'തന്മാത്ര കണ്ടപ്പോൾ കണ്ണ് നിറഞ്ഞു, ലാലേട്ടൻ ഏത് വണ്ടിയിലും യാത്ര ചെയ്യും, അപ്പുവിന്റെ കാർ ഇതാണ്'; സുചിത്ര
മലയാളത്തിന്റെ സ്വന്തം സൂപ്പർതാരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ വ്യക്തിജീവിതം എന്നും ആരാധകർ കൗതുകത്തോടെ നോക്കി കണ്ട കാര്യമാണ്.പ്രമുഖ നിർമ്മാതാവ് ആയിരുന്ന കെ ബാലാജിയുടെ മകൾ ആയിരുന്നു മോഹൻലാലിന്റെ ഭാര്യ സുചിത്ര. ഷൂട്ടിംഗ് ഇടവേളകളിൽ കുടുംബമായി യാത്ര പോവുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ എന്നും ആരാധകർ ഏറ്റെടുത്തിരുന്നു. ഇത്തരം യാത്രകൾ ഇഷ്‌ടപ്പെടുന്ന ആൾ കൂടിയായിരുന്നു മോഹൻലാൽ.
എന്നാൽ പുതുതലമുറയിലെയും പഴയ തലമുറയിലെയും സൂപ്പർതാരങ്ങളെ വച്ച് നോക്കുമ്പോൾ വാഹനങ്ങളോട് വലിയ രീതിയിൽ കമ്പം കാണിക്കാത്ത താരം കൂടിയായിരുന്നു മോഹൻലാൽ. മമ്മൂട്ടിയുടേത് പോലെ വലിയൊരു കാർ കളക്ഷൻ മോഹൻലാലിന് ഇല്ലായിരുന്നു. മകൻ പ്രണവ് മോഹൻലാലും ഇക്കാര്യത്തിൽ ലാളിത്യം പുലർത്തുന്നു.

ഇപ്പോഴിതാ ഇവരുടെ താൽപര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സുചിത്ര മോഹൻലാൽ. ലാലേട്ടൻ ഏത് വാഹനത്തിലും യാത്ര ചെയ്യുമെന്നും ഡ്രൈവിങ് ചെയ്യാൻ വലിയ താൽപര്യം കാണിക്കാത്തത് കൊണ്ട് തന്നെ ഏത് വണ്ടിയായാലും അദ്ദേഹത്തിന് ഓക്കേ ആണെന്നും സുചിത്ര പറഞ്ഞു. പ്രണവിന്റെ ഇഷ്‌ടവും അവർ വെളിപ്പെടുത്തി.മൂവി വേൾഡ് ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സുചിത്രയും പ്രതികരണം.
സുചിത്ര മോഹൻലാലിന്റെ വാക്കുകൾ
ചേട്ടൻ അങ്ങനെ വണ്ടി സ്വന്തമായിട്ട് ഓടിക്കാറില്ല. ഒരു പോയിന്റിൽ നിന്ന് അടുത്ത പോയിന്റിലേക്ക് പോവണം, അത് ഏത് വണ്ടി ആണെങ്കിലും സാരമില്ല എന്നേയുള്ളൂ. അപ്പുവിനും അങ്ങനെ ഒരു ക്രേസ് ഒന്നുമില്ല. വീട്ടിലാണെങ്കിൽ അപ്പുവിന് ഒരു ബ്രെസ്സയാണ് ഉള്ളത്. നേരത്തെ ഒരു ഫോക്‌സ് വാഗൺ ആയിരുന്നു ഉണ്ടായിരുന്നത്. അത് കൊടുത്തിട്ടാണ് ഇപ്പോൾ ബ്രെസ്സ വാങ്ങിയിരിക്കുന്നത്. അവൻ അതുകൊണ്ട് തൃപ്‌തനാണ്.
അവന് പിന്നെ മാനുവൽ ഡ്രൈവ് ആണ് ഇഷ്‌ടം. ഏറ്റവും മിനിമൽ മതി എന്ന് പറഞ്ഞുകൊണ്ടാണ് അവൻ അത് വാങ്ങിയത്. എനിക്ക് ഇങ്ങനത്തെ ഒരു വണ്ടി വേണമെന്ന് ഒന്നുമില്ല. ഞാൻ എപ്പോഴും ചേട്ടനോട് പറയുന്നൊരു കാര്യം സേഫ്റ്റിയാണ്. ഏറ്റവും സുരക്ഷിതമായിരിക്കുന്ന ഒരു വണ്ടി. കുറച്ച് നല്ല സോളിഡ് ആയിരിക്കുന്ന വണ്ടിയാണ് വേണ്ടത്. അവർ കൊറേ യാത്ര ചെയ്യുന്ന ആളുകൾ ആയത് കൊണ്ട് സേഫ്റ്റി വേണമെന്നേ ഞാൻ പറയാറുള്ളൂ.
വീട്ടിൽ സിനിമാ കാര്യങ്ങൾ അങ്ങനെ ചർച്ച ചെയ്യാറില്ല. ഞാൻ ഇഷ്‌ടമില്ലെങ്കിൽ അങ്ങനെ തന്നെ തുറന്ന് പറയും. എനിക്ക് ലാലേട്ടന്റെ ഇഷ്‌ടമുള്ള സിനിമകൾ ഒരുപാടുണ്ട്. സദയം വളരെ ഇന്റൻസ് സിനിമയാണ്. ചിത്രം എനിക്ക് ഭയങ്കര ഇഷ്‌ടമുള്ള ഒരു സിനിമയാണ്. കിലുക്കവും അങ്ങനെ തന്നെ. ഞാൻ ഇത്തിരി ഹൊറർ ഫിലിം ഫാനാണ്, അതുകൊണ്ട് മണിച്ചിത്രത്താഴ് വളരെ ഇഷ്‌ടമാണ്. ഇഷ്‌ടമില്ലാത്തത് എന്നോട് ഒരിക്കലും ചോദിക്കരുത്.
പണ്ടൊക്കെ എനിക്ക് ലാലേട്ടന്റെ കോമഡി ആയിരുന്നു ഇഷ്‌ടം. ഇപ്പോൾ കൂടുതലും ഇമോഷൻ ആണ് താൽപര്യം. നേര് എന്ന ചിത്രത്തിൽ വളരെ പതിഞ്ഞ രീതിയിൽ ആയിരുന്നു ഇമോഷൻ. ചേട്ടൻ മാത്രമല്ല കൂടെ അഭിനയിക്കുന്ന ആളുകൾ കൂടി സപ്പോർട്ട് ചെയ്യുമ്പോഴാണ് അത് കൂടുതൽ നന്നാവുന്നത്. അതുകൊണ്ട് കൂടിയാണ് അത് നല്ല രീതിയിൽ വരുന്നത്.
എനിക്ക് തന്മാത്ര കാണുമ്പോൾ ഇപ്പോഴും കണ്ണ് നിറയും. ശരിക്കും ഫീൽ ചെയ്‌ത സിനിമ ആയിരുന്നു അത്. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ എനിക്ക് അപ്പാവിന്റെ മാനറിസം ഏട്ടന്റെത് പോലെ തോന്നിയ ചില സീനുകൾ ഉണ്ടായിരുന്നു. കുടിച്ചിട്ട് കൈ ഇങ്ങനെ വയ്ക്കുന്നത് ഒക്കെ അത് ഏട്ടനെ പോലെ തന്നെ ആയിരുന്നു. വിനീത് പറഞ്ഞപ്പോൾ ഞാൻ ഡബ്ബിങ് കാണാൻ പോയി. അപ്പോഴാണ് അത് ശ്രദ്ധിച്ചത്.












Click it and Unblock the Notifications