'ഉണ്ണിയുടെ ഭാഗത്ത് നിന്ന് ഇതുപോലെ ഒന്ന് രണ്ട് കാര്യങ്ങൾ ഉണ്ടായതായി നേരത്തെ അറിയാമായിരുന്നു'; ബാദുഷ
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദൻ. അടുത്തിടെ മാർക്കോ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായി ബോളിവുഡിൽ ഉൾപ്പെടെ ചർച്ചയായിരുന്നു ഉണ്ണി മുകുന്ദൻ. എന്നാൽ പലപ്പോഴും ചില വിവാദങ്ങളാണ് താരത്തെ പിന്നിലേക്ക് വലിക്കുന്നത്. അടുത്തിടെ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്നും ഭീഷണി മുഴക്കിയെന്നും ആരോപിച്ച് താരത്തിന്റെ മുൻ മാനേജർ രംഗത്ത് വന്നത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
ടൊവിനോ തോമസ് നായകനായ 'നരിവേട്ട' എന്ന ചിത്രത്തെ പുകഴ്ത്തിയതാണ് ഉണ്ണി മുകുന്ദന്റെ പ്രകോപനത്തിന് കാരണമെന്നായിരുന്നു മാനേജർ ആയിരുന്ന വിപിന്റെ വാദം. പിന്നാലെ ഇയാൾ ഉണ്ണി മുകുന്ദനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. എന്നാൽ താൻ ആരെയും മർദ്ദിച്ചിട്ടില്ലെന്നായിരുന്നു വിഷയത്തിൽ ഉണ്ണിയുടെ പ്രതികരണം. മാനേജറായ വിപിൻ തന്നെകുറിച്ച് മോശമായി സംസാരിച്ചെന്നും താരം പറയുകയുണ്ടായി.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ. ഉണ്ണി മുകുന്ദൻ തന്നോട് വളരെ നല്ല രീതിയിലാണ് പെരുമാറാറുള്ളതെന്നും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നേരത്തെ ഇത്തരത്തിലുള്ള ഒന്ന് രണ്ട് കാര്യങ്ങൾ താൻ കേട്ടിരുന്നുവെന്നും ബാദുഷ പറയുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബാദുഷ പ്രതികരിച്ചത്.
എന്നോട് വിപിൻ വിളിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെ മർദ്ദിച്ചിട്ടുണ്ട്, പുള്ളിയുടെ ഫ്ലാറ്റിലെ ബേസ്മെന്റിലേക്ക് വിളിച്ചുവരുത്തി, എന്നെ ചീത്ത വിളിച്ചു എന്നൊക്കെയാണ്. മർദ്ദിക്കാൻ ശ്രമിച്ചപ്പോൾ ഓടിക്കളഞ്ഞെന്നും വിപിൻ പറഞ്ഞു. എന്റെ അനുഭവത്തിൽ അങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല. പക്ഷേ ഒന്ന് രണ്ട് സംഭവങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത് നമുക്ക് ഇവിടെ മൊത്തത്തിൽ അറിയാവുന്നതാണ്; ബാദുഷ പറഞ്ഞു.
എങ്കിലും നമുക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. നമ്മൾ എപ്പോൾ വിളിച്ചാലും ഫോൺ എടുക്കും, എന്ത് ചോദിച്ചാലും പെട്ടെന്ന് റെസ്പോണ്ട് ചെയ്യും. നേരിട്ട് കണ്ടാലും വളറെയധികം സ്നേഹമാണ് കാണിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെയാവും ഇതുവരെ അതുപോലെ ഒരു മോശം അനുഭവം അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ല; ബാദുഷ കൂട്ടിച്ചേർത്തു.
നരിവേട്ട എന്ന സിനിമയുടെ മാർക്കറ്റിംഗ് തന്ത്രമാണോ ഈ വിവാദങ്ങൾക്ക് കാരണമെന്ന ആരോപണവും ബാദുഷ നിഷേധിച്ചു. ഞാൻ പറഞ്ഞപ്പോഴാണ് നരിവേട്ടയുടെ സംവിധായകനും പ്രൊഡ്യൂസറും ഒക്കെ ഇത് അറിഞ്ഞത് തന്നെ. വിപിൻ എന്ന് പറയുന്ന അദ്ദേഹത്തിന്റെ മാനേജർ ഫേസ്‌ബുക്ക് പേജിൽ കൊടുത്ത സ്‌റ്റേറ്റ്‌മെന്റ് ആണിത്.
വിപിനും ഉണ്ണിയും തമ്മിലുള്ള പ്രശ്‌നങ്ങൾ എന്താണെന്ന് നമുക്ക് ആർക്കും അറിയില്ല. ഇതൊന്നും ഇങ്ങനെ വിവാദത്തിലേക്ക് പോവേണ്ട കാര്യമില്ലായിരുന്നു. പറഞ്ഞുതീർത്താൽ മാത്രം മതിയായിരുന്നു. ഒരു നടനെയും മറ്റൊരു നടനെയും തമ്മിൽ തെറ്റിക്കുക എന്നുള്ളതൊക്കെ ഇവിടെ നടക്കുമോ? അതൊക്കെ വെറുതെ പറയുന്നതാണ്. രണ്ട് പേരും തമ്മിൽ എന്തെങ്കിലും ബിസിനസ് ബന്ധമോ മറ്റോ ഉണ്ടെങ്കിൽ പറയാമായിരുന്നു; ബാദുഷ ചൂണ്ടിക്കാട്ടി.
ഞാൻ ഈ മാനേജർ പദവി അംഗീകരിക്കാത്ത ആളാണ്. ഞാൻ നേരിട്ട് ചെന്ന് ഇടപെടുകയാണ് ചെയ്യാറുള്ളത്. ഇതിന് മുൻപും ഞാൻ അത് പറഞ്ഞിരുന്നു. ഞാൻ ജോജുവിന്റെയും ഹരീഷ് കണാരന്റെയും സലീം കുമാറിന്റെയും ഒക്കെ മാനേജർ ആണെന്ന് പറഞ്ഞിരുന്നു. അതൊക്കെ അന്നത്തെ വെറും ആരോപണങ്ങൾ മാത്രമാണ്; ബാദുഷ പറഞ്ഞു.
മോശം അനുഭവങ്ങൾ മാനേജർമാരിൽ നിന്ന് എനിക്കും ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊക്കെ കൃത്യമായി ഞാൻ കൈകാര്യം ചെയ്‌തിട്ടുമുണ്ട്. എന്തിനാണ് നമ്മൾ ഈ വക ആളുകളെ പേടിക്കുന്നത്? പേടിയാണ് ഏറ്റവും വലിയ പ്രശ്‌നം. ഉണ്ണി മുകുന്ദനെയും വിപിനെയും ഒരുപോലെ എനിക്ക് അറിയാം വ്യക്തിപരമായി. ഉണ്ണി മുകുന്ദന്റെ ആദ്യപടം മുതൽ അറിയാമായിരുന്നു; ബാദുഷ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications