മമ്മൂട്ടിയുടേത് ഖുറാന്‍ പോലുള്ള മനസ്സാണ്: എന്റെ റോള്‍ മോഡലാണ് അദ്ദേഹമെന്നും വിനോദ് കോവൂർ
സിനിമയിലും ജീവിതത്തിലും മമ്മൂട്ടി ചെലുത്തിയ സ്വാധീനം തുറന്ന് പറഞ്ഞ് നടന്‍ വിനോദ് കോവൂർ. ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ആദ്യം കാണിക്കുന്നത് മമ്മൂട്ടിയെയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു റിലീസ്. എന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് തന്നത് മമ്മൂട്ടിയാണ്. വർഷം എന്ന സിനിമയില്‍ എനിക്ക് ഏറ്റവും നല്ല വേഷം തന്നത് മമ്മൂട്ടിയാണ്. 2024 ല്‍ ഒരു ഷോർട്ട് ഫിലിമിലെ അഭിനയത്തിന് ദേശീയ തലത്തിലുള്ള അവാർഡ് ലഭിച്ചപ്പോള്‍ ആദ്യം വിളിച്ച് അഭിനന്ദിക്കുന്നത് മമ്മൂട്ടിയാണ്. അത്തരത്തില്‍ ഒട്ടനവധി പ്രത്യേകതകള്‍ എന്റെ ജീവിതത്തില്‍ മമ്മൂട്ടിക്കുണ്ടെന്നും വിനോദ് കോവൂർ പറയുന്നു.
ഇപ്പോള്‍ ഞാന്‍ ഉപയോഗിക്കുന്ന കാർ വാങ്ങിക്കാനുള്ള കാരണക്കാരന്‍ മമ്മൂട്ടിയാണ്. പല രീതിയിലും അദ്ദേഹം എനിക്ക് റോള്‍ മോഡിലാണ്. ഒരു പുസ്തകം എഴുതിയപ്പോള്‍ ആദ്യത്തെ കോപ്പി അദ്ദേഹത്തിന് തന്നെ കൊടുക്കണമെന്ന് വിചാരിച്ചു. ഞാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം സംസ്ഥാനത്തിന് പുറത്തായിരുന്നു. ഞാന്‍ ഉടന്‍ തന്നെ തിരിച്ച് എത്തുമെന്നും നീ പുസ്തവുമായി ലൊക്കേഷനിലേക്ക് വാ എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ലൊക്കേഷനില്‍ പോയി പുസ്തകം കൊടുത്തു. എഴുത്തുകാരനും കൂടിയായി, ഇനി കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

വായിച്ച് കഴിഞ്ഞിട്ടും മെസേജ് അയച്ചിരുന്നു. നന്നായിട്ടുണ്ട്, ഇനിയും എഴുതണമെന്ന് പറഞ്ഞു. വർഷം സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് മംമ്ത മോഹന്‍ദാസിനെ ഞാന്‍ ആദ്യമായി കാണുന്നത്. എന്നെ മമ്മൂട്ടി പരിചയപ്പെടുത്തിയതോടെ അവർ ഒരുപാട് നന്ദിയുണ്ടെന്നും പറഞ്ഞ് കൈപിടിച്ചു. അമേരിക്കയില്‍ ചികിത്സയിലായിരുന്ന സമയത്ത് എന്റെ ഒരു കോമഡിയാണ് അവർ വലിയ മോട്ടിവേഷന്‍ ഉണ്ടാക്കിയതെന്ന് പറഞ്ഞു. ഒരു കോഴിക്കോട്ടുകാരന്‍ കാലനെ കാണുന്നത് സ്കിറ്റായിരുന്നു അതെന്നും വിനോദ് പറയുന്നു.
മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മംമ്തയുടെ വാക്കുകള്‍ കേട്ടയുടനെ മമ്മൂട്ടി യൂട്യൂബില്‍ നിന്നും ആ സ്കിറ്റ് എടുത്ത് കണ്ടു. അദ്ദേഹം സ്കിറ്റ് ആസ്വദിക്കുന്നത് കണ്ട് എനിക്ക് വലിയ സന്തോഷമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുടേത് ഖുറാന്‍ പോലുള്ള മനസ്സാണ് എന്നായിരുന്നു അഭിമുഖത്തില്‍ വിനോദ് കോവൂരിനൊപ്പം പങ്കെടുത്ത നെല്‍സന്റെ അഭിപ്രായം. അതുപോലെ നല്ല മനുഷ്യനാണ്. മിമിക്രി ആർട്ടിസ്റ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപകാരം ചെയ്ത മഹാനടന്‍ മമ്മൂട്ടിയാണ്. തുടക്കക്കാരായ പയ്യന്മാരെ വരെ അദ്ദേഹത്തിന് അറിയാം. അത്രയും അപ്ഡേറ്റഡാണ് അദ്ദേഹമെന്നും നെല്‍സണ്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications