കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴവിവാദത്തിന്റ ഭൂതം വീണ്ടും

  • By Staff
Google Oneindia Malayalam News

കോഴ വിവാദം എന്ന ഭൂതം ഒരിക്കല്‍ കൂടി ഇന്ത്യന്‍ ക്രിക്കറ്റിനെ ഗ്രസിച്ചുകൊണ്ട് പുറത്തുചാടിയിരിക്കുന്നു. വിവാദഭൂതത്തിന്റെ പിടിയില്‍ പെട്ടവരില്‍ ആരൊക്കെ ബലിയാടാക്കപ്പെടുമെന്നതും ആരൊക്കെ രക്ഷപ്പെടുമെന്നതും ക്രിക്കറ്റിലെ അന്തര്‍നാടകങ്ങളുടെ തുടര്‍ച്ചയ്ക്ക് ശേഷം അറിയാം.

മഹാരാഷ്ട്രയുടെ മധ്യനിര ബാറ്റ്സ്മാനായ അഭിജിത് കാലെ ദേശീയ ടീമില്‍ അംഗത്വം കിട്ടുന്നതിന് 10 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് രണ്ട് സെലക്ടര്‍മാര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ വാതുവയ്പിന്റെയും ഒത്തുകളിയുടേയും കറുത്ത അധ്യായങ്ങള്‍ക്ക് ശേഷം മറ്റൊരു വിവാദഭൂതം വീണ്ടും പുറത്തുചാടിയത്. കോഴ ക്രിക്കറ്റിന് ഒഴിയാബാധയാണെന്ന് തെളിയിച്ചുകൊണ്ട് വീണ്ടും ഒരു വിവാദം പടര്‍ന്നുപിടിക്കുന്നു. തെറ്റുകാരും നിരപരാധികളും ആരെന്ന ചോദ്യം സംശയത്തിന്റെ പുകമറയുയര്‍ത്തി അവശേഷിക്കുന്നു.

ഈസ്റ് സോണ്‍ സെലക്ടറായ പ്രണബ് റോയിയും വെസ്റ് സോണ്‍ സെലക്ടറായ ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെയുമാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. സെലക്ടര്‍മാരുടെ ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് അഭിജിത് കാലെ സസ്പെന്റ് ചെയ്യപ്പെട്ടു. ഇനി അദ്ദേഹത്തിന്റെ വിധി കമ്മിഷന്റെ കൈകളിലാണ്. ഏകാംഗ കമ്മിഷനായ ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡി. വി. സുബറാവുവാണ് ആ വിധിനിര്‍ണയം നടത്തേണ്ടത്. ബി സി സി ഐ ആണ് സുബറാവുവിനെ കമ്മിഷനായി നിയമിച്ചത്.

15 ദിവസത്തിനുള്ളില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ പറഞ്ഞത്. കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അന്തിമ തീരുമാനമെടുക്കേണ്ടത് ബോര്‍ഡിന്റെ അച്ചടക്ക സമിതിയാണ്.

എന്നാല്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ കളിക്കാരനായ അഭിജിത്ത് കാലെയോടൊപ്പമാണ്. പരാതി ഉന്നയിച്ച സെലക്ടര്‍മാരെക്കുറിച്ചും അന്വേഷണം നടത്തണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും പറയുന്നത് കാലെ ഇത്തരത്തില്‍ ഒരു കാര്യം ചെയ്യുമെന്ന് താന്‍ വിശ്വസിയ്ക്കുന്നില്ലെന്നാണ്.

ഓസ്ട്രേലിയയിലേക്ക് പര്യടനത്തിനായി ഇന്ത്യ പോവുന്ന വേളയിലാണ് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ടിവിഎസ് കപ്പ് ഫൈനലിനിടെയാണ് സെലക്ടര്‍മാര്‍ കോഴ വാഗ്ദാനം വെളിപ്പെടുത്തിയത്. രണ്ട് സെലക്ടര്‍മാരും കോഴക്കാര്യം ഡാല്‍മിയയോട് നേരിട്ടുപറയുകയായിരുന്നു.

രണ്ട് സെലക്ടര്‍മാരോടും റിപ്പോര്‍ട്ട് എഴുതിവാങ്ങിയതിന് ശേഷമാണ് കാലെയെ സസ്പെന്റ് ചെയ്യാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തീരുമാനിച്ചത്. കാലെയ്ക്കെതിരായ ആരോപണവും സസ്പെന്‍ഷന്‍ തീരുമാനവും സ്വാഭാവികമായും ചില സംശയങ്ങളുണര്‍ത്തുന്നു. ക്രിക്കറ്റിന്റെ ലോകത്ത് വിശുദ്ധപശുക്കളില്ലെന്നത് ഏവരുടെയും വിശ്വാസമായി തീര്‍ന്നിരിക്കെ സംശയത്തിന്റെ ഈ പുകമറ അല്പം കട്ടിയേറിയതാണ്. പുതിയ കോഴവിവാദത്തിന് പിന്നിലെ യാഥാര്‍ഥ്യമെന്താണെന്നും അന്തര്‍നാടകങ്ങളില്‍ യഥാര്‍ഥത്തില്‍ കളിക്കുന്നവര്‍ ആരൊക്കെയാണെന്നും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ചോദ്യങ്ങളുയരുന്നു.

ഏകപക്ഷീയമായ തീരുമാനം

അഭിജിത് കാലെ കോഴ വാഗ്ദാനം ചെയ്തുവെന്ന സെലക്ടര്‍മാരുടെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചതും കാലെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഡാല്‍മിയ അറിയിക്കുന്നത്.

അഭിജിത് കാലയ്ക്കെതിരായ ആരോപണത്തിന്റെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചതെന്തുകൊണ്ടാണ്? 14 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡാല്‍മിയ പറഞ്ഞിരുന്നു. കമ്മിഷന്‍ അന്വേഷണം നടത്തിയാണ് കാലെ കുറ്റക്കാരനാണോ നിരപരാധിയാണോ എന്ന് വിധിക്കേണ്ടത്. ആരോപണം ആരോപണം മാത്രമായി നില്‍ക്കെ കാലെയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് കിട്ടുന്നതു വരെ 14 ദിവസം കാത്തിരിക്കാന്‍ ബോര്‍ഡ് തയ്യാറാവാഞ്ഞതെന്തുകൊണ്ടാണ്?

ചോദ്യത്തിന് ബോര്‍ഡിന് വ്യക്തമായ ഉത്തരമില്ല. തന്റെ ഭാഷ്യം കേള്‍ക്കാതെയാണ് വിലക്ക് തീരുമാനത്തില്‍ ബോര്‍ഡെത്തിയതെന്ന് കാലെയും പറയുന്നു. ആരോപണ വിധേയനായ ആള്‍ക്ക് പറയാനുള്ളതെന്താണെന്ന് പോലും കേള്‍ക്കാതെ അയാള്‍ക്കെതിരെ നടപടിയെടുക്കുന്നതിലെ നീതിയെന്ത്?

ആരോപണം വിശ്വസനീയമോ എന്ന ചോദ്യവും ഉയരുന്നു. ദേശീയ ടീമില്‍ ഇടം കിട്ടാനായി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് സെലക്ടര്‍മാരായ മോറെയും പ്രണബ് റോയിയും പറഞ്ഞത്. ടീമില്‍ ഇടം കിട്ടാനായി ഇത്രയും രൂപ രാജ്യാന്തര മത്സരത്തില്‍ ഒരിക്കല്‍ മാത്രം കളിക്കാന്‍ അവസരം ലഭിച്ച ഒരു കളിക്കാരന് നല്‍കാനാവുമോ?

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X