'ഷൈൻ ടോം ചാക്കോയുടെ ആ സിനിമ ചെയ്യരുതെന്ന് സുഹൃത്തുക്കൾ പറഞ്ഞു, ഒടുവിൽ അതുകണ്ട് ഞാൻ തന്നെ ഉറങ്ങി'; ഗിരീഷ് ലാൽ
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഷൈൻ ടോം ചാക്കോ. സിനിമയിൽ സജീവമായിട്ട് വർഷങ്ങൾ കൊറേ ആയെങ്കിലും അടുത്ത കാലത്താണ് താരത്തിന് ശ്രദ്ധേയമായ വേഷങ്ങൾ ധാരാളമായി ലഭിച്ചത്. ഇടക്കാലത്ത് താരം നായകനായി ഒട്ടേറെ സിനിമകൾ പുറത്തുവരികയും ചെയ്‌തിരുന്നു. നിരവധി കരുത്തുറ്റ വേഷങ്ങളാണ് മലയാള സിനിമയിൽ ഈയിടെ താരം ചെയ്‌തത്. അതിൽ പുതുമുഖ സംവിധായകരുടെയും മുതിർന്ന സംവിധായകരുടെയും ചിത്രങ്ങൾ അടങ്ങിയിട്ടുണ്ട്.
പറവ, തല്ലുമാല, ഉണ്ട, ഭീഷ്‌മ പർവം, കുമാരി, ഇതിഹാസ, ഇഷ്ഖ്, കുറുപ്പ്, ടിയാൻ, കൊറോണ പേപ്പേഴ്‌സ് എന്നിങ്ങനെയുള്ള ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മലയാളത്തിന് പുറമേ ഇടക്കാലത്ത് തമിഴിലും തെലുഗിലും വരെ ഷൈൻ തിളങ്ങിയിരുന്നു. എന്നാൽ അടിക്കടിയുള്ള ലഹരിക്കേസുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ താരത്തിന്റെ കരിയറിനെ കാര്യമായി ബാധിക്കുന്നുണ്ട്. നേരത്തെ ഷൈനിന് എതിരായ കൊക്കെയ്ൻ കേസ് തള്ളിപ്പോയിരുന്നു.

ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട ഒരു വിവരം വെളിപ്പെടുത്തുകയാണ് പ്രമുഖ നിർമ്മാതാവ് എഎസ് ഗിരീഷ് ലാൽ. മലയാളത്തിൽ മികച്ച ഒരുപിടി ചിത്രങ്ങൾ നിർമ്മിച്ച വ്യക്തിയാണ് ഗിരീഷ് ലാൽ. നിലവിൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സൂപ്പർതാര ചിത്രങ്ങൾ അടക്കം ഗിരീഷ് ലാൽ നിർമ്മിച്ചിട്ടുണ്ട്.
പൃഥ്വിരാജ് നായകനായ സൂപ്പർഹിറ്റ് ഫാമിലി എന്റർടെയ്‌നർ മാണിക്യക്കല്ല് ഉൾപ്പെടെ ഇതിലുണ്ട്. കൂടാതെ മോഹൻലാൽ, ആസിഫലി, ഫഹദ് ഫാസിൽ എന്നിവർ മുഖ്യ വേഷത്തിൽ എത്തിയ റെഡ് വൈൻ, ഷൈൻ ടോം ചാക്കോ നായകനായ മാസ്‌ക് എന്നിവയും ഗിരീഷ് ലാലാണ് നിർമ്മിച്ചത്. ദി മാസ്‌ക് എന്ന ചിത്രത്തെ കുറിച്ച് ഗിരീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. ചിത്രം എടുക്കരുതെന്ന് പലരും പറഞ്ഞെന്ന് ഗിരീഷ് വെളിപ്പെടുത്തി. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
എഎസ് ഗിരീഷ് ലാലിന്റെ വാക്കുകൾ
ചെയ്‌തതിൽ എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ചിത്രമായിരുന്നു മാണിക്യക്കല്ല്. ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതിരുന്ന ചിത്രമായിരുന്നു അത്. എന്റെ അഭിപ്രായം മുഴുവൻ കേട്ട് തന്നെയാണ് ആ സിനിമ എടുത്തത്. സ്ക്രിപ്റ്റ് ത്രൂഔട്ട് എന്നെ കേൾപ്പിച്ചു തന്നെയാണ് മോഹൻ പടം എടുത്തത്. തിരക്കഥ മുഴുവനായും തിരുവനന്തപുരത്ത് നിന്ന് എഴുതി കഴിഞ്ഞിരുന്നു. മുഴുവൻ സമയവും മോഹൻ നമ്മളോടൊപ്പം തന്നെ ഉണ്ടായിരുന്നു.
നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഒക്കെ സ്വീകരിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഓരോ സീൻ എഴുതുമ്പോഴും നമ്മളുമായിട്ട് ചർച്ച നടത്തും. രാത്രി ഞാൻ പോയിരുന്ന് വായിക്കും. തുടക്കം മുതൽ പൃഥ്വിരാജിനെ തന്നെയാണ് ആ ചിത്രത്തിൽ നായകനായി കണ്ടിരുന്നത്. വേറെയാരുമില്ല, പൃഥ്വിരാജിനെ തന്നെ മനസിൽ കണ്ടാണ് എഴുതിയിരുന്നത്.
മോഹൻ വഴി വന്നതാണ് അത്, നല്ല സബ്‌ജക്‌റ്റ് ആയിരുന്നു. വലിയ ലാഭം വന്നില്ലെങ്കിലും ആ സിനിമ എനിക്ക് ഒരു നഷ്‌ടവും നൽകിയിട്ടില്ല. ഇപ്പോൾ സുരേഷേട്ടൻ പറഞ്ഞ കാര്യങ്ങൾ കൊറച്ചു കാലം മുൻപ് തന്നെ ഞാൻ പറഞ്ഞപ്പോൾ അന്നെന്നെ ഒരുപാട് പേർ തെറി പറഞ്ഞു. ഈ സോഷ്യൽ മീഡിയ വഴി ഓരോരുത്തരുടെ കമന്റുകൾ കാണുമ്പോൾ നമുക്ക് വിഷമം വരും.
ഞാൻ അന്ന് പറഞ്ഞത് സിനിമയിൽ നിർമ്മാതാക്കൾക്ക് ഇപ്പോൾ റോളില്ലെന്നാണ്. നിർമ്മാതാവിന്റെ ഭാര്യയുടെ കെട്ടുതാലി വരെ വച്ചാണ് ഇപ്പോൾ പടമെടുക്കുന്നത്. അങ്ങനെ പറയുമ്പോൾ അവരെല്ലാം ചോദിക്കുന്നത് അതെങ്ങനെ ആണെന്ന്. ശരിക്കും പറഞ്ഞാൽ അതൊരു ഉപമയാണ്. ഭാര്യയുടെ കെട്ടുതാലി വച്ചാണ് നിനക്കൊക്കെ പണം തരുന്നത്, അപ്പോൾ അതിന് അനുസരിച്ച് ചെയ്‌തു താ എന്നാണ് പറയുന്നത്.
അതിനെയൊക്കെ സോഷ്യൽ മീഡിയ വഴി വല്ലാതെ നെഗറ്റീവ് പറയുന്നത് ഞാൻ കണ്ടിരുന്നു. സത്യം പറഞ്ഞാൽ ഒരു സിനിമ എടുക്കുമ്പോൾ നിർമ്മാതാവ് അനുഭവിക്കുന്ന ടെൻഷൻ ആർക്കും അറിയില്ല. എനിക്ക് ഇപ്പോഴും നിർമ്മാതാവ് എന്ന് കേൾക്കുമ്പോൾ എന്റെ മനസിൽ ഒരു വല്ലാത്ത സ്നേഹമാണ്. ഞങ്ങളെ പോലെ കൊറച്ചുപേരെ അതിൽ പാവങ്ങളുള്ളൂ, ഗോകുലം ഗോപാലൻ ചേട്ടനോനും പാവമല്ല.
ഞാനൊക്കെ മുൻപേ സിനിമയിൽ വന്നതാണ്. പത്തിരുപത്തിയഞ്ച് വർഷമായി സിനിമയിൽ ഉണ്ട്. അന്നൊക്കെ സിനിമയെ ജീവിത മാർഗമായി കണ്ടാണ് ഇതിലേക്ക് വന്നത്. ഈ മേഖലയോട് ഒരു സ്നേഹവും താൽപര്യവുമുണ്ട്. നമ്മുടെ മനസിൽ അതിനോടൊരു വല്ലാത്ത താൽപര്യമുണ്ട്, അപ്പൊ അത് തന്നെ ജീവിത മാർഗമായി മാറ്റാം എന്ന ചിന്തയോടെ വന്ന ആളുകളാണ് ഞങ്ങളൊക്കെ.
ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചത് ഷൈൻ ടോം ചാക്കോയുടെ മാസ്‌ക് എന്ന ചിത്രത്തിലാണ്. എപ്പോഴും മാർക്കറ്റ് വാല്യൂ ഉള്ള, ലൈവ് ആയിട്ടുള്ള അഭിനേതാക്കൾ, സംവിധായകർ, ടെക്‌നീഷ്യൻമാർ എന്നിങ്ങനെയുള്ളവ തിരഞ്ഞെടുത്തില്ലെങ്കിൽ അത് ഫണ്ട് റൈസിംഗിനെ ഒക്കെ ബാധിക്കും. അത് സിനിമയെടുക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുക്കും.
പൈസയുടെ വിഷയം മാത്രമല്ല അതിൽ ഒരു പങ്കാളി കേസൊക്കെ കൊടുത്തിരുന്നു. സിനിമയുടെ ആവശ്യത്തിന് അഞ്ച് ലക്ഷം വേണമെങ്കിൽ ഞാൻ അപ്പോൾ ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു കൊടുക്കും. എനിക്ക് അഞ്ച് ലക്ഷം കിട്ടുക എന്നതാണ് ലക്ഷ്യം. ചിലപ്പോൾ വീട് എഴുതി തരാം എന്ന് പറയും. അങ്ങനെ എഴുതി കൊടുത്തിട്ടുണ്ട്. അങ്ങനെയാണ് എന്റെ രീതികൾ.
എന്തിനാണ് ഷൈൻ ടോം ചാക്കോ എന്ന് ഒരുപാട് ചോദിച്ചിട്ടുണ്ട്. ഒരുപാട് പേർ എന്നോട് പറഞ്ഞു ആ പടം ചെയ്യരുതെന്ന്. ആ പടം ചെയ്‌തതിന്റെ പേരിൽ ഒരുപാട് പേർ എന്നോട് പിണങ്ങിയിട്ടുണ്ട്. രഞ്ജിത് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്നോട് അങ്ങനെയൊരു പടം ചെയ്യരുതെന്നാണ് പറഞ്ഞത്. മാർക്കറ്റ് വാല്യൂ ഇല്ലാത്ത പ്രോജക്റ്റ് ചെയ്യരുതെന്നാണ് അവർ പറഞ്ഞത്. അന്ന് സുരേഷേട്ടനും രഞ്ജിതും ഒക്കെ പറഞ്ഞു ചെയ്യരുതെന്ന്.
എന്നാൽ ഡയറക്‌ടർ എന്റെ സുഹൃത്തായിരുന്നു. ആ പടം ചെയ്യാമെന്ന് ഞാൻ വാക്ക് കൊടുത്തുപോയി, അതിലാണ് പെട്ടുപോയത്. ഒരു കോ പ്രൊഡ്യൂസർ കൂടി ഇതിൽ പെട്ടുപോയി. എനിക്കന്ന് ഒരു മിസ്‌റ്റേക്ക് പറ്റി. പടം ആദ്യം തന്നെ ഞാൻ ഫാമിലിയുമായി കാണുന്നതാണ്. സത്യം പറഞ്ഞപ്പോൾ ഈ ചിത്രം കണ്ടപ്പോൾ ഞാൻ തന്നെ ഉറങ്ങിപ്പോയി.
ഫസ്‌റ്റ് ഷോയ്ക്ക് തന്നെ പോയപ്പോൾ ഉറങ്ങിപ്പോയി. തുടക്കത്തിലേ എനിക്ക് പ്രശ്‌നമായി, എനിക്ക് ആദ്യമേ മനസിലായി. എന്റെ ഒരു സിനിമയും ഇന്നുവരെ തിയേറ്ററിൽ എത്താതിരുന്നിട്ടില്ല. ഈ പടത്തിന് ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നു. കേസുണ്ടായിരുന്നു, ഒടുവിൽ വസ്‌തു കെട്ടിവച്ചാണ് കോടതി ജാമ്യം നൽകിയതും സിനിമ റിലീസ് ചെയ്‌തതും.
അതാണ് അവസാനത്തെ പടം. ഭയങ്കരമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയ സിനിമയായിരുന്നു അത്. അന്ന് ഒരുപാട് പേർ എന്നെ ഉപദേശിച്ചിരുന്നു. ഇത്തരം മണ്ടത്തരം കാണിക്കരുതെന്ന് പലവട്ടം പറഞ്ഞിരുന്നു. ഒരിക്കലും നടനെ കണ്ടിട്ടൊന്നുമല്ല അവർ ഉപദേശിച്ചത്. നമുക്ക് ഒരു കഥ വന്നാൽ സുഹൃത്തുക്കളോട് ഒക്കെ അഭിപ്രായം ചോദിക്കാറുണ്ട്. ഇനി ഞാൻ അത്തരം അബദ്ധങ്ങൾ കാണിക്കില്ല. അന്ന് തന്നെ രണ്ട്, രണ്ടര കോടി രൂപ എങ്ങാനും ആയി. എന്തായാലും ഞാൻ ഉടൻ തിരിച്ചുവരും, അക്കാര്യം ഉറപ്പാണ്.












Click it and Unblock the Notifications