'മമ്മൂട്ടിയെ ആക്രമിച്ചു, അത് പ്രശ്നമല്ല, കാവ്യ മാധവനെ കൈയ്യടിക്ക് വേണ്ടി എയറിൽ കയറ്റി'; രാഹുൽ ഈശ്വർ
യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ നടിക്കെതിരെ വലിയ വിമർശനം ഉയരുകയാണ്. സിനിമയിൽ സ്ത്രീകളെ ഒബ്ജെക്ടിഫൈ ചെയ്യുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് വിമർശനങ്ങളിൽ ഏറെയും. മുൻപ് കസബ വിവാദത്തിൽ മമ്മൂട്ടക്കെതിരെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടി വിമർശിച്ച ഡബ്ല്യുസിസി അംഗങ്ങളിൽ ഒരാൾ കൂടിയായ ഗീതുവിന് സ്വന്തം സിനിമയിലെ സ്ത്രീ വിരുദ്ധത മനസിലാകുന്നില്ലേയെന്നാണ് വിമർശകരുടെ ചോദ്യം. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് രാഹുൽ ഈശ്വറും. രാഹുലിന്റെ വാക്കുകൾ ഇങ്ങനെ

'ഗീതു മോഹൻദാസ് അടക്കമുള്ള ഫെമിനിസ്റ്റ് നിലപാട് ഉയർത്തിപ്പിടിക്കുന്നവരുടെ പ്രത്യേകത ബാക്കിയുള്ളവർക്ക് ഒന്നും പാടില്ല, പക്ഷെ തങ്ങൾക്ക് എന്തും ആകാമെന്നാണ്. കസബ സിനിമയിൽ അതിന്റെ ഡയറക്ടർ എഴുതിക്കൊടുത്ത ഡയലോഗ് പറഞ്ഞപ്പോൾ മമ്മൂട്ടിയെ ആക്രമിക്കാൻ ആളുകൾക്ക് ഒരു മടിയും കണ്ടില്ല. ഗീതുമോഹൻദാസിന്റെ ചിത്രത്തിന്റെ പേര് തന്നെ ടോക്സിക് എന്നാണ്. ലൈംഗികോദ്ദീപകമായ പോസ്റ്ററും വീഡിയോകളുമൊക്കെ ആ സിനിമയിൽ ഉണ്ട്. പക്ഷെ അത് സ്ത്രീ വിരുദ്ധതയല്ല, ഗീതു മോഹൻദാസ് ചെയ്താൽ സ്ത്രീ വിമോചനവും ഫെമിനിസവും സ്ത്രീകളെ മഹത്വവത്കരിക്കാ്‍ ഉള്ളതുമാണ്. മമ്മൂട്ടി പറഞ്ഞാൽ അത് സ്ത്രീവിരുദ്ധതയുമാണ്. പുരുഷൻ എന്ത് പറഞ്ഞാലും തെറ്റും സ്ത്രീ എന്ത് പറഞ്ഞാലും ശരിയാണ് എന്ന മട്ടിലുമാണ് കാര്യങ്ങൾ പോകുന്നത്.
യഷ് സൂപ്പർ സ്റ്റാറാണ്, കെജിഎഫിന്റെയൊക്കെ മോഡലിൽ എടുത്തതായിരിക്കും, പക്ഷെ സ്ത്രീ വിരുദ്ധത എന്ന് പറഞ്ഞ് മറ്റുള്ളവരെ ആക്രമിക്കുമ്പോൾ എന്നെങ്കിലും ഇത് തിരിഞ്ഞുകുത്തും എന്ന് മറക്കരുത്. പ്രത്യേകിച്ച് ഈ കുത്തിപ്പൊക്കലുകളുടെ കാലത്ത്. വിമർശനങ്ങൾ ആസ്വദിക്കുന്നൊരാൾ ഞാൻ .പോസിറ്റീവ് ട്രോളുകൾ ആസ്വദിക്കാം. പക്ഷെ വ്യക്തിഹത്യ ആകരുത്. എന്തായാലും ഗീതുമോഹൻദാസ് എയറിൽ നിൽക്കട്ടെ, വിമർശനങ്ങൾക്ക് അവർ തന്നെ മറുപടി നൽകട്ടെ.
നമ്മൾ എന്ത് നിലപാട് സ്വീകരിച്ചാലും അതിൽ സത്യസന്ധമായി ഉറച്ച് നിൽക്കണം. ഞാൻ പറയുന്നത് സത്യസന്ധമായ നിലപാടായതിനാലാണ് ജനങ്ങൾ എനിക്കൊപ്പം നിൽക്കുന്നത്. നടൻ സിദ്ധിഖ്, വിജയ് ബാബു, ഒമർ ലുലു തുടങ്ങിയവരുടെ വിഷയങ്ങളിൽ ഞാൻ എടുത്ത നിലപാട് ശരിയാണെന്ന് കാലവും കോടതിയും തെളിയിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യമാധവനെ അടക്കം എത്ര ദിവസം മുഖ്യധാരാ മാധ്യമങ്ങൾ എയറിൽ കയറ്റി. കാവ്യയുടെ അമ്മയെ വരെ വിമർശിച്ചില്ലേ.
ലിബറൽ ആൾക്കാരുടെ കൈയ്യടിക്ക് വേണ്ടി ചെയ്യുന്നതാണ് ഇതൊക്കെ. സത്യസന്ധതയാണ് ഏറ്റവും പ്രധാനം. സത്യസന്ധമായ നിലപാടുകൾ തെറ്റിപ്പോയേക്കാം. അത് പക്ഷെ തുറന്ന് പറഞ്ഞാൽ തീരും. നമ്മുടെ ആളുകളുടെ പ്രശ്നം തെറ്റ് പറ്റിയാൽ തുറന്ന് പറയില്ല. ഗീതുമോഹൻദാസ് പണ്ട് പറഞ്ഞ കാര്യം തിരിച്ചെടുക്കുകയോ, അല്ലെങ്കിൽ പറഞ്ഞത് ശരിയല്ലെന്ന് സമ്മതിക്കുകയോ അല്ലെങ്കിൽ മാർക്കറ്റിന് ഇതാണ് ആവശ്യം അതിനാൽ ഞാൻ ടോക്സിക് എടുത്തു എന്ന് പറയുകയും ചെയ്യുന്നതാണ്, അത് പറയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു', രാഹുൽ ഈശ്വർ പറഞ്ഞു.












Click it and Unblock the Notifications