'ലിയോ തമിഴ്നാട് തീയറ്റർ ഉടമകൾക്ക് വൻ നഷ്ടം; പ്രദർശിപ്പിച്ചത് മറ്റ് ചിത്രങ്ങൾ ഇല്ലാതിരുന്നതിനാൽ'
ബോക്സ് ഓഫീസ് കളക്ഷനുകളിൽ ഞെട്ടിക്കുകയാണ് ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിൽ ഇറങ്ങിയ ലിയോ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രം ആദ്യ അഞ്ച് ദിവസം കൊണ്ട് 419 കോടി നേടിയതായാണ് വിവരം. എന്നാല്‍ തങ്ങളെ സംബന്ധിച്ച് ചിത്രം വലിയ നഷ്ടമാണെന്ന് പറയുകയാണ് തമിഴ്നാട് തീയറ്റർ ഉടമകളുടെ പ്രസിഡന്റ് തിരുപ്പൂർ സുബ്രമണ്യൻ.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോയാണ് 'ലിയോ' തമിഴ്‌നാട്ടിൽ വിതരണം ചെയ്തത്. സിനിമയുടെ വരുമാനത്തിന്റെ 80 ശതമാനം വിഹിതമാണ് അവർ ആവശ്യപ്പെട്ടതെന്ന് സുബ്രമണ്യൻ പറയുന്നു. ആവശ്യത്തിൽ പ്രതിഷേധിച്ച് ചെന്നൈയിലുടനീളമുള്ള തിയേറ്റർ ഉടമകൾ ആദ്യം സിനിമ പ്രദർശിപ്പിക്കാൻ വിസമ്മതിച്ചിരുന്നു. പിന്നീട് ചർച്ചകൾക്ക് ശേഷമാണ് സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. തമിഴ്നാട്ടിൽ 850 ലധികം സ്ക്രീനുകളിൽ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഗണ്യമായ വരുമാന വിഹിതം ആവശ്യപ്പെട്ടത് കൊണ്ട് തന്നെ തീയയറ്റർ ഉടമകളെ സംബന്ധിച്ച് ചിത്രം ഒരിക്കലും ലാഭമായിരുന്നില്ലെന്ന് സുബ്രമണ്യൻ ആരോപിച്ചു. പല തീയറ്റർ ഉടമകളും സിനിമ പ്രദർശിപ്പിച്ചത് താത്പര്യത്തോടെയല്ലെന്നും സബ്രഹ്മണ്യൻ പറഞ്ഞു. ഇത്തരത്തിൽ ഉയർന്ന വരുമാന വിഹിതം തുടർന്നും ആവശ്യപ്പെട്ടാൽ തീയേറ്ററിന്റെ അറ്റകുറ്റപ്പണികളും പ്രവർത്തനച്ചെലവും ഫലപ്രദമായി വഹിക്കാനാകില്ലെന്ന് സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി.
മേഖലയിലെ തിയറ്റർ ഉടമകൾ നേരിടുന്ന വെല്ലുവിളികളും വ്യവസായത്തിന്റെ സുസ്ഥിരത ഉറപ്പാക്കാൻ കൂടുതൽ തുല്യമായ രീതിയിൽ വരുമാനം പങ്കിടേണ്ടതുണ്ടെനനും അദ്ദേഹം പറഞ്ഞു. മറ്റ് സൂപ്പർ താരങ്ങളുടെ സിനിമരൾ ഒന്നും ഇല്ലാതിരുന്നതിനാലാണ് ലിയോ പ്രദർശിപ്പിക്കാൻ തങ്ങൾ നിർബന്ധിതരായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications