• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി 50ാം വയസ്സിലേക്ക്

  • By Staff

കേരളത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് വഴിമരുന്നിട്ട, തോപ്പില്‍ ഭാസി രചിച്ച ഈ നാടകം 1952 ഡിസംബര്‍ ആറിനാണ് ആദ്യമായി രംഗത്ത് അവതരിപ്പിച്ചത്. ചവറ തട്ടാശ്ശേരില്‍ സുദര്‍ശനാ ടാക്കീസിലായിരുന്നു ആദ്യഅവതരണം. നാടകം ചവറയില്‍ അരങ്ങേറുമ്പോള്‍ നാടകരചയിതാവായ തോപ്പില്‍ ഭാസി അടൂരിലെ ലോക്കപ്പിലായിരുന്നു.

ഒളിവിലായിരുന്നതിനാല്‍ സോമന്‍ എന്ന കള്ളപ്പേരിലായിരുന്നു തോപ്പില്‍ ഭാസി ഈ നാടകമെഴുതിയത്. ശൂരനാട് കേസിലെ പ്രതികളുടെ കേസ് നടത്തുന്നതിന്റെ ധനശേഖരണാര്‍ത്ഥമായിരുന്നു ഈ നാടകം പുസ്തകമാക്കി ഇറക്കിയത്. പക്ഷെ തോപ്പില്‍ ഭാസി എഴുതിയ ഈ നാടകം കേരളീയ സമൂഹത്തെ പിടിച്ചുലക്കുന്ന ശക്തിയായി മാറി.

ഒരു സമ്പന്ന ഹിന്ദുകുടുംബത്തിലെ അംഗം കമ്മ്യൂണിസ്റായി മാറുന്നതാണ് നാടകത്തിലെ പ്രമേയം. നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി ഇളക്കിവിട്ട വിപ്ലവം കേരളത്തിന്റെ യുവമനസ്സുകളില്‍ മാറ്റത്തിന്റെ അലകളുയര്‍ത്തി. കമ്മ്യൂണിസ്റുകാര്‍ വാദിക്കും പോലെ കല ഇവിടെ സാമൂഹ്യമാറ്റത്തിനുള്ള ഉപകരണമായി മാറുകയായിരുന്നു. കേരളത്തിന്റെ പാരമ്പര്യ-നാടന്‍കലകളില്‍ നിന്നും പല ഘടകങ്ങളും നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നാടകത്തിന്റെ വര്‍ധിച്ച ജനപ്രീതിയ്ക്ക് ഇതും ഒരു കാരണമായി.

കാമ്പിശ്ശേരി കരുണാകരന്‍, എന്‍. രാജഗോപാലന്‍ നായര്‍, വി. സാംബശിവന്‍, ഒ. മാധവന്‍, തോപ്പില്‍ കൃഷ്ണപിള്ള, കെപിഎസി സുലോചന, സുധര്‍മ്മ എന്നിവരായിരുന്നു ഈ നാടകത്തിലെ ആദ്യത്തെ അഭിനേതാക്കള്‍. ഇവരില്‍ ഒ. മാധവനും സുലോചനയും ജനാര്‍ദ്ദനക്കുറുപ്പും മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. ഈ ആദ്യകാല നടീനടന്മാരെല്ലാം പിന്നീട് കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളില്‍ തലയെടുപ്പുള്ളവരായി.

ഈ നാടകത്തിലെ പൊന്നരിവാള്‍ അമ്പിളിയിലെ... എന്ന ഗാനത്തിലൂടെ സംഗീതസംവിധായകന്‍ ദേവരാജന്‍മാസ്ററും ഗാനരചയിതാവ് ഒ.എന്‍.വി. കുറുപ്പും ഗായകന്‍ കെ.എസ്. ജോര്‍ജ്ജും രംഗത്തെത്തി. മലയാളസിനിമാസംഗീതരംഗത്തും ഇന്നത്തെ മലയാളിയുടെ ഗൃഹാതുരത്വങ്ങളിലും അലകളുയര്‍ത്തിയ കലാകരന്മാരായി ഇവര്‍ മാറി.

അരങ്ങേറ്റ ദിവസം തന്നെ 36 സ്ഥലങ്ങളില്‍ നാടകത്തിന് ബുക്കിംഗ് കിട്ടി. ഇത് നാടകചരിത്രത്തിലെ തന്നെ റെക്കോഡാണെന്ന് പറയപ്പെടുന്നു. ഒറ്റ രാത്രികൊണ്ട് ഒരു അമേച്വര്‍ നാടകം പ്രൊഫഷണല്‍ നാടകമായി മാറി- ഇതിനക്കുറിച്ച് ഒ. മാധവന്റെ പ്രതികരണം ഇതാണ്. അത്രയ്ക്ക് ജനകീയമായിരുന്നു നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി. അതുവരെ രാജകുമാരന്മാരെയും മാത്രം അവതരിപ്പിച്ചുപോന്ന സ്റേജില്‍ ആദ്യമായി തങ്ങളുടെ ഇടയില്‍ കാണുന്ന മനുഷ്യരെ കഥാപാത്രങ്ങളായി കണ്ടപ്പോള്‍ ജനങ്ങള്‍ ഞെട്ടി. നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി എന്ന നാടകത്തിനെ എതിര്‍ത്തുകൊണ്ട് പലരും നാടകങ്ങള്‍ എഴുതി. സി.ജെ. തോമസിന്റെ വിഷസൂചിക, പി. കേശവദേവിന്റെ ഞാനിപ്പോള്‍ കമ്മ്യൂണിസ്റാകും, സിവിക് ചന്ദ്രന്റെ നിങ്ങളാരെ കമ്മ്യൂണിസ്റാക്കി തുടങ്ങിയ നാടകങ്ങള്‍ ഇക്കൂട്ടത്തില്‍ പെടുന്നു. പക്ഷെ വിമര്‍ശനങ്ങളെ അതിജീവിച്ച് കൊണ്ട് ഇതുവരെ 11,000 സ്റേജുകളില്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി അവതരിപ്പിച്ചു.

കേരളത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ് പാര്‍ട്ടി ബാലറ്റ്പെട്ടിയിലൂടെ അധികാരത്തില്‍ എത്തിയ അത്ഭുതത്തെക്കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ എത്തിയ വിദേശസംഘം നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി എന്ന നാടകത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്.

കേരളത്തിലെ നാടകപ്രസ്ഥാനരംഗത്ത് ശക്തമായ സാന്നിധ്യമായിരുന്ന കെപിഎസിയാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി അരങ്ങിലെത്തിച്ചത്. സിപിഐയുടെ ഭാഗമായാണ് കെപിഎസി പ്രവര്‍ത്തിച്ചിരുന്നത്. 1950ലാണ് കെപിഎസി രൂപം കൊള്ളുന്നത്. ജനാര്‍ദ്ദനക്കുറുപ്പ്, രാജഗോപാലന്‍നായര്‍, കെ.എസ്. രാജാമണി എന്നിവര്‍ ചേര്‍ന്നാണ് ഈ നാടകപ്രസ്ഥാനത്തിന് രൂപം നല്കിയത്. ഇവരുടെ രണ്ടാമത്തെ നാടകമായിരുന്നു നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി. ഈ നാടകം രംഗത്തെത്തിക്കുന്നതിന് കെപിഎസി ഒട്ടേറെ പ്രയാസങ്ങള്‍ നേരിട്ടു. ഒന്ന് പരിചയസമ്പന്നരായ നടീനടന്മാര്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു. രണ്ടാമത്തേത് സാമ്പത്തികപ്രശ്നമായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം നിശ്ചയദാര്‍ഡ്യം കൊണ്ട് അവര്‍ അതിജീവിച്ചു.

എന്നാല്‍ നാടകം അരങ്ങിലെത്തിച്ചപ്പോള്‍ അന്നത്തെ സര്‍ക്കാരായി നാടകത്തിന്റെ പ്രധാന ശത്രു. ഈ നാടകം ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടുന്നു എന്നതായിരുന്നു പ്രധാനപരാതി. പലയിടങ്ങളിലും നാടകം നിരോധിച്ചു. നിരോധനത്തെ അതിജീവിക്കാന്‍ പേരുമാറ്റി പലസ്ഥലങ്ങളിലും ഇതേ നാടകം തന്നെ കെപിഎസി അവതരിപ്പിച്ചു. നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റിന്റെ മുന്നില്‍ കൂട്ടഹര്‍ജി നല്കപ്പെട്ടു. 1953ല്‍ നാടകാവതരണനിയമമനുസരിച്ച് നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി നിരോധിച്ചുകൊണ്ട് മജിസ്ട്രേറ്റ് ഉത്തരവിട്ടു. കോവളത്ത് നിരോധനം ലംഘിച്ചുകൊണ്ട് നാടകം അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാ നടീനടന്മാരെയും പൊലീസ് അറസ്റ് ചെയ്തു. നാടകനിരോധനത്തിനെതിരെ ഹൈക്കോടതിയില്‍ ജനാര്‍ദ്ദനക്കുറുപ്പ് നല്കിയ ഹര്‍ജിയിന്മേല്‍ നാടകനിരോധനം പിന്‍വലിച്ചുകൊണ്ട് ഉത്തരവായി.

നാടകാവതരണത്തിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് നാടകം വീണ്ടും അരങ്ങേറും. 50 വര്‍ഷം മുമ്പ് അവതരിപ്പിക്കപ്പെട്ട ചവറ തട്ടാശ്ശേരിയില്‍ തന്നെയായിരിക്കും ഡിസംബര്‍ ആറ് വെള്ളിയാഴ്ച നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി അവതരിപ്പിക്കപ്പെടുക. ആദ്യകാലനടീനടന്മാരില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ഒ. മാധവന്‍, കെപിഎസി സുലോചന, ജനാര്‍ദ്ദനക്കുറുപ്പ് എന്നിവര്‍ വീണ്ടും മേക്കപ്പിടുന്നു എന്ന പ്രത്യേകതയും ഈ നാടകാവതരണത്തിനുണ്ട്. ഇതിനുള്ള ഒരുക്കങ്ങള്‍ ചവറയില്‍ നടന്നുവരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more