മുടക്ക് മുതല്‍ പോലും തിരിച്ച് കിട്ടിയില്ല, കോടികള്‍ നഷ്ടം; ഇന്ത്യയിലെ ഏറ്റവും വലിയ പരാജയ ചിത്രം ഇതാണ്
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയില്‍ ബിഗ് ബജറ്റ് സിനിമകള്‍ കൂടുതലായി നിര്‍മിക്കപ്പെടുന്നുണ്ട്. ഇവയില്‍ മിക്കതും കോടി ക്ലബുകളില്‍ ഇടംപിടിച്ച് മുടക്കുമുതലെങ്കിലും തിരികെ പിടിക്കാറുണ്ട്. എന്നാല്‍ ചില ബിഗ് ബജറ്റ് സിനിമകള്‍ ബോക്‌സോഫീസില്‍ മൂക്കും കുത്തി വീഴുന്ന കാഴ്ചയും കാണാറുണ്ട്. ഇവ നിര്‍മാതാക്കള്‍ക്ക് വരുത്തി വെക്കുന്ന നഷ്ടം ഭീകരമായിരിക്കും.
ഇന്ത്യന്‍ സിനിമയില്‍ തന്നെ വിസ്മയമായി മാറിയ ചിത്രമായിരുന്നു ബാഹുബലി സിരീസ്. വിഎഫ്എക്‌സിന്റെ അനന്തമായ സാധ്യതകള്‍ ഉള്‍പ്പെടുത്തി സിനിമക്ക് മികച്ച തിരക്കഥയും അഭിനേതാക്കളുടെ ഗംഭീര പ്രകടനവും മുതല്‍ക്കൂട്ടായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ബോക്‌സോഫീസിലെ റെക്കോഡുകള്‍ തിരുത്തിക്കുറിക്കുന്ന ലാഭമാണ് ബാഹുബലി നേടിയിരുന്നത്. ഇതിന് പിന്നാലെ ഇതേ പാറ്റേണില്‍ ചരിത്രവും മിത്തും ചേര്‍ത്ത് നിരവധി സിനിമകള്‍ വന്നിരുന്നു.

ബാഹുബലിയോളം വലിയ വിജയം നേടാനായില്ലെങ്കിലും നിര്‍മാതാവിന് മുടക്കുമുതല്‍ തിരികെ ലഭിക്കുന്നവയായിരുന്നു ഇവയില്‍ പലതും. എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മുടക്കുമുതലില്‍ നിര്‍മ്മിച്ച സിനിമ ബോക്‌സോഫീസില്‍ ദയനീയമായി പരാജയപ്പെട്ടാലോ. അത്തരമൊരു വിധിയാണ് പ്രഭാസ് നായകനായെത്തിയ ആദിപുരുഷിന് സംഭവിച്ചത്. രാമായണത്തെ ആസ്പദമാക്കി നിര്‍മിച്ച ഈ സിനിമ ബോക്‌സോഫീസില്‍ ദുരന്തമായി മാറുകയായിരുന്നു.
ചെലവേറിയ സിനിമകള്‍ നിര്‍മ്മിക്കുന്നതിലെ അപകടസാധ്യത അവയുടെ ചെലവ് വീണ്ടെടുക്കുന്നത് കൂടുതല്‍ പ്രയാസകരമായിരിക്കും എന്നതാണ്. അതുകൊണ്ടാണ് ബ്രഹ്‌മാസ്ത്ര ലോകമെമ്പാടും 400 കോടി നേടിയിട്ടും അതിന്റെ നിര്‍മ്മാണ ബജറ്റ് വളരെ വലുതായതിനാല്‍ പലരും അതിനെ ഹിറ്റ് എന്ന് വിളിക്കാന്‍ മടിക്കുന്നത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയ ചിത്രമാണ് ആദിപുരുഷ്.
550 കോടി ബജറ്റില്‍ നിര്‍മ്മിച്ച ആദിപുരുഷ് ഇന്ത്യയില്‍ 288 കോടി രൂപയും വിദേശത്ത് നിന്ന് 35-38 കോടി രൂപയും ആണ് നേടിയത്. അതായത് ആകെ 325 കോടി രൂപയാണ് ലോകമെമ്പാടുമുള്ള തിയേറ്ററില്‍ നിന്ന് ആദിപുരുഷിന് നേടാനായത്. അങ്ങനെ വരുമ്പോള്‍ നിര്‍മാണ ചെലവ് പോലും തിരിച്ചുപിടിക്കാന്‍ ആദിപുരുഷിന് സാധിച്ചിട്ടില്ല. 225 കോടി രൂപയുടെ നഷ്ടമാണ് ചിത്രം നേരിട്ടത്.

ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ ഇത്രയും വലിയ നഷ്ടം നേരിട്ട ചിത്രം വേറെയില്ല. രാമായണത്തിന്റെ വികലമായ ചിത്രീകരണമാണ് ആദിപുരുഷ് നടത്തിയത് എന്ന് ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇത്രയും പണം മുടക്കിയിട്ടും കാര്‍ട്ടൂണ്‍ നിലവാരത്തിലുള്ള വിഎഫ്എക്‌സാണ് ചിത്രത്തിനൊരുക്കിയത് എന്നായിരുന്നു പ്രധാന വിമര്‍ശനം. ഇത് കൂടാതെ ചിത്രം ഹൈന്ദവവികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നു.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നിര്‍മ്മാതാക്കള്‍, സംവിധായകന്‍ ഓം റൗട്ട്, സംഭാഷണ രചയിതാവ് മനോജ് മുന്‍താഷിര്‍ എന്നിവര്‍ക്കെതിരെ വിവിധ കോടതികളില്‍ നിരവധി കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് കാരണം ചിത്രം പുറത്തിറങ്ങി ആഴ്ചകളോളം ഓം റൗത്തും മറ്റും പൊതുപരിപാടികളില്‍ നിന്ന് അകന്ന് നിന്നു. പ്രഭാസിനെ കൂടാതെ കൃതി സനോന്‍, സെയ്ഫ് അലി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആദിപുരുഷിന് മുമ്പ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഫ്‌ളോപ്പ് എന്ന റെക്കോര്‍ഡ് ബോക്സ് ഓഫീസില്‍ ഏകദേശം 170 കോടി രൂപ നഷ്ടപ്പെട്ട രാധേ ശ്യാമിന്റെ പേരിലായിരുന്നു. ഇതിലും പ്രഭാസായിരുന്നു നായകന്‍. സാമ്രാട്ട് പൃഥ്വിരാജ് (140 കോടി രൂപ), ഷംഷേര (100 കോടി രൂപ), തെലുങ്ക് ചിത്രം ആചാര്യ (80 കോടി രൂപ), കന്നഡ ചിത്രം കബ്സ (80 കോടി രൂപ), ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ (70 കോടി), തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ (60 കോടി) എന്നിവയാണ് ബോക്സ് ഓഫീസില്‍ പരാജയമായ മറ്റ് ബിഗ് ബജറ്റ് ചിത്രങ്ങള്‍.












Click it and Unblock the Notifications