• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയ്ക്കൊരു ക്ലീന്‍ പ്രധാനമന്ത്രി

  • By Staff

മന്‍മോഹന്‍സിംഗിനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് ഒരു മലയാളിയാണ്. ഡോ. പി.സി. അലക്സാണ്ടര്‍ എന്ന പഴയ കോണ്‍ഗ്രസ് നേതാവ്. മന്‍മോഹന്‍ സിംഗിനെ ഇന്ത്യയുടെ ധനകാര്യമന്ത്രിയാക്കുന്നതിനുള്ള ദൗത്യം പ്രധാനമന്ത്രി പി.വി. നരസിംഹറാവു ഏല്പിച്ചത് അലക്സാണ്ടറേയായിരുന്നു. അലക്സാണ്ടര്‍ തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചു. രാത്രി തന്നെ സിംഗിനെ വാതിലില്‍ മുട്ടിവിളിച്ചാണ് അലക്സാണ്ടര്‍ അക്കാര്യം അറിയിച്ചത്. സിംഗ് ആ പദവി സന്തോഷത്തോടെ സ്വീകരിച്ചു. 1991 മുതല്‍ 1996 വരെ അങ്ങിനെ ഇന്ത്യയുടെ ഭാഗധേയം തിരുത്തിക്കുറിച്ച ഒരു ധനമന്ത്രി പിറന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പുതിയ താരോദയമായിരുന്നു അത്. പക്ഷെ ധനകാര്യമന്ത്രിയാവും മുമ്പ് മന്‍മോഹന്‍ പ്രധാനമന്ത്രി റാവുവിന് മുന്നില്‍ ഒരു ഉപാധി വച്ചിരുന്നു: സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അവസരം തരണം. മന്‍മോഹന്‍സിംഗിന്റെ കഴിവുകളെക്കുറിച്ച് അറിയുമായിരുന്ന റാവു അതിന് വഴങ്ങി.

ആദ്യത്തെ ബജറ്റ് അദ്ദേഹം അവതരിപ്പിച്ചപ്പോള്‍ തന്നെ ലോകത്തിനും ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഒരു കാര്യം ബോധ്യമായി- ഇദ്ദേഹം സാധാരണ ധനമന്ത്രിയല്ല. 1991ല്‍ മന്‍മോഹന്‍സിംഗ് അവതരിപ്പിച്ച ബജറ്റ് ഇന്ത്യയെ അടിമുടി മാറ്റിയെടുക്കുന്ന ഒന്നായിരുന്നു. ഇന്ത്യയുടെ വിദേശനാണ്യനിക്ഷേപം അപ്പോള്‍ വെറും 1500 കോടി രൂപയുടേതായിരുന്നു. വെറും രണ്ടുവര്‍ഷം കൊണ്ട് അത് 12 മടങ്ങായി വര്‍ധിപ്പിയ്ക്കാന്‍ മന്‍മോഹന്‍സിംഗിന്റെ ബജറ്റിന് കഴിഞ്ഞു. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഇടത്തരക്കാരെ സമ്പന്നതയിലേക്ക് നയിയ്ക്കാന്‍ മന്‍മോഹന്‍സിംഗിന്റെ ഉദാരവല്ക്കരണം സഹായിച്ചു. വിദേശരാഷ്ട്രങ്ങളുടെ ഇന്ത്യയോടുള്ള സമീപനം തന്നെ മാറ്റിയത് സിംഗിന്റെ സാമ്പത്തികപരിഷ്കാരങ്ങളായിരുന്നു.

ഇന്ത്യയെ പിടിച്ചുലച്ച 5,000 കോടി രൂപയുടെ ഓഹരി കുംഭകോണം പുറത്തുവന്നപ്പോഴും ആരും മന്‍മോഹന്‍സിംഗിനെതിരെ ആരോപണമുയര്‍ത്തിയില്ല. അതാണ് അദ്ദേഹം രാഷ്ടീയത്തില്‍ കാത്തുസൂക്ഷിച്ച പരിശുദ്ധി. പിന്നീട് പഞ്ചസാര കുംഭകോണം മുതല്‍ പല അഴിമതിക്കഥകളും പുറത്തുവന്നപ്പോഴും ആരും മന്‍മോഹന്‍സിംഗിനെ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല.

ഇദ്ദേഹത്തിന്റെ ഈ ക്ലീന്‍ ഇമേജ് തന്നെയാണ് സിംഗിനെ സോണിയയുടെ വിശ്വസ്തനാക്കിയത്. അതുകൊണ്ടാകാം 72 കാരനായ അസമില്‍ നിന്നുള്ള ഈ രാജ്യസഭാംഗത്തിന് പ്രധാനമന്ത്രി പദവി ഏല്പിയ്ക്കാന്‍ സോണിയ തീരുമാനിച്ചത്. എപ്പോഴും അദ്ദേഹം സോണിയയ്ക്ക് രാഷ്ട്രീയ ഉപദേശങ്ങള്‍ നല്കി. തിരിച്ചൊന്നും പ്രതീക്ഷിച്ചുള്ളതല്ല ആ ഉപദേശങ്ങളെന്ന് സോണിയയ്ക്ക് അറിയാമായിരുന്നു. എല്ലാറ്റിനുമുപരി ആരെയും ചതിയ്ക്കുന്ന ആളല്ല സിംഗെന്ന് സോണിയയ്ക്ക് അറിയാം. എപ്പോള്‍ വേണമെങ്കിലും തന്റെ മക്കള്‍ക്ക് വഴിമാറിക്കൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് മടിയ്ക്കാതെ ചെയ്യുന്നവനാണ് മന്‍മോഹന്‍സിംഗെന്ന് സോണിയ വിശ്വസിയ്ക്കുന്നു. കാരണം സിംഗ് മറ്റ് പല കോണ്‍ഗ്രസ് രാഷ്ട്രീയക്കാരെപ്പോലെ അധികാരക്കൊതിയനല്ല. ഇതിനെല്ലാം പുറമെ കോണ്‍ഗ്രസ് സിക്ക് സമുദായത്തോട് ചെയ്ത പാപങ്ങളുടെ കറ മന്‍മോഹന്‍സിംഗിന്റെ പ്രധാനമന്ത്രി പദത്തിലൂടെ കഴുകിക്കളയാമെന്ന് സോണിയ വിശ്വസിക്കുന്നുണ്ടാകാം.

മിതഭാഷി. ശുദ്ധമായ പെരുമാറ്റം. സാമ്പത്തികകാര്യങ്ങളില്‍ കൂര്‍മ്മമായ വിശകലന ബുദ്ധി. ഇതെല്ലാം സിംഗിന്റെ പ്രത്യേകതകളാണ്. രാഷ്ട്രീയത്തിലെ മാന്യന്‍ എന്നാണ് മന്‍മോഹന്‍സിംഗിന് ദില്ലിയിലുള്ള വിളിപ്പേര്.

അവിഭക്ത പഞ്ചാബിലെ ത്ഡലം ജില്ലയില്‍ ഗയില്‍ 1932ല്‍ ജനിച്ചു. 24ാം വയസ്സില്‍ കോളെജില്‍ വച്ചുതന്നെ ധനകാര്യവിഷയത്തിലുള്ള തന്റെ മിടുക്ക് മന്‍മോഹന്‍ തെളിയിച്ചിട്ടുണ്ട്. പഞ്ചാബ്സര്‍വകലാശാലയിലായിരുന്നു കോളെജ് പഠനം. 24ാം വയസ്സില്‍ അദ്ദേഹത്തിന് കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ആഡംസ്മിത്ത് അവാര്‍ഡ് ലഭിച്ചു. കേംബ്രിഡ്ജിലും ഓക്സ്ഫോര്‍ഡിലും പഠിച്ച് എംഎയും ഡിഫില്ലും ഡിലിറ്റും നേടി. പിന്നീട് കോളെജ് അധ്യാപകനായി ഇന്ത്യയിലേക്ക് തിരിച്ചുവന്നു. 1966മുതല്‍ 1969 വരെ ഐക്യരാഷ്ട്രസഭയ്ക്ക് വേണ്ടി ജോലി ചെയ്യാന്‍ ഇന്ത്യയുടെ പുറത്തേയ്ക്ക് പോയി. പിന്നീട് ദില്ലി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പ്രൊഫസറായി തിരികെ വന്നു.

വിദേശവ്യാപാരമന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായി 1971ല്‍ ചുമതലയേറ്റുകൊണ്ട് ഔദ്യോഗിക ജീവിതം അദ്ദേഹം ആരംഭിച്ചത്. 1972 മുതല്‍ 1976 വരെ മുഖ്യഉപദേഷ്ടാവായിരുന്നു. 1976 മുതല്‍ 1980 വരെ റിസര്‍വ് ബാങ്ക് ഡയറക്ടറായി. 1982 മുതല്‍ 1985 വരെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി. 1985 മുതല്‍ 1987 വരെ ആസൂത്രണകമ്മിഷന്‍ ഉപാധ്യക്ഷനായിരുന്നു. 1990ല്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more