സുരേഷ് ഗോപിക്ക് പറഞ്ഞുറപ്പിച്ച വേഷം ചെയ്തത് പൃഥ്വിരാജ്; ഒടുവില്‍ 2 സംസ്ഥാന അവാർഡും: മധുപാല്‍ പറയുന്നു
വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുകയെന്ന ആലോചനയ്ക്ക് ഒടുവിലാണ് തലപ്പാവ് എന്ന സിനിമയിലേക്ക് എത്തുന്നതെന്ന് നടനും സംവിധായകനുമായ മധുപാല്‍. മത്തായിചാക്കോയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി 2006 ല്‍ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലൊക്കെ പോയിരുന്നു. വർഗീസിന്റെ വീടും കുടുംബവുമൊക്കെ ആ മേഖലയിലായിരുന്നുവെന്നും മധുപാല്‍ പറയുന്നു.
പരിപൂർണ്ണമായും കോണ്‍ഗ്രസിന് ആധിപത്യമുള്ള പ്രദേശമാണ്. എന്നാല്‍ അതിന് മുമ്പ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വേരോട്ടമുള്ള ഒരു മണ്ണും ഇങ്ങനെയുള്ള ആളുകളും അവിടെയുണ്ട് എന്ന് ആലോചിച്ച് വന്നപ്പോഴാണ് വർഗീസിന്റെ ജീവിതത്തിലേക്ക് കയറുന്നത്. ഈ കഥ ആദ്യം തന്നെ സുരേഷ് ഗോപിയോട് പറയുകയും അദ്ദേഹം ചെയ്യാമെന്ന് പറയുകയും ചെയ്തിരുന്നു.

കഥ എഴുതി പൂർത്തിയായി വന്നപ്പോള്‍ അത് ഒരു ഡോക്യുമെന്ററി പോലെ എനിക്ക് തോന്നി തുടങ്ങി. എങ്ങനെ നോക്കിയിട്ടും ഒരു സുഖം കിട്ടുന്നില്ല. ആ സമയത്താണ് ബാബു ജനാർദ്ദനന്‍ എന്നോട് തലപ്പാവിന്റെ വേർഷന്‍ പറയുന്നത്. രാമചന്ദ്രന്‍ നായരുടെ അഭിമുഖം ആ സമയത്ത് വന്ന് കഴിഞ്ഞിരുന്നു. അതിന് അകത്ത് നിന്ന് വേറെഒരു കഥയുണ്ടാക്കിയാണ് സിനിമയിലേക്ക് എത്തുന്നത്. പൃഥ്വിരാജിന് കഥ കൊടുക്കുകയും അദ്ദേഹം ചെയ്യാമെന്ന് അറിയിക്കുകയും ചെയ്യുന്നുവെന്നും മധുപാല്‍ പറയുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപിയെ വെച്ച് ചെയ്യുമ്പോള്‍ അത്രയും ഇംപാക്ട് ഉണ്ടാവണം. എഴുതി വന്നപ്പോള്‍ എനിക്ക് അങ്ങനെ ഒരു ഇംപാക്ടിലേക്ക് വന്നില്ല. അങ്ങനെ അദ്ദേഹത്തോട് വിളിച്ച് കാര്യം പറഞ്ഞു. എന്റെ ജീവിതത്തില്‍ അത്രത്തോളം പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് സുരേഷ് ഗോപി. എത്രയോ ദിവസം ഒരുമിച്ച് ചെയ്ത പടങ്ങളുണ്ട്. എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലാവുന്നതും, വിളിച്ച് സംസാരിക്കുന്നതുമായ ഒരു ബന്ധമുണ്ടുണ്ട്.
സുരേഷ് ഗോപി ഒരു ചേട്ടനെ പോലെയാണ്. അതില്‍ രാഷ്ട്രീയം ഇല്ല. ഞങ്ങള്‍ തമ്മില്‍ ഒരിക്കലും രാഷ്ട്രീയം സംസാരിച്ചിട്ടില്ല. വീട്ടുകാര്യങ്ങളും കുടുംബവും മാത്രമാണ് ഞങ്ങള്‍ സംസാരിച്ചിട്ടുള്ളത്. യാത്ര, ഭക്ഷണം, പുസ്തകമൊക്കെ സംസാരത്തില്‍ കടന്ന് വരുമായിരുന്നു. തലപ്പാവിലേക്ക് വരികയാണെങ്കില്‍ ലാഭമായിരുന്നു. 72 ലക്ഷത്തിനാണ് ചിത്രം പൂർത്തിയാക്കിയത്. 94 ലക്ഷം രൂപ കിട്ടി.
ലാലേട്ടന്റെ അടുത്ത് പോയി തിരക്കഥ വായിച്ച് വരുമ്പോള്‍ അദ്ദേഹം പറഞ്ഞത് 'പോന്ന വഴിക്ക് നിങ്ങള്‍ വേറെ ആരുടെ അടുത്തും പോയി ഈ തിരക്കഥ വായിക്കരുത്. ഞാന്‍ തന്നെ ഇത് ചെയ്യും' എന്നാണ്. പറഞ്ഞത് പോലെ തന്നെ അദ്ദേഹം അത് ചെയ്തു. തലപ്പാവിലൂടെ എനിക്കും അദ്ദേഹത്തിനും സംസ്ഥാന അവാർഡ് കിട്ടി. ലാല്‍ ആദ്യമായി അഭിനയിച്ച കളിയാട്ടത്തിന്റെ ഡബിള്‍ പോസിറ്റീവ് കാണാന്‍ ജയരാജിനൊപ്പം ഞാനും ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് വലിയ ടെന്‍ഷനായിരുന്നു.
തലപ്പാവ് കഴിഞ്ഞ് വീണ്ടും ഒഴിമുറിയിലേക്ക് പോകുമ്പോള്‍ വീണ്ടും ഞാന്‍ എത്തിയത് ലാലേട്ടനിലേക്കാണ്. ആ സിനിമ ചെയ്യുമ്പോള്‍ തെക്കന്‍ തിരുവിതാംകൂറിലേക്ക് സ്ഥിരമായി സഞ്ചരിക്കുകയായിരുന്നു. ആ സമയത്ത് അവിടെ കണ്ട മനുഷ്യരുമായി എനിക്ക് ഏറ്റവും അധികം സാമ്യം തോന്നിയത് ലാലേട്ടനെയാണ്. താടിയും മീശയൊന്നും എടുക്കില്ലെന്ന പ്രശ്നം ആ സമയത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ഞാന്‍ നിർബന്ധം പിടിച്ചതോടെ അദ്ദേഹം വഴങ്ങി.
ആദ്യം മുടി വെട്ടാം എന്നായി. പറ്റില്ലെന്ന് ക്ലീന്‍ ഷേവ് ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ താടിയും കൂടെ എടുക്കാം മീശ വടിക്കില്ലെന്ന് പറഞ്ഞു. അതിനും ഞാന്‍ വഴങ്ങാതിരുന്നതോടെ മീശയും കൂടെ വടിച്ചു. ആ സിനിമയില്‍ ഞാന്‍ ആദ്യമായി എടുക്കുന്നത് ക്ലൈമാക്സ് സീനാണ്. എന്തെങ്കിലും പ്രത്യേകിച്ച് കാരണമെന്നും ഉണ്ടായിട്ടല്ല ആ സീന്‍ എടുക്കാമെന്ന് തീരുമാനിച്ചത്. എനിക്ക് ആ അഭിനേതാക്കളെ കൃത്യമായി അറിയാം എന്നുള്ളതുകൊണ്ടാണ് ആ സീന്‍ എടുക്കാം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications