കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും കാള്‍സെന്റര്‍ തരംഗം

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തിലും കാള്‍ സെന്ററുകള്‍ നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ നല്കിക്കൊണ്ട് തരംഗം സൃഷ്ടിയ്ക്കുന്നു. ഏറ്റവും പുതിയതായി രണ്ട് കമ്പനികള്‍ 1,700 പേരെയാണ് ഈ വര്‍ഷം നിയമിക്കാന്‍ ഒരുങ്ങുന്നത്.

ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 24-7 കസ്റമര്‍, കൊച്ചിയിലെ നിര്‍മല്‍ സോഴ്സസ് ഇന്റര്‍നാഷണല്‍ തുടങ്ങിയ കമ്പനികളാണ് കേരളത്തില്‍ നിന്നും വ്യാപകമായി നിയമനം നടത്തുന്നത്. മറ്റ് ചില കാള്‍ സെന്ററുകളും ഈ വര്‍ഷം കേരളത്തില്‍ നിന്ന് നിയമനം നടത്തും.

ബാന്റ്വിഡ്ത്ത് കൂടിയ ഇന്റര്‍നെറ്റ് കണക്ഷന്‍ ചെലവ് കുറഞ്ഞ രീതിയില്‍ ലഭിയ്ക്കുമെന്നതാണ് കേരളത്തിലേയ്ക്ക് കാള്‍ സെന്ററുകളെ ആകര്‍ഷിയ്ക്കുന്നത്. കൊച്ചിയിലാണ് രണ്ട് സമുദ്രാന്തര കേബിള്‍ ശൃംഖലകള്‍ വന്ന് കയറുന്നത്.

പൊതുവേ വന്‍നഗരങ്ങളിലെ കാള്‍ സെന്ററുകളില്‍ ജീവനക്കാരുടെ കൊഴിഞ്ഞ് പോക്ക് വളരെ കൂടുതലാണ്. ജോലിയ്ക്ക് ചേര്‍ന്ന ശേഷം കൂടുതല്‍ ശമ്പളം തേടി മറ്റ് കാള്‍ സെന്ററുകളിലേക്ക് പോകുന്ന പ്രവണത ഇവിടെയുണ്ട്. വന്‍ നഗരങ്ങളില്‍ കൊഴിഞ്ഞുപോക്ക് 40 മുതല്‍ 50 ശതമാനം വരെയാണ്. എന്നാല്‍ കേരളത്തില്‍ ഇത്തരം കൊഴിഞ്ഞുപോക്ക് കുറവാണ്. കേരളത്തില്‍ ഇത് വെറും അഞ്ച് ശതമാനം മാത്രമേയുള്ളൂ. കേരളത്തില്‍ സര്‍ക്കാരും കാള്‍ സെന്ററുകളുടെ മേഖലയില്‍ വന്‍പിന്തുണയാണ് നല്കുന്നത്. ഈ മേഖലയില്‍ ഒട്ടേറെ സൗജന്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

24-7 കസ്റമര്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും തിരഞ്ഞൈടുക്കല്‍ തുടങ്ങിക്കഴിഞ്ഞു. ഈ രണ്ട് നഗരങ്ങളിലെയും കോളജുകളില്‍ നിന്നും അഞ്ഞൂറോളം പേരെ നിയമിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

തങ്ങളുടെ ജീവനക്കാരുടെ എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കാനാണ് 24-7 കസ്റമറിന്റെ പദ്ധതി. ഈ വര്‍ഷം ജീവനക്കാരുടെ എണ്ണം 5000 ആക്കും. ആവശ്യമായ യോഗ്യതയുള്ളവരെ കണ്ടെത്താനായാല്‍ ഇതില്‍ 20 ശതമാനവും കേരളത്തില്‍ നിന്നായിരിക്കുമെന്ന് 24-7 കസ്റമര്‍ ഹ്യൂമന്‍ റിസോഴ്സസ് വൈസ് പ്രസിഡന്റ് സൗജന്യ റെഡ്ഢി പറഞ്ഞു.

തങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരെ കണ്ടെത്തുന്നതിന് കൊച്ചിയിലെ മൂന്ന് കോളജുകളെയും തിരുവനന്തപുരത്തെ രണ്ട് കോളജുകളെയും കമ്പനി തിരഞ്ഞെടുത്തു കഴിഞ്ഞു. 2003 മാര്‍ച്ചില്‍ കേരളത്തില്‍ നിന്നും 163 പേരെ കമ്പനി നിയമിച്ചിട്ടുണ്ട്.

നിര്‍മല്‍ സോഴ്സസ് ഇന്റര്‍നാഷണല്‍ 40 പേരെ നിയമിച്ചുകഴിഞ്ഞു. ആലുവയിലെ മുട്ടത്താണ് കമ്പനിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം തുടങ്ങുന്നത്. 20 സീറ്റുകളുള്ള ഈ കാള്‍ സെന്റര്‍ രണ്ട് ഷിഫ്ടുകളിലായാണ് പ്രവര്‍ത്തിയ്ക്കുക. ഡിസംബര്‍ ആവുമ്പോഴേക്കും ജീവനക്കാരുടെ എണ്ണം 1200 ആയി ഉയര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിര്‍മല്‍ റിസോഴ്സസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഫാ. ജോയ് അരമ്പന്‍കുടി പറഞ്ഞു.

നിര്‍മല്‍ സോഴ്സസ് ഘട്ടങ്ങളായി വിപുലീകരിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. രണ്ടാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായി കമ്പനി കാക്കനാട്ടെ ഇന്‍ഫോ പാര്‍ക്കിലേക്ക് മാറ്റും. ഇവിടെ 150 സീറ്റുകളുള്ള കാള്‍ സെന്ററായി തുടങ്ങി പിന്നീട് ഡിസംബറോടെ സീറ്റുകളുടെ എണ്ണം 500 ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.

24-7 കസ്റമര്‍ ഉയര്‍ന്ന വേതനമാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. അതേ സമയം കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ സോഴ്സസ് അത്രയും ഉയര്‍ന്ന ശമ്പളം നല്‍കുന്നില്ല. അതേ സമയം പുതിയ ജീവനക്കാര്‍ക്ക് 8,000-12,000 രൂപ ശമ്പളമായി നല്‍കുന്നുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

സ്പെക്ട്രാ മൈന്‍ഡ്, ആലമി, ലിങ്ക്എയര്‍ ട്രാവല്‍സ് എന്നിവരും കേരളത്തില്‍ കാള്‍ സെന്റുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X