നായകനായ ആ സിനിമയില്‍ നിന്നും ഒഴിവാക്കി; ആദ്യം സങ്കടമായെങ്കിലും പിന്നീട് സന്തോഷം: ശ്രീനാഥ് ഭാസി
ജാനേമന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം മലയാള സിനിമാ ചരിത്രത്തില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. കേരളത്തിലേതെന്ന പോലെ തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ കളക്ഷന്‍ 12 ദിവസം കൊണ്ട് 100 കോടി പിന്നിടുകയും ചെയ്തു.
പതിനൊന്ന് പേർ അടങ്ങുന്ന സംഘത്തിന്റെ കഥയാണ് മഞ്ഞുമ്മല്‍ ബോയ്സ് പറയുന്നത്. ഇതില്‍ പ്രധാന കഥാപാത്രങ്ങളെ സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും അഭിനയിക്കുന്നു. സിനിമ സംഘടനകളുടെ ഭാഗത്ത് നിന്നുള്ള വിലക്ക് ഉള്‍പ്പെടേയുള്ള പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സമയത്തായിരുന്നു ശ്രീനാഥ് ഭാസി മഞ്ഞുമ്മല്‍ ബോയ്സില്‍ അഭിനയിക്കുന്നത്.

സുഹൃത്തുക്കൾക്കൊപ്പമുള്ള ഈ സിനിമ തനിക്കും പുതുജന്മം നല്‍കിയെന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി പറയുന്നത്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ഉണ്ടായതിലും അതു പ്രേക്ഷകർ ഏറ്റെടുത്തതിലും ഒരുപാട് സന്തോഷമുണ്ട്. നമുക്ക് ഇഷ്ടമുള്ള ഒരു ജോലി ചെയ്ത്, അതു കാണുന്ന ആളുകൾക്കും ഇഷ്ടപ്പെടുക എന്ന് പറയുന്നത് സന്തോഷമുള്ള കാര്യമാണെന്നും താരം പറയുന്നു.
'ഞാൻ വ്യക്തിപരമായും ജോലി സംബന്ധമായും ഒരുപാട് പ്രശ്നങ്ങളിൽ കൂടി കടന്നുപോകുന്ന സമയത്താണ് 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രം എന്നെത്തേടി എത്തിയത്. ജീവിതം വല്ലാതെ നിശ്ചലാവസ്ഥയിൽ കടന്നുപോകുമ്പോഴാണ് സുഭാഷ് എന്ന കഥാപാത്രം എന്റടുത്തു വന്നത്. അവരെല്ലാം എന്റെ സുഹൃത്തുക്കളാണ്.' അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി പറയുന്നു.
ഞാന്‍ ആ സമയത്ത് മറ്റൊരു സിനിമയില്‍ നായകനായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. വിലക്കൊക്കെ വന്നതോടെ പെട്ടെന്ന് തന്നെ എന്നെ അവർ ആ സിനിമയിൽ നിന്ന് മാറ്റി. ഇത്രയും പൈസവച്ച് ഇറക്കുന്നൊരു പടം എന്നെ വച്ച് ചെയ്യണോ, അവന്റെ അഭിനയം കൊള്ളില്ല എന്നൊക്കെയായിരുന്നു എന്റെ അടുത്ത് വന്ന് പറഞ്ഞത്.
സംവിധായകന്‍ മാത്രമല്ല, ആ ക്രൂവിലുള്ള മുഴുവന്‍ ആളുകളും വന്നാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. എനിക്ക് എത്ത് ചെയ്യണമെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എനിക്കു കുഴപ്പങ്ങളുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങള്‍ ജോലിയെ ബാധിക്കുന്നുണ്ടെന്ന് തോന്നിത്തുടങ്ങി. ഇനി ഫോണിൽ അധികം സമയം ചെലവഴിക്കാതെ ഇരിക്കണോ? അധികം വർത്തമാനം പറയാത്തതാണോ പ്രശ്നം, ഞാൻ എന്താണ് ചെയ്യേണ്ടത് എന്നൊക്കെ ആലോചിച്ചുവെന്നും ശ്രീനാഥ് ഭാസി അഭിമുഖത്തില്‍ പറയുന്നു.
ഒടുവില്‍ എന്തായാലും ആ സിനിമയിലെ അവസരം പോയത് നന്നായി എന്ന് തോന്നി. പിന്നീട് എന്റെ ഒരു സുഹൃത്ത് തന്നെയാണ് അതിലെ പ്രധാന വേഷം ചെയ്തത്. അതില്‍ എനിക്ക് സന്തോഷമുണ്ട്. എനിക്ക് അഭിനയം അറിയില്ലെന്ന് പറഞ്ഞതാണ് എന്നെ ഏറെ വിഷമിപ്പിച്ചത്. വല്ലാത്തൊരു വിഷമ ഘട്ടത്തിലൂടെയായിരുന്നു ആ സമയത്ത് കടന്നുപോയത്.
അത്തരം മാനസികാവസ്ഥയിലൂടെ കടന്ന് പോകുന്ന സമയത്ത് സുഹൃത്തുക്കളായ ഗണപതി, ചിദംബരം, സൗബിൻ തുടങ്ങിയവരുമായി ഒരു സിനിമ ചെയ്യുക എന്നത് ഒരു തെറാപ്പി പോലെ ആയിരുന്നു. സിനിമയിലേത് പോലെ ജീവിതത്തിലും സുഹൃത്തുക്കള്‍ എന്നെ രക്ഷിക്കുകയായിരുന്നു. ഈ പടം ചെയ്തതുകൊണ്ടാണ് എന്റെ വിഷമഘട്ടത്തിൽ നിന്ന് എനിക്ക് പുറത്തുവരാൻ കഴിഞ്ഞത്.
എന്റെ കഥാപാത്രത്തിന്റെ യഥാർഥ ജീവിതത്തിലെ സുഭാഷിനെ നേരത്തെ തന്നെ കണ്ടിരുന്നു. എന്നാല്‍ അദ്ദേഹത്തോട് അതിനെപ്പറ്റി ഒന്നും ചോദിക്കാൻ കഴിയില്ലായിരുന്നു. ''ഒന്നും ചോദിക്കല്ലേ ഭാസി, അത് പറഞ്ഞാൽ എനിക്ക് ഇന്നിനി ഉറങ്ങാൻ പറ്റില്ലെന്നാണ്''. അദ്ദേഹം എന്നോട് പറഞ്ഞത്. അവർ അനുഭവിച്ച കാര്യങ്ങളോട് ജസ്റ്റിസ് ചെയ്ത് അഭിനയിക്കണം എന്നുള്ളത് ഞങ്ങളുടെ കടമയായിരുന്നുവെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications