാൽ നല്ല റീച്ചും ഉണ്ട്. രേണു ഇത്ര മിടുക്കിയായിരുന്നു എന്ന് മനസ്സിലാക്കിക്കൊടുക്കാൻ കൂടി ഈ ഇൻ്റർവ്യൂവർക്ക് കഴിഞ്ഞു', ഒരാൾ കമന്റിൽ പറഞ്ഞു. അതേസമയം ഇന്റർവ്യൂ സ്ക്രിപ്റ്റഡ് ആണെന്നാണ് ചിലർ പറയുന്നത്.
'കൊല്ലം സുധി യുടെ ബോഡി യുടെ അടുത്തിരുന്നു കരയുന്ന ആ പാവം രേണു സുധിയുടെ മുഖം എന്നെ ഒരുപാട് കാലം അലട്ടിയുട്ടുണ്ട്.. ആ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ എന്ന് ആലോചിച്ചു എനിക്കു ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്... ഇപ്പോൾ രേണുവിന്റെ ഈ മാറ്റം കാണുമ്പോൾ സത്യത്തിൽ സന്തോഷം തോന്നുന്നു', എന്നാണ് വീഡിയോക്ക് താഴെ മറ്റൊരാൾ കമന്റ് ചെയ്തത്.












Click it and Unblock the Notifications