കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുദാസിന്റെ ഇമേജിളകുമ്പോള്‍....

  • By Staff
Google Oneindia Malayalam News

യേശുദാസ് മലയാളിക്ക് ഗാനഗന്ധര്‍വനായിരുന്നു. മനുഷ്യനേക്കാള്‍ എത്രയോ ഉയര്‍ന്ന സ്ഥാനമായിരുന്നു മലയാളി അദ്ദേഹത്തിന് നല്കിയിരുന്നത്. പൊതുവേദികളില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ചെറുപ്പക്കാരും പ്രായമേറിയവരും ഒരുപോലെ കാതോര്‍ത്തിരുന്നു. ലേഖകന്റെ ഓര്‍മ്മയില്‍ നിന്നുള്ള ഒരു ഉദാഹരണമിതാ:

കൊച്ചിയിലെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മാതൃഭൂമി സംഘടിപ്പിയ്ക്കുന്ന യുവജനോത്സവത്തിന്റെ ഉദ്ഘാടനവേദി. എറണാകുളത്തെ ചില വനിതാകോളെജില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ സദസ്സില്‍ ഉറക്കെ പൊട്ടിച്ചിരിയ്ക്കുകയും കൂക്കിവിളിയ്ക്കുകയും ചെയ്യുന്നു. പ്രസംഗകരെ ആരെയും അവര്‍ കൂസുന്നില്ല. പൊതുവേദിയില്‍ ഷൈന്‍ ചെയ്യാന്‍ പറ്റുന്ന അവസരം മുതലാക്കുകയാണ് പെണ്‍കുട്ടികള്‍.

പെട്ടെന്നതാ വേദിയില്‍ യേശുദാസ് പ്രസംഗിയ്ക്കാനെഴുന്നേറ്റു. തന്റെ സ്വതസിദ്ധമായ തൂവെള്ളജുബയും മുണ്ടും വേഷം. എല്ലാവരും ഒരല്പനേരം മിണ്ടാതിരിയ്ക്കണമെന്ന് ഗാനഗന്ധര്‍വന്റെ ഉപദേശം. പെണ്‍കുട്ടികള്‍ അടങ്ങി. അവര്‍ പിന്നെ യേശുദാസ് പ്രസംഗിച്ചുതീരും വരെ ഒരക്ഷരം ഉരിയാടിയില്ല.

ഇതാണ് ഗാനഗന്ധര്‍വന്റെ കേരളത്തിലെ ശക്തി. അദ്ദേഹം ദൈവത്തിന്റെ അവതാരമാണെന്ന് മലയാളികള്‍ വിശ്വസിയ്ക്കുന്നതില്‍ തെറ്റില്ല. കാരണം ഇത്രയും മാധുര്യമേറിയ ശബ്ദം മലയാളത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ല. മതത്തിന്റെ അതിര്‍വരമ്പുകള്‍ മായ്ക്കുന്നതായിരുന്നു യേശുദാസിന്റെ സാന്നിധ്യം. ക്രിസ്തീയ ഭക്തിഗാനങ്ങളേക്കാള്‍ ഹിന്ദു ഭക്തിഗാനങ്ങളാണ് അദ്ദേഹം കൂടുതല്‍ പാടിയത്. ദൈവത്തെ ആരാധിയ്ക്കാന്‍ മലയാളികള്‍ കൂടുതല്‍ ആശ്രയിച്ചത് യേശുദാസിന്റെ ശബ്ദമാണ്.

ഹിന്ദുക്കള്‍, പ്രത്യേകിച്ചും ബ്രാഹ്മണരും മറ്റും, ആധിപത്യം സ്ഥാപിച്ചിരുന്ന കര്‍ണ്ണാടകസംഗീതരംഗത്തും യേശുദാസ് അനിഷേധ്യ സാന്നിധ്യമായി വളര്‍ന്നു.

30 വര്‍ഷം മുമ്പാണ് അദ്ദേഹം തരംഗിണി സ്ഥാപിച്ചത്. അതിനും മുമ്പ് 1961 നവമ്പര്‍ 14നാണ് അദ്ദേഹം ജാതിഭേദം മതദ്വേഷം എന്ന ഗാനമാണ് അദ്ദേഹം മലയാള സിനിമയ്ക്ക് വേണ്ടി ആദ്യം ആലപിച്ചത്. അതിന് ശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 43 വര്‍ഷമായി യേശുദാസിന്റെ ആ ആധിപത്യം ഇന്നും മലയാളപിന്നണി ഗാനരംഗത്ത് തുടരുകയാണ്.

പക്ഷെ ഈയിടെ ആ ആധിപത്യത്തിന് അല്പാല്പമായി കോട്ടംതട്ടിയ്ക്കൊണ്ടിരിക്കുകയാണ്. പ്രായമേറിയപ്പോള്‍ ഗാനഗന്ധര്‍വന്റെ ശബ്ദത്തിന് അല്പം മങ്ങിയിട്ടുണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ. മനസ്സ് വിചാരിയ്ക്കുന്നിടത്തേയ്ക്ക് പഴയതുപോലെ പൂര്‍ണ്ണതയോടെ ശാരീരമെത്തുന്നില്ല.

പണ്ട് യേശുദാസില്ലാതെ ഒരു ഗാനം കമ്പോസ് ചെയ്യാന്‍ സംഗീതജ്ഞര്‍ക്കാവില്ലായിരുന്നു. ഇപ്പോള്‍ അങ്ങിനെ ഒരു സ്ഥിതിവിശേഷം മലയാളത്തില്‍ ഇല്ല.

എ.ആര്‍. റഹ്മാന്റെ വരവാണ് ഇന്ത്യയില്‍ സിനിമാസംഗീതമാകെ മാറ്റിമറിച്ചത്. തമിഴിലെ മുടിചൂടാമന്നനായ ഇളയരാജയ്ക്ക് പോലും റഹ്മാന്‍ തരംഗത്തില്‍ ചുവടുതെറ്റി. പഴയതുപോലെ മെലഡി എന്നത് സിനിമാസംഗീതത്തില്‍ അത്യാവശ്യമല്ലെന്ന് വന്നു. പകരം താളത്തില്‍ അധിഷ്ഠിതമായ ഗാനങ്ങള്‍ക്കായി ഡിമാന്റ്. ഇത് യേശുദാസിനെയും ബാധിച്ചിട്ടുണ്ട്. മെലഡിയായിരുന്നു യേശുദാസിന്റെ ശക്തിയും സൗന്ദര്യവും.

റഹ്മാന്റെ ചുവടുപിടിച്ച് മലയാളത്തിലും വിദ്യാസാഗറും ബേണി-ഇഗ്നേഷ്യസുമെല്ലാം റിഥം അടിസ്ഥാനമാക്കിയ ജമ്പിംഗ് ട്യൂണുകള്‍ക്ക് പ്രാധാന്യം നല്കാന്‍ തുടങ്ങി. അതോടെ യേശുദാസ് ഒരു അത്യാവശ്യഘടകമല്ലാതായി. മെലഡിയുടെ ആശാന്മാരായ ജോണ്‍സണും ഔസേപ്പച്ചനും വരെ പുതിയ ട്രെന്‍ഡിനൊത്ത് നീങ്ങുകയാണ്.

ഇതിനെല്ലാം പുറമെയാണ് ജാസിഗിഫ്റ്റിന്റെ വരവ്. ലജ്ജാവതിയേ എന്ന ഒരൊറ്റ ഗാനം കൊണ്ട് കേരളത്തിലെ യുവത്വത്തെയാകെ നൃത്തംചെയ്യിപ്പിച്ച സംഗീതസംവിധായകനാണ് ജാസി ഗിഫ്റ്റ്. റഹ്മാന്റെ ലൈന്‍ അതിന്റെ പൂര്‍ണ്ണതയോടെ നടപ്പാക്കുന്ന സംവിധായകനാണ് ജാസി ഗിഫ്റ്റെന്ന് പറയാം. അതായത് വരും കാലത്ത് മെലഡിയ്ക്ക് രക്ഷയില്ലെന്ന താക്കീതാണ് കേരളം ലജ്ജാവതിയേ എന്ന ഗാനത്തിലൂടെ നല്കിയിരിക്കുന്നത്.

മെലഡിയുടെ തിരോധാനമാണ് യേശുദാസിന്റെ ആധിപത്യത്തിന് കോട്ടംതട്ടിച്ചത്. വിധുപ്രതാപ്, മധുബാലകൃഷ്ണന്‍, ബിജു നാരായണന്‍, വിശ്വനാഥന്‍ തുടങ്ങി യുവഗായകരുടെ ഒരു നീണ്ടനിരയാണ് മലയാളത്തില്‍ അരങ്ങേറിയത്. അവര്‍ അരങ്ങേറുക മാത്രമല്ല, അവര്‍ സംഗീതരംഗത്ത് ഇടം പിടിയ്ക്കുകയും ചെയ്തു.

യേശുദാസ് തന്റെ ആധിപത്യം മക്കളിലൂടെ പുനസ്ഥാപിയ്ക്കാനായി പിന്നെ ശ്രമം. വിജയ് യേശുദാസിനെ സംഗീതരംഗത്തേയ്ക്ക് കൊണ്ടുവന്നത് അങ്ങിനെയാണ്. പക്ഷെ ജീവിതത്തിന്റെ എല്ലാ വശങ്ങളും അനുഭവിച്ച് മനസ്സിലാക്കിയ യേശുദാസിന്റെ ജീവിതഗന്ധിയായ ആലാപനശൈലി മകന് കിട്ടിയില്ല. പ്രത്യേകിച്ചും അമേരിക്കയില്‍ വളര്‍ന്നതുകൊണ്ട് മലയാളഗാനങ്ങളുടെ സംസ്കാരം വിജയിന് കാര്യമായി പിടികിട്ടിയിട്ടില്ലെന്ന് തോന്നുന്നു. എവിടെ വികാരം നല്കണം, ഏത് വാക്ക് പൊലിപ്പിയ്ക്കണം എന്നൊക്കെ യേശുദാസിന് കൃത്യമായി അറിയാമെങ്കിലും മകന് ആ വിദ്യ വശമായിട്ടില്ല. അക്കാര്യം പിന്നണിഗായിക എസ്. ജാനകി ഒരു വേദിയില്‍ തുറന്നടിയ്ക്കുകയും ചെയ്തു. സംഗീതജ്ഞരുടെ മക്കളൊന്നും നന്നായി പാടുന്നില്ല എന്നാണ് ജാനകി പറഞ്ഞത്. പലരും പരസ്യമായി പറയാന്‍ മടിയ്ക്കുന്ന കാര്യം ജാനകി പരോക്ഷമായി സൂചിപ്പിച്ചു.

വിജയിന്റെ പരാജയം യേശുദാസിനെ വേദനിപ്പിച്ചിരിയ്ക്കണം.

ഇപ്പോഴിതാ ബിസിനസ്സ് കാര്യങ്ങള്‍ നോക്കിനടത്തുന്ന മൂത്തമകന്‍ അക്കാര്യങ്ങളില്‍ മിടുക്കനാണെന്ന ധാരണയും തകരുകയാണ്. അമേരിക്കയില്‍ നിന്ന് എംബിഎ എടുത്തിട്ടുണ്ടെങ്കിലും മലയാളത്തിന്റെയും മലയാളിയുടെയും മനശാസ്ത്രം ഗാനഗന്ധര്‍വന്റെ മൂത്ത മകന്‍ വിനോദ് യേശുദാസിന് കിട്ടിയിട്ടില്ല. അല്ലെങ്കില്‍ ഗാനങ്ങളുടെ പകര്‍പ്പാവകാശത്തെച്ചൊല്ലി ഇങ്ങിനെ ഒരു വിവാദം പൊട്ടിപ്പുറപ്പെടില്ലായിരുന്നു.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X