'പെപ്പെ പിൻമാറിയത് ഫാലിമിയിൽ നിന്ന്, 10 ലക്ഷം വാങ്ങി തിന്നിട്ട് പണം കൊടുത്തത് അപ്പോൾ മാത്രം'; ജൂഡ് ആന്റണി
കൊച്ചി: അടുത്തിടെ സംവിധായകനും നടനുമായ ജൂഡ് ആന്റണി നടൻ പെപ്പെയ്ക്കെതിരെ നടത്തിയ ആരോപണങ്ങൾ വലിയ വിവാദത്തിന് കാരണമായിരുന്നു. ഒരു സിനിമയിൽ അഭിനയിക്കാൻ നിർമ്മാതാവിൽ നിന്നും അഡ്വാൻസ് വാങ്ങിയ ശേഷം പെപ്പെ പിൻമാറുയെന്നായിരുന്നു ജൂഡ് ആരോപിച്ചത്.
അഡ്വാന്‍സ് വാങ്ങിയ പണം കൊണ്ട് സഹോദരിയുടെ വിവാഹം നടത്തിയ പെപ്പെ പിന്നീട് തിരക്കഥ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് സിനിമയിൽ നിന്നും പിൻമാറിയതെന്നും ഒടുവിൽ വക്കീൽ നോട്ടീസ് അയച്ചിട്ടാണ് പണം തിരികെ തരാൻ തയ്യാറായതെന്നും ജൂഡ് ആരോപിച്ചു. ജൂഡിന്റെ ആരോപണത്തിനെതിരെ അന്ന് തന്നെ പെപ്പെ മറുപടിയുമായി രംഗത്തെത്തിയിരുന്നു.

അഡ്വാന്‍സ് വാങ്ങിയ തുക താന്‍ മടക്കി നല്‍കിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് സഹോദരിയുടെ വിവാഹം നടന്നത് എന്നായിരുന്നു പെപ്പെ പറഞ്ഞത്. കുടുംബത്തെ സംഭവത്തിലേക്ക് വലിച്ചിഴച്ച ജൂഡിന്റെ പ്രതികരണം ഇതോടെ വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ഇതിന് പിന്നാലെ ജൂഡ് ആരോപണത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ ഇപ്പോഴിതാ പെപ്പെയ്ക്കെതിരെ വീണ്ടും പ്രതികരിക്കുകയാണ് ജൂഡ്. താൻ അന്ന് ഖേദം പ്രകടിപ്പിച്ചത് പെപ്പെയുടെ സഹോദരിയെ കുറിച്ച് നടത്തിയ പ്രതികരണത്തിൽ മാത്രമായിരുന്നുവെന്നും അല്ലാതെ പെപ്പെയെ വിമർശിച്ചതിൽ തനിക്ക് യാതൊരു തെറ്റും തോന്നുന്നില്ലെന്നും ജൂഡ് പറഞ്ഞു. മനോരമ ന്യൂസ് മേക്കർ പരിപാടിയിലാണ് ജൂഡ് ആന്റണിയുടെ പ്രതികരണം.
'ഞാനുപയോഗിച്ച വാക്കുകൾ അദ്ദേഹത്തിന്റെ കുടുംബത്തെ വിഷമിച്ചുവെന്നല്ലാതെ ഞാൻ പറഞ്ഞ വാക്കുകളിൽ സത്യം ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഒരു സിനിമ തുടങ്ങുന്നതിന് 18 ദിവസം മുൻപ് ആ സിനിമയിൽ നിന്ന് പിൻമാറി, ആ സിനിമയിൽ ജോലി ചെയ്തിരുന്നവരൊക്കെ വഴിയാധാരമായിപ്പോയി, നിർമ്മാതാവ് വീട്ടിൽ പോലും കയറാൻ പറ്റാത്ത അവസ്ഥയായി. ഞാൻ അപ്പോൾ സംവിധായകന്റെ പേര് പറഞ്ഞിരുന്നെങ്കിൽ അവന്റെ ഭാവി പോകും. നിന്റെ സിനിമ എന്ന് പാക്കപ്പ് ആവുന്നോ അന്ന് ഞാൻ ഇത് പറയും എന്നായിരുന്നു പറഞ്ഞത്. അതിന്റെ പിറ്റേന്നാണ് ഞാൻ പെപ്പെയുടെ കാര്യം പറഞ്ഞത്. അവന്റെ അനിയത്തീടെ കാര്യം പറഞ്ഞ് മാത്രമാണ് തെറ്റായി പോയത്.
വക്കീൽ നോട്ടീസ് അയച്ചതിന് ശേഷമായിരുന്നു അവൻ പണം തിരികെ നൽകിയത്. ഞാൻ കൂടുതൽ പറഞ്ഞാൽ അവൻ മോശക്കാരനായിപ്പോകും. തിരക്കഥ പോരെന്ന് പറഞ്ഞാണ് അവൻ സിനിമയിൽ നിന്ന് പിൻമാറിയത്. ഫാലിമി എന്ന ചിത്രത്തിൽ നിന്നാണ് അവൻ പിൻമാറിയത്. ഞാനാണ് ആ സിനിമയ്ക്ക പേരിട്ടത്. എന്നെ കല്ലെറിഞ്ഞാലൊന്നും പ്രശ്നമില്ല. വേറെ ആളുകൾ പറയുന്നത് ഞാൻ ചിന്തിക്കാറില്ല. പാവപ്പെട്ടവനായാലും പണക്കാരനായാലും വേറൊരുത്തന്റെ കാശ് വാങ്ങി തിന്നിട്ട് ഒരു വക്കീൽ നോട്ടീസ് വരുമ്പോൾ തിരികെ നൽകാം എന്ന് പറയുന്നതിൽ ഒരു ന്യായവും ഞാൻ കാണുന്നില്ല', ജൂഡ് ആന്റണി പറഞ്ഞു.












Click it and Unblock the Notifications