'ഡബിൾ മീനിംഗ് തമാശകൾ വേണ്ടെന്ന് പണ്ടേ തീരുമാനിച്ചത്, ഈഗോ കാരണം സിനിമ നഷ്‌ടമായി'; മനോജ് ഗിന്നസ്
മലയാള മിനിസ്ക്രീൻ, സ്‌റ്റേജ് ഷോ ഹാസ്യകലാ രംഗത്തെ സൂപ്പർതാരമെന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്നയാളാണ് മനോജ് ഗിന്നസ്. മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഒന്നും ഇല്ലാതിരുന്ന ഒരു കാലത്ത് വെറും സ്‌റ്റേജ് പ്രോഗ്രാമുകളിലൂടെയും വീഡിയോ കാസറ്റുകളിലൂടെയും മലയാളികൾക്ക് ഇടയിൽ ഇറങ്ങിച്ചെന്ന വ്യക്തിയായിരുന്നു മനോജ്. ഒട്ടേറെ മികച്ച സ്‌കിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ചയാൾ കൂടിയായിരുന്നു അദ്ദേഹം.
കരിയറിന്റെ ഒരു ഘട്ടമെത്തിയപ്പോൾ സാങ്കേതിക വിദ്യയുടെ വരവോടെ സ്‌റ്റേജ് പരിപാടികൾക്ക് ഉൾപ്പെടെ ആസ്വാദകർ കുറയുകയായിരുന്നു. പിന്നീട് മനോജ് ഗിന്നസ് ടെലിവിഷൻ രംഗത്തേക്ക് ഇറങ്ങുകയും അവിടെയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്‌തിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ബഡായ് ബംഗ്ലാവ് എന്ന പരിപാടി വലിയ രീതിയിൽ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ഈ പരിപാടിയിൽ മുകേഷ്, രമേഷ് പിഷാരടി, ധർമ്മജൻ, ആര്യ, പ്രസീത തുടങ്ങിയവർക്കൊപ്പം മികച്ചൊരു തിരിച്ചുവരവ് തന്നെയാണ് താരം നടത്തിയത്. എന്നാൽ പ്രതീക്ഷിച്ചത് പോലെ സിനിമകളിൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. ഇപ്പോൾ അതിനെ കുറിച്ച് മനസ് തുറക്കുകയാണ് മനോജ് ഗിന്നസ്. തന്റെ പരിപാടികൾ തുടങ്ങിയ കാലം മുതൽ ഡബിൾ മീനിംഗ് തമാശ പറയാറില്ലെന്ന് മനോജ് വ്യക്തമാക്കി. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭുമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
മനോജ് ഗിന്നസിന്റെ വാക്കുകൾ
അന്നൊന്നും ഒരുപാട് ടിവി പ്രോഗ്രാമുകൾ ഉണ്ടായിരുന്നില്ല. ആളുകൾ ഓർത്തിരിക്കുന്ന ഒട്ടേറെ തമാശകൾ അന്ന് ചെയ്യാൻ കഴിഞ്ഞു. പണ്ട് എന്റെ സിഡി വാങ്ങി അത് കോപ്പി ചെയ്‌ത് അത് കൊറേ സ്ഥലത്ത് വിറ്റ് നടന്ന കൂട്ടുകാരുണ്ട്. ഒരു സ്‌കിറ്റ് ഉണ്ടാക്കാൻ ഒരുപാട് സമയം എടുക്കും. ഒരു ദിവസമോ അഞ്ച് ദിവസമോ ചിലപ്പോൾ മതിയാവില്ല. ഒറ്റയ്ക്കല്ല, എല്ലാവരും ചേർന്നാണ് ഒരു സ്‌കിറ്റ് ഉണ്ടാക്കുന്നത്.
അന്നൊക്കെ ഒരുപാട് കഷ്‌ടപെട്ട് സ്‌കിറ്റ് ചെയ്‌താൽ മാത്രമേ വിജയിക്കുള്ളൂ. ഇന്നത്തെ സ്ഥിതികൾ എന്താണ്ന്ന് വച്ചാൽ ഇപ്പോൾ ചാനലുകൾ ഒരുപാടുണ്ട്. അപ്പോൾ അതിന് അനുസരിച്ച് തമാശകളും അധികമായി നാം കൊണ്ട് വരേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ എഴുത്തിൽ കൊറച്ചു അശ്രദ്ധ വരും. എല്ലാവരും കഴിവുള്ളവരാണ്, തിരക്കുപിടിച്ചു എഴുതുന്നത് കൊണ്ട് തന്നെ അതിനോടുള്ള പ്രതിബദ്ധത കുറയും.
അപ്പുറത്ത് നിന്നൊരു ചോദ്യം വരികയും ഇപ്പുറത്ത് ഒരു രസകരമായ മറുപടി വരികയും ചെയ്യുമ്പോഴാണ് അതൊരു നല്ല കോമഡിയാവുന്നത്. ആ ചോദ്യം അത്തരത്തിൽ ഉള്ള ചോദ്യമായിരുന്നു. ആദ്യ കാലത്ത് ഇതിലൊന്നും പ്രശ്‌നങ്ങൾ ഇല്ലായിരുന്നു. നിറത്തെ കുറിച്ചോ ശരീരത്തെ കുറിച്ച് പറഞ്ഞാലോ പ്രശ്‌നങ്ങളുണ്ട്. ഇപ്പോൾ കുറച്ച് പ്രശ്‌നങ്ങളുണ്ട്. അതൊക്കെ ഇപ്പൊ പറയാൻ പറ്റില്ല.
ഞാനൊക്കെ അന്നേ ഒരു കാര്യം ശ്രദ്ധിക്കാറുണ്ടായിരുന്നു, അശ്ലീല തമാശകൾ പറയാതിരിക്കാൻ. അങ്ങനെ ചെയ്‌താൽ ചിലപ്പോൾ പെട്ടെന്ന് ചിരിക്കുമായിരിക്കും. പക്ഷേ പിന്നെ അവർ മനസ്സിൽ വിചാരിക്കും നമ്മളെ കുറിച്ച്. എന്റെ സിഡികളിലോ പരിപാടികളിലോ അങ്ങനെ മോശം തമാശകൾ കാണാൻ നിങ്ങൾക്ക് കഴിയില്ല. നല്ല തമാശ മതി, അതാണ് ജനങ്ങൾക്ക് വേണ്ടത്.
ഡബിൾ മീനിംഗ് തമാശ വേണ്ടെന്ന് മിമിക്രി തുടങ്ങിയ കാലത്തേ തീരുമാനിച്ചതാണ്. അതിന് അധികം ആയുസില്ല. നമ്മൾ അവിടെ ചെറുതാവുകയാണ് ചെയ്യുന്നത്. ഒരു അച്ഛൻ, അമ്മ ഫാമിലി ഒക്കെ വരുമ്പോൾ അവരുടെ മുൻപിൽ ഇത്തരം തമാശകൾ പറഞ്ഞാൽ ചിലപ്പോൾ അവർ ചിരിക്കുമായിരിക്കും. പക്ഷേ അത് വേണ്ടെന്ന് നേരത്തെ തീരുമാനിച്ചതാണ്.
സിനിമയിൽ എത്താത്തത് എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ശരിക്കും ശ്രമങ്ങളാണ് ഒരാളെ വളർത്തുന്നത്. ആരെങ്കിലും ഒക്കെ വിളിക്കുമെന്ന് കരുതിയിരുന്നു. അന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പല കലാകാരന്മാരും ഇതിനായി ശ്രമങ്ങൾ നടത്തിയിരുന്നു. അങ്ങനെയുള്ളവർ എല്ലാരും ഇന്ന് നല്ല സിനിമാ താരങ്ങളാണ്. എന്റെയൊക്കെ ചിന്ത എന്താണെന്ന് വച്ചാൽ ഇങ്ങോട്ട് വന്ന് കൊണ്ട് പോവുമെന്ന്. ഈഗോ കാരണം ചില സിനിമകൾ നഷ്‌ടമായിട്ടുണ്ടാവും.












Click it and Unblock the Notifications