സുരേഷ് ഗോപിയുടെ ആ വാക്ക് പ്രശ്നമായി; കലൂർ ഡെന്നീസ് വന്ന് അറഞ്ചം പുറഞ്ചം തെറിവിളി: ശാന്തിവിള ദിനേശ്
മലയാള സിനിമപ്രവർത്തകരുടെ ആദ്യ സംഘടനയായ മാക്ട രൂപീകരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി സംവിധായകന്‍ ശാന്തിവിള ദിനേശ്. സുരേഷ് ഗോപിയുമായി ഉണ്ടായ തർക്കമാണ് മാക്ട എന്ന സംഘടന ഉണ്ടാകാന്‍ കാരണമായതെന്ന് ഈ മേഖലയെക്കുറിച്ച് ധാരണയുള്ള പലർക്കും അറിയാമെങ്കിലും അതേക്കുറിച്ചുള്ള വിശമായ വിവരങ്ങളാണ് ശാന്തിവിള ദിനേശ് പങ്കുവെക്കുന്നത്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപി സൂപ്പർതാരമായി നില്‍ക്കുന്ന സമയത്താണ് സിറ്റി പോലീസ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അദ്ദേഹം കൊച്ചിയില്‍ വരുന്നത്. കലൂർ ഡെന്നീസിന്റെ തിരക്കഥയില്‍ വേണു ബി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംസ്ഥാന മുഖ്യമന്ത്രിയെ വെടിവെച്ചിട്ട് ഒരു വീടിന്റെ രണ്ടാം നിലയില്‍ ഒളിവില്‍ കഴിയുന്ന നായകനായ സുരേഷ് ഗോപി, അയാളെ അന്വേഷിക്കുന്നു പൊലീസ് ഓഫീസറായ കക്ക രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഭൂരിഭാഗം സീനുകളും മുറിയില്‍ വെച്ചാണ് എന്ന് അറിഞ്ഞതോടെ സുരേഷ് ഗോപി അസ്വസ്ഥനായി. താരപകിട്ടിലേക്ക് കയറി വരുന്ന സമയം ആണല്ലോ. എടുത്ത ഒരു സീന്‍ മാറ്റി എടുക്കാന്‍ സംവിധായകന്‍ തയ്യാറായപ്പോള്‍ വീണ്ടും അഭിനയിക്കാന്‍ സാധിക്കില്ലെന്ന വാശിയിലായിരുന്നു സുരേഷ് ഗോപി. ഉടക്കിന്റെ വിവരം അറിഞ്ഞാണ് കലൂർ ഡെന്നീസ് സെറ്റിലേക്ക് എത്തുന്നത്.
'ജോഷിയോ , ഐവി ശശിയോ, പിജി വിശ്വംഭരനോ , ഭരതനോ പറഞ്ഞാല്‍ എടുത്ത സീന്‍ റീ ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് നീ പറയുമോ, മര്യാദക്ക് പോയി ചെയ്യടോ' എന്നായിരുന്നു കലൂർ ഡെന്നീസ് പറഞ്ഞത്. അമർഷം കടിച്ച് പിടിച്ച് ആ സീന്‍ ചെയ്ത് വരുമ്പോള്‍ സ്വയം പറയുന്നത് പോലെ മോശമല്ലാത്ത ഒരു തെറി പറഞ്ഞിട്ട് സുരേഷ് ഗോപി പോയി. സിനിമ പൊളിഞ്ഞു പോകും എന്നാണ് അതിന്റെ അർത്ഥമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
നിർമ്മാതാവായ പാലമറ്റം മജീദ് സുരേഷ് ഗോപി പറഞ്ഞ് പോയ ആ വാക്കുകള്‍ കേട്ടു. അദ്ദേഹം വിവരം കലൂർ ഡെന്നിസിനെ അറിയിച്ചു. കലൂർ ഡെന്നീസ് വന്ന് തെറി ചേർത്ത് നാടന്‍ ഭാഷയില്‍ അറഞ്ചം പുറഞ്ചം സുരേഷ് ഗോപിയെ പറഞ്ഞു. സിറ്റി പൊലീസ് തുടങ്ങുന്ന ദിവസം കർപൂര ദീപം എന്ന സിനിമയ്ക്കുള്ള അഡ്വാന്‍സും സുരേഷ് ഗോപിക്ക് ലഭിച്ചിരുന്നു.
ഇതിനിടയില്‍ ആരോ ഒരു പാര സുരേഷ് ഗോപിക്ക് മുന്നില്‍ വെച്ചു. ചിത്രത്തില്‍ ഉർവ്വശിക്കാണ് പ്രാധാന്യം എന്നാണ് ആരോ പറഞ്ഞ് കൊടുത്തത്. ലൊക്കേഷനില്‍ വന്നപാടെ സീന്‍ നമ്പർ 46 വായിക്കണം എന്നായിരുന്നു. ആ സീനില്‍ ഉർവ്വശിയുടെ കഥാപാത്രം നിറഞ്ഞാടുകയായിരുന്നു. ഈ തിരക്കഥ മാറ്റണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം. എന്നാല്‍ ഒരു വരി മാറ്റില്ലെന്നായിരുന്നു കലൂർ ഡെന്നീസിന്റെയും സംവിധായകന്റെയും തീരുമാനം. ഇതോടെ സുരേഷ് ഗോപി ആ ചിത്രത്തില്‍ അഭിനയിക്കാതെ പോയി. നിർമ്മാതാവിന് ലക്ഷങ്ങളുടെ നഷ്ടവുമുണ്ടായെന്നും ശാന്തിവിള പറയുന്നു.
സുരേഷ് ഗോപിയുടെ ഈ നീക്കങ്ങള്‍ക്കെതിരെയായിട്ടാണ് ആദ്യമായി ഒരു സംഘടന എന്ന ആലോചനയുണ്ടാകുന്നത്. ആദ്യം തിരക്കഥാകൃത്തുകള്‍ക്ക് മാത്രമായി എന്നായിരുന്നു ആലോചന. വിവരം ഡെന്നീസ് ജോസഫിനേയും അറിയിച്ചു. ജോഷി സാറാണ് സംവിധായകരേയും ചേർക്കണമെന്ന് പറയുന്നത്. ജേസി സാറായിരുന്നു മാക്ടയുടെ ആദ്യ ചെയർമാന്‍. ജോണ്‍ പോളായിരുന്നു ആദ്യ ജനറല്‍ സെക്രട്ടറി. അവിടെ നിന്നാണ് സംഘടന വളരുന്നതെന്നും ശാന്തിവിള കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications