രേണുവിനെ തുറന്നുകാട്ടാനാണോ വീഡിയോ ചെയ്തത്?;മറുപടിയുമായി കിച്ചുവിന്റെ പുതിയ വീഡിയോ,'ഞാൻ ഒരുപാട് മാറി'
അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചുവിന്റെ യൂട്യൂബ് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. രേണുവിന്റേയും സുധിയുടേയും ഇളയ മകനായ റിതപ്പനൊപ്പമുള്ളതായിരുന്നു കിച്ചുവിന്റെ വീഡിയോ. അനിയനെ കാണാനായി ഓടിയെത്തിയതായിരുന്നു കിച്ചു.ഈ സമയം അമ്മ രേണു വീട്ടിലുണ്ടായിരുന്നില്ല.
ഇതോടെ അനിയനും ചേട്ടനും തമ്മിലുള്ള രസകരമായ നിമിഷങ്ങളാണ് കിച്ചു വീഡിയോയിൽ പകർത്തിയത്. ഇതിനിടയിൽ റിതപ്പന്റെ സംസാരങ്ങളും കിച്ചു വീഡിയോയിൽ പങ്കിട്ടിരുന്നു. ചേട്ടൻ വീഡിയോ എടുക്കുന്നത് കണ്ട റിതപ്പൻ വീട്ടിൽ അച്ഛന്റെ ട്രോഫികൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം കിച്ചുവിന് കാണിച്ച് കൊടുത്തു. കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു ഇത്. പിന്നീട് അമ്മയുടെ ട്രോഫിയും റിതപ്പൻ കാണിച്ചു. ഇത് മേശപ്പുറത്ത് വെച്ചിരിക്കുകയായിരുന്നു.

വീഡിയോ പുറത്തുവന്നതോടെ വലിയ വിമർശനമാണ് രേണുവിനെതിരെ ഉയർന്നത്. സുധിയുടെ ട്രോഫികൾ രേണു ബോധപൂർവ്വം നശിപ്പിച്ചുവെന്നൊക്കെയുള്ള വിമർശനങ്ങൾ ഉയർന്നു. കിച്ചു മനപ്പൂർവ്വമാണ് ഇത്തരമൊരു വീഡിയോ ചെയ്തതെന്നും രേണുവിനെ തുറന്നുകാട്ടുകയായിരുന്നു അവന്റെ ഉദ്ദേശം എന്ന തരത്തിലും ചർച്ചകൾ ഉണ്ടായി. ഇപ്പോഴിതാ വിവാദത്തിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കിച്ചു. തന്റെ യുട്യൂബ് ചാനലിൽ പങ്കിട്ട ലൈവിലൂടെയാണ് പ്രതികരണം. തന്റെ ചാനൽ 100 കെ സബ്സ്ക്രൈബേഴ്സ് കടന്നതിന്റെ സന്തോഷം പങ്കുവെച്ചുള്ള വീഡിയോയിലാണ് വിവാദങ്ങളോടും കിച്ചു പ്രതികരിച്ചത്.
കേക്ക് മുറിച്ച് കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. സുധിയുടെ സഹോദനും ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പമാണ് കിച്ചു തന്റെ ആദ്യ നേട്ടം ആഘോഷിച്ചത്. തനിക്ക് ക്ലാസും കാര്യങ്ങളുമൊക്കെ ഉള്ളതുകൊണ്ടാണ് റിതപ്പനെ കാണാൻ എപ്പോഴും പോകാൻ സാധിക്കാത്തതെന്നും ഇനി ഇടയ്ക്കിടെ പോകുമെന്നും കിച്ചു പറഞ്ഞു. 'ക്ലാസ് ഇപ്പോൾ ഇടയ്ക്കിടയ്ക്കെ ഉള്ളൂ, ഇനി പോകും, ഞാൻ ഇപ്പോൾ ആനിമേഷൻ ആന്റ് വിഎഫ്എക്സ് ആണ് പഠിക്കുന്നത്. 100 കെ സബ്സ്ക്രൈബേഴ്സ് ആയതിന്റെ സന്തോഷത്തിൽ റിതപ്പന് അല്ലാതെ ഞാൻ മറ്റാർക്ക് സമ്മാനം വാങ്ങിക്കൊടുക്കാനാണ്', കിച്ചു പറഞ്ഞു.
കിച്ചു പറഞ്ഞിട്ടല്ലേ അച്ഛനെ പള്ളിയിൽ അടക്കിയതെന്ന ഒരാളുടെ ചോദ്യത്തിന് കുട്ടി മറുപടി നൽകി. 'ആ സമയത്ത് എനിക്ക് കൃത്യമായൊരു മറുപടി ഇല്ലായിരുന്നു. ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്താവെച്ചാൽ ചെയ്തോന്ന് അപ്പോൾ പറഞ്ഞു, അങ്ങനെയാണ് പള്ളിയിൽ അടക്കിയത്', കിച്ചു വ്യക്തമാക്കി. ആരേയും മോശമായി കാണിക്കാനായിരുന്നില്ല വീട്ടിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചതെന്നും കിച്ചു വിശദീകരിച്ചു.
' കോട്ടയത്ത് പോയപ്പോൾ അങ്ങനെയൊരു വീഡിയോ എടുക്കണമെന്നൊന്നും ചിന്തിച്ചില്ല. അവനെ കാണണം എന്ന് കരുതി പോയതാണ്. അച്ഛന്റെ അപകടമരണവുമായി ബന്ധപ്പെട്ട ഇൻഷുറൻസ് കേസ് നടക്കുന്നുണ്ട്. അതിന്റെ ഒരു പേപ്പർ കൊടുക്കാൻ പോയതാണ്. അപ്പോൾ അവനെയൊന്ന് കാണാം എന്ന് കരുതി പോയതാണ്. അങ്ങനെയൊരു വീഡിയോ എടുത്ത് ഇട്ടതാണ്. അല്ലാതെ ആരേയും മോശമാക്കാൻ വേണ്ടി പങ്കുവെച്ച വീഡിയോ അല്ലത്', കിച്ചു വിശദീകരിച്ചു. 'ജീവിത്തതിൽ എനിക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ഞാൻ പണ്ടൊന്നും ഇത്തരത്തിൽ സംസാരിക്കാറ് പോലും ഇല്ലായിരുന്നു. യുട്യൂബ് ചാനലിന് ഇപ്പോഴും വരുമാനം കിട്ടിത്തുടങ്ങിയിട്ടില്ല', കിച്ചു പറഞ്ഞു.
അതേസമയം മകൻ മനപ്പൂർവ്വം വീഡിയോ ചെയ്തതാണെന്ന ആരോപണങ്ങളെ നേരത്തേ രേണുവും തള്ളിയിരുന്നു. അവൻ അനിയനെ കാണാൻ വന്നപ്പോൾ എടുത്ത വീഡിയോയിരുന്നു അതെന്നും താൻ ട്രോഫി മനപ്പൂർവ്വം കട്ടിലിനടിയിൽ കളഞ്ഞതല്ലെന്നും രേണുവിശദീകരിച്ചിരുന്നു. കുഞ്ഞ് എടുത്ത് നശിപ്പിക്കാതിരിക്കാൻ മാറ്റിവെച്ചതാണെന്നായിരുന്നു രേണുവിന്റെ വാക്കുകൾ.












Click it and Unblock the Notifications