• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടെറോയ്ഡ്: ഐടിയില്‍ കേരളത്തിന്റെ അഗ്നിപരീക്ഷ

  • By Staff

ജനവരി 28, 2004

ഹാര്‍മണി അറ്റ് വര്‍ക്ക് എന്നതാണ് തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ മുദ്രാവാക്യം. തൊഴിലിടത്തിലെ ഐക്യവും സ്വരച്ചേര്‍ച്ചയുമാണ് ടെക്നോപാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

പക്ഷെ കഴിഞ്ഞ ദിവസം അവിടെ സന്ദര്‍ശിക്കാനെത്തിയ വിദേശികളായ ഒരു സംഘത്തിന് കാണാന്‍ കഴിഞ്ഞത് പ്രധാനകവാടത്തില്‍ സമരമുദ്രാവാക്യങ്ങളും എതിര്‍പ്പുമായി തമ്പടിച്ച ഒരു സംഘം ആളുകളെയാണ്. അവര്‍ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിയ്ക്കുന്ന ടൊറോയ്ഡ് എന്ന കമ്പനിയില്‍ നിന്നും പുറത്താക്കിയ ജീവനക്കാര്‍ക്ക് വേണ്ടിയാണ് മുദ്രാവാക്യം മുഴക്കുന്നത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക- തൊഴില്‍സമരരംഗത്ത് എപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്ന മുദ്രാവാക്യം ഇപ്പോള്‍ ടെക്നോപാര്‍ക്കിന്റെ വാതില്‍പ്പടിയിലും എത്തിയിരിക്കുന്നു. സമരമില്ലാത്ത, തൊഴിലാളികള്‍ മീശപിരിയ്ക്കാത്ത കേരളം എന്ന വാഗ്ദാനം പാഴാവുകയാണോ? ഐടി കമ്പനികള്‍ ഭാവിയില്‍ കേരളത്തിലേക്ക് വരാന്‍ പലവട്ടം ചിന്തിയ്ക്കുന്ന സ്ഥിതിവിശേഷമുണ്ടാകുമോ?

ഐടി രംഗത്തെ കേരളത്തിന്റെ കുതിപ്പിനുള്ള ആസിഡ് ടെസ്റായി മാറിയിരിക്കുകയാണ് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ടൊറോയ്ഡ് എന്ന കമ്പനിയിലെ സമരം. ഈ സമരം ലോകത്തുള്ള ഐടി വ്യവസായസംരംഭകര്‍ക്കും ടെക്നോപാര്‍ക്കിനകത്ത് പ്രവര്‍ത്തിയ്ക്കുന്ന മറ്റ് കമ്പനികള്‍ക്കും കേരളത്തെക്കുറിച്ച് തെറ്റായ സൂചനകള്‍ നല്കുമ്പോഴും പ്രശ്നം പരിഹരിയ്ക്കാന്‍ കഴിയാതെ സര്‍ക്കാര്‍ വീര്‍പ്പുമുട്ടുകയാണ്.

ഐടി മന്ത്രി കുഞ്ഞാലിക്കുട്ടിയുടെയും തൊഴില്‍ മന്ത്രി ബാബുദിവാകരന്റെയും അധ്യക്ഷതയില്‍ മൂന്നു വട്ടം ടൊറോയ്ഡ് ഉടമകളും തൊഴിലാളികളും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഐടി അനുബന്ധവ്യവസായമായ കാള്‍സെന്റര്‍, ബിപിഒ രംഗത്ത് വന്‍കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന കേരളത്തിന് വലിയ ആഘാതമാണ് ടൊറോയ്ഡ് കമ്പനിയിലെ സമരം.

ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങി കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തുകയാണ്. പക്ഷെ വലിയൊരു സമയം ഇതിനകം കടന്നുപോയിക്കഴിഞ്ഞിരുന്നു. ഇതിനിടെ ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ സിഇഒമാര്‍ കൂടി സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് നിവേദനം നല്കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുന്നു. പല ഐടി കമ്പനികളിലെ സിഇഒമാര്‍ക്കും ടെക്നോപാര്‍ക്കിലെ പ്രധാനഗേറ്റ് സമരക്കാര്‍ കയ്യടക്കിയതിനാല്‍ പാര്‍ക്കിനകത്തേക്ക് കടക്കാന്‍ കഴിയാത്ത സ്ഥിതി വിശേഷമുണ്ടെന്നും അറിയുന്നു.

സംസ്ഥാനത്തെ ഐടി മേഖലയെ തന്നെ ഈ സമരം നീണ്ടുപോവുന്നത് കരിനിഴലിലാഴ്ത്തിയിട്ടുണ്ട്. കേരളത്തിലെ ഐടി മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് കമ്പനികളെ പിന്തിരിപ്പിക്കാന്‍ സമരം നീണ്ടുപോവുന്നത് കാരണമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബോണസും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ടെറോയ്ഡ് എംപ്ലോയീസ് അസോസിയേഷന്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളാണ് സമരത്തിലേക്കും മൂന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതിലും കലാശിച്ചത്. പ്രശ്നത്തില്‍ ഇടപെടാന്‍ ടെക്നോപാര്‍ക്ക് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. കമ്പനിയുടെ ആഭ്യന്തരപ്രശ്നമാണിതെന്നും ടെക്നോപാര്‍ക്ക് അധികൃതര്‍ ഇതില്‍ ഇടപെടേണ്ടെന്നുമാണ് ടെറോയിഡ് കമ്പനിയുടെയും നിലപാട്.

ടൊറോയ്ഡ് ചൂഷകരോ?

ടൊറോയ്ഡ് ഹോങ്കോംഗ് ലിമിറ്റഡിന്റെ സബ്സിഡിയറി യൂണിറ്റാണ് തിരുവന്തപുരം ടെക്നോപാര്‍ക്കിലെ ടൊറോയ് ഇന്ത്യ പ്രൈവറ്റ് ലി. എന്ന കമ്പനി. സ്വീഡന്‍കാരായ നിക്ഷേപകരാണ് കമ്പനിയുടെ ഉടമസ്ഥര്‍. ടൊറോയ്ഡല്‍ ട്രാന്‍സ്ഫോര്‍മറുകള്‍, ചോക്കുകള്‍, അനുബന്ധഉല്പന്നങ്ങള്‍ എന്നിവയാണ് ഇവിടെ നിര്‍മ്മിയ്ക്കുന്നത്. ശ്രീലങ്കയിലും കമ്പനിയ്ക്ക് ഒരു ഉല്പാദനയൂണിറ്റുണ്ട്.

യുഎസ്, യുകെ, ജര്‍മ്മനി, സ്വീഡന്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍ വില്പനവിഭാഗം ഓഫീസുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ടെക്നോപാര്‍ക്കില്‍ 300 പേര്‍ക്ക് വരെ തൊഴില്‍ നല്കാവുന്ന സംവിധാനമാണ് കമ്പനി സ്ഥാപിച്ചിട്ടുള്ളത്.

അതേ സമയം തുച്ഛമായ വേതനം നല്‍കുന്നതു മൂലമാണ് ടെറോയ്ഡ് കമ്പനിയിലെ ജീവനക്കാര്‍ കമ്പനിയ്ക്കെതിരെ സമരം തുടങ്ങിയതെന്ന് പറയപ്പെടുന്നു. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാര്‍ക്ക് ദിവസം 45 രൂപയാണ് നല്‍കിപോന്നിരുന്നത്. മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദിവസകൂലി 100 രൂപയായി ഉയര്‍ത്താന്‍ കമ്പനി അധികൃതര്‍ നിര്‍ബന്ധിതരായി.

നാല് പേരെ കൂടി കമ്പനി പിരിച്ചുവിട്ടതോടെ ജീവനക്കാര്‍ സമരം കൂടുതല്‍ ശക്തമാക്കി. സിപിഎം നേതൃത്വം സമരം ഏറ്റെടുക്കുകയും ചെയ്തു. സിഐടിയു സംസ്ഥാന നേതൃത്വവും സമരത്തെ പിന്തുണച്ചു.

അതേ സമയം സമരത്തിനെതിരെ കയറ്റിറക്ക് തൊഴിലാളികള്‍ പ്രതിഷേധമുയര്‍ത്തിത് സിഐടിയുവിന് തലവേദനയായി. ടെക്നോപാര്‍ക്കിലെ ഏക ഹാര്‍ഡ്വേര്‍ നിര്‍മാണ കമ്പനിയായ ടെറോയ്ഡ് കയറ്റിറക്ക് തൊഴിലാളികള്‍ക്ക് സ്ഥിരമായി ജോലി നല്‍കുന്നുണ്ട്. 60,000 രൂപ മുതല്‍ 90,000 രൂപ വരെ വരുന്ന ജോലിയാണ് മാസത്തില്‍ കയറ്റിറക്കു തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. കമ്പനി ജീവനക്കാര്‍ നടത്തുന്ന സമരം തങ്ങളുടെ ജോലിയെ ബാധിച്ചതോടെ അവര്‍ സമരത്തിനെതിരെ തിരിയുകയായിരുന്നു.

അതേ സമയം താമസിയാതെ ടെക്നോപാര്‍ക്കിലെ അന്തരീക്ഷം സാധാരണനിലയിലാവുമെന്നാണ് മന്ത്രിമാര്‍ വിവിധ കമ്പനികളുടെ സിഇഒമാര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്.

ടെക്നോപാര്‍ക്കിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ മാറ്റണമെന്ന് വിവിധ കമ്പനികളുടെ സിഇഒമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചുമതലയേറ്റതു മുതല്‍ പലതരം ആരോഗ്യപ്രശ്നങ്ങളിലാണ് ടെക്നോപാര്‍ക്ക് സിഇഒ മഹാലിംഗം. തന്നെ സിഇഒയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് മഹാലിംഗം തന്നെ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more