മമ്മൂട്ടി സർ സ്പെഷ്യലാണ്, ഇപ്പോഴും അക്കാര്യം ചെയ്യാൻ തയ്യാറാവുന്നു; ജ്യോതിക
മലയാളികളുടെ പ്രിയങ്കരിയായ തമിഴ് നായികയാണ് ജ്യോതിക. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ അവർ ഒരുപിടി മികച്ച ചലച്ചിത്രങ്ങളുടെ ഭാഗമായി മുന്നോട്ട് പോവുകയാണ്. ഇതിനിടയിൽ മലയാളത്തിലും അവർ സാന്നിധ്യം അറിയിക്കുകയാണ്. മമ്മൂട്ടി നായകനായി എത്തുന്ന ജിയോ ബേബി സംവിധാനം ചെയ്‌ത കാതൽ എന്ന ചിത്രത്തിലൂടെയാണ് ജ്യോതികയുടെ തിരിച്ചുവരവ്.
ഇപ്പോഴിതാ കാതലിന്റെ പ്രമോഷൻ പരിപാടിയിൽ വച്ച് മമ്മൂട്ടിയുമായി അഭിനയിച്ചപ്പോൾ ഉള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ജോ. മമ്മൂട്ടി കമ്പനിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് സിനിമയെയും അവർ പ്രശംസിച്ചു. 'കഴിഞ്ഞ ആഴ്‌ചയാണ് കണ്ണൂർ സ്‌ക്വാഡ് കണ്ടത്. എന്ത് തരം സിനിമയാണ് അവർ നിർമ്മിച്ചത് എന്ന് ഞാൻ അത്ഭുതപ്പെട്ടുപോയി' ജ്യോതിക പറഞ്ഞു.

കരിയറിൽ ഒരുപാട് നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ അതിൽ നിന്നെല്ലാം സ്പെഷ്യലാണ് മമ്മൂട്ടിയെന്നും അവർ ചൂണ്ടിക്കാട്ടി. അതിനുള്ള കാരണവും ജ്യോതിക വെളിപ്പെടുത്തുകയുണ്ടായി.
'തുറന്ന് പറയുകയാണെങ്കിൽ ഒരുപാട് ഹീറോസിനൊപ്പം അഭിനയിച്ചിട്ടുണ്ട്. പക്ഷേ മമ്മൂട്ടി സർ വളരെ സ്പെഷ്യലായി തോന്നി. അദ്ദേഹത്തെ ഇരുത്തികൊണ്ട് പറയുകയല്ല. ഈയൊരു ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴും അദ്ദേഹം പരീക്ഷണങ്ങൾ നടത്താൻ തയ്യാറാവുന്നു. ഒരുപാട് വ്യത്യസ്‌തമായ സിനിമകൾ ചെയ്യാൻ തയ്യാറാവുന്നു. ഇത്തരം പരീക്ഷണങ്ങൾ ചെയ്യുന്നവരാണ് ഹീറോസ്' ജ്യോതിക തന്റെ നിലപാട് വ്യക്തമാക്കി.
കാതൽ സിനിമയുടെ സംവിധായകനായ ജിയോ ബേബിയുടെ മുൻ ചിത്രം ഗ്രേറ്റ് ഇന്ത്യൻ കിച്ചണിനെ കുറിച്ചും ജോ മനസ് തുറന്നു. 'ഈ ചിത്രത്തിന്റെ വലിയ ആരാധികയാണ് ഞാൻ. സിനിമ കണ്ട് ഞാൻ ഷോക്കായിപ്പോയി. മലയാള സിനിമ വളരെ പ്രോഗ്രസീവ് ആണെന്ന് അറിയാം. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സംവിധായകന്റെ പടമാണ്. വളരെ കുറച്ച് സംഭാഷണങ്ങളും അസാധാരണമായ അഭിനയ പ്രകടനങ്ങളുമാണ് ആ ചിത്രത്തിലുള്ളത്' ജ്യോതിക പറഞ്ഞു.
അതേസമയം, മമ്മൂട്ടിയും ജ്യോതികയും മുഖ്യ വേഷത്തിലെത്തുന്ന കാതൽ ദി കോർ നവംബർ 23നാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. ഇരുവർക്കും പുറമെ ഒരുപിടി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
സാലു കെ തോമസ് ഛായാഗ്രഹണവും, മാത്യൂസ് പുളിക്കൻ സംഗീത സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ്.












Click it and Unblock the Notifications