'ഭാര്യയെ,ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട് കൂടെ കൂട്ടി കൊണ്ട് വന്ന മമ്മൂട്ടി'; ദേവന്റെ കുറിപ്പ്
കൊച്ചി: നടൻ മമ്മൂട്ടിയെ കുറിച്ച് കുറിപ്പുമായി നടനും ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവൻ.സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെ പെരുമാറ്റത്തെ പ്രശംസിച്ചുകൊണ്ടുള്ളതാണ് ദേവന്റെ കുറിപ്പ്. മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും ആകർഷിച്ച മനുഷ്യനായി മമ്മൂട്ടിയെന്നാണ് ഫേസ്ബുക്കിൽ ദേവൻ കുറിച്ചത്. നടന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
'മനുഷ്യൻ എന്ന മമ്മൂട്ടി.സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂർ അമ്പലനടയിൽ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികൾ മനസ്സിലാക്കി. ഈ കല്യാണ വേളയിൽ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും ആകർഷിച്ച മനുഷ്യനായി മമ്മൂട്ടി.

പ്രധാനമന്ത്രി നീട്ടിയ ശ്രീ രാമക്ഷേത്രത്തിലെ അക്ഷതം, കൈ നീട്ടി വാങ്ങി പോക്കറ്റിൽ ഇട്ടതും, വധു ദക്ഷിണ കൊടുക്കാൻ ശ്രമിച്ചപ്പോൾ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയതും, ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മുൻപിൽ, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ, അഭിമാനത്തോടെ, വിനയത്തോടെ നിന്നതും, മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി.
ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട്, കൂടെ കൂട്ടി കൊണ്ട് വന്ന ഈ നന്മ നിറഞ്ഞ മമ്മുട്ടിയെ ഞാൻ ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്നേഹിക്കുന്നു', പോസ്റ്റിൽ ദേവൻ കുറിച്ചു.
അതേസമയം മമ്മൂട്ടിയുടെ പെരുമാറ്റത്തിൽ പുതിയ എന്തെങ്കിലും പ്രത്യേകത ഉള്ളതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം ഇതൊക്കെ സ്ഥിരം ചെയ്യുന്നതാണെന്നുമാണ് ചിലർ പോസ്റ്റിന് താഴെ കുറിച്ചത്. മോഹൻലാലും ഇതൊക്കെ ചെയ്തു കാണുമെന്നും എന്നാൽ മമ്മൂട്ടി മുസ്ലീം ആയതിനാൽ മാത്രമാണ് ഇതൊക്കെ പറഞ്ഞതെന്നുമാണ് പോസ്റ്റിന് താഴെ ഒരാൾ പങ്കിട്ട കമന്റ്.
ആ കമന്റ് ഇങ്ങനെ-''സുരേഷ് ഗോപി എന്ന സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് വന്ന മമ്മൂട്ടിയെ മലയാളികൾ കണ്ടു.. ഏത് ഫംഗ്ഷന് പോയാലും ഭാര്യയെ കൂടെ കൊണ്ട് പോകുന്ന ഒരാൾ ആയതിനാൽ അതിലൊരു അദ്ഭുതം മലയാളിക്ക് തോന്നേണ്ടതില്ല..
പ്രധാനമന്ത്രി ആര് തന്നെ ആയാലും അവരുടെ മുന്നിൽ ഏതൊര പൗരനും ബഹുമാനത്തോടെയും വിനയത്തോടേയുമേ നിൽക്കൂ. അത് മമ്മൂട്ടി അല്ല ആരായാലും അങ്ങനെയല്ലേ ചെയ്യൂ.
ഒരാൾ അയാളുടെ വിശ്വാസത്തിന്റെ ഭാഗമായ എന്തെങ്കിലും വിശേഷ വസ്തു നൽകിയാൽ അയാൾ നൽകുന്ന അതേ ബഹുമാനം ആ വസ്തുവിന് നമ്മളും കൊടുക്കും.കോമൺസെൻസാണ്.അത് ഒരു വിശേഷ ക്രിയയാണൊ. ഉദാഹരണമായി അരവണപ്പായസം എനിക്ക് പല സുഹൃത്തുക്കളും തരാറുണ്ട്.. ഞാൻ അത് വാങ്ങിക്കഴിക്കാറുമുണ്ട്.. അതിന് പാൽപ്പായസത്തേക്കാൾ രുചിയുള്ളത് കൊണ്ടല്ല, അവരോടുള്ള സ്നേഹവും അവരുടെ വിശ്വാസത്തോടുള്ള ബഹുമാനവും കൊണ്ടാണ്.
ദക്ഷിണ കൊടുക്കുന്നതും വാങ്ങുന്നതും സംബന്ധിച്ച് അറിവില്ല. എങ്കിലും അച്ഛന്റെ സ്ഥാനത്ത് അല്ലെങ്കിൽ ഗുരുവിന്റെ സ്ഥാനത്ത് അല്ലെങ്കിൽ അങ്ങനെ ബഹുമാനിക്കേണ്ട ഒരു സ്ഥാനത്ത് കണ്ടിട്ട് ആ വധു കൊടുത്ത ദക്ഷിണയെ അത്രത്തോളം ബഹുമാനം തിരിച്ച് കൊടുത്ത് വാങ്ങി, ഇതെല്ലാം ലാലേട്ടനും ചെയ്ത് കാണണം.പക്ഷേ മമ്മൂട്ടിയെ പറഞ്ഞത് അദ്ദേഹം മുസ്ലീം ആയതിനാൽ ആണ്.. ആ ചിന്ത മാറ്റി വെച്ചാൽ ഇത്രയധികം പ്രത്യേകതകൾ ഒന്നും അവിടെയില്ല... എനിക്ക് ഒന്നും തോന്നിയില്ല',കമന്റിൽ പറഞ്ഞു.












Click it and Unblock the Notifications