കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് ലാലുവിന്റെ പിച്ചക്കാശ്

  • By Super
Google Oneindia Malayalam News

കേന്ദ്ര റെയില്‍മന്ത്രി ലാലു പ്രസാദ് യാദവും പതിവ് തെറ്റിച്ചില്ല. ദക്ഷിണേന്ത്യയില്‍ അവഗണിയ്ക്കേണ്ട സംസ്ഥാനമേതെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് കൃത്യമായി അറിയാം- കേരളം. അത് ലാലുവും റെയില്‍വേ ബജറ്റില്‍ ആവര്‍ത്തിച്ചിരിയ്ക്കുന്നു.

ഇക്കുറി കേന്ദ്രത്തിന് മുന്നില്‍ കേരളത്തിന്റെ റെയില്‍വേ വികസന ആവശ്യങ്ങള്‍ നിരത്തുന്നതില്‍ കുറെക്കൂടി ഒറ്റക്കെട്ടായി കേരള എംപിമാരും സംസ്ഥാനമന്ത്രിമാരും നീങ്ങിയിരുന്നതാണ്. പക്ഷെ എല്ലാം ഒരു വട്ടം കൂടി ജലരേഖകളായി.

ലാലുവിന്റെ റെയില്‍വേ ബജറ്റ് എങ്ങിനെയുള്ളതായിരിക്കുമെന്ന് ബജറ്റവതരണത്തിന് മുമ്പേ വ്യക്തമായാതാണ്- കേരളത്തിന് പ്രത്യേകിച്ച്ഒരു റെയില്‍വേ മേഖല എന്ന ആവശ്യം ഇക്കുറിയും അംഗീകരിയ്ക്കാന്‍ കഴിയില്ലെന്ന് ലാലു യാദവ് കേരളത്തിന്റെ ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് അയച്ച കത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരളത്തിന് കിട്ടിയത് ലാലുവിന്റെ ചില ഭിക്ഷകള്‍ മാത്രമാണ്- ആകെ അനുവദിച്ച 32 തീവണ്ടികളില്‍ പേരിന് ഒരെണ്ണം. ദില്ലിയില്‍ നിന്നും തിരുവനന്തപുരം വരെ ഒരു എക്സ്പ്രസ് തീവണ്ടി. കേരളത്തിന്റെ റെയില്‍ പാതയില്‍ 160 കിലോമീറ്റര്‍ മാത്രം ഈ വര്‍ഷം വൈദ്യുതീകരിയ്ക്കും. അങ്കമാലി-ശബരി റെയില്‍പാതയ്ക്ക് വേണ്ടി നീക്കിവച്ചിരിയ്ക്കുന്നത് രണ്ട് കോടി മാത്രം. കോഴിക്കോട്-കുറ്റിപ്പുറം-ഷൊര്‍ണ്ണൂര്‍ റെയില്‍പാതയില്‍ ആകെ 30 കിലോമീറ്റര്‍ പാത മാത്രം ഇരട്ടപ്പിയ്ക്കും.

ഇത്രയുമാണോ കേരളം പ്രതീക്ഷിച്ചിരുന്നത്? കേരളത്തിന്റെ റെയില്‍പ്രതീക്ഷകളുടെ പട്ടിക നീണ്ട ഒന്നായിരുന്നു.

കേരളത്തിന്റ ആവശ്യങ്ങള്‍

പാത ഇരട്ടിപ്പിയ്ക്കലിനായി കേരളം നിര്‍ദേശിച്ചിരുന്നത് എട്ട് റെയില്‍പ്പാതകളാണ്. ഷൊര്‍ണ്ണൂര്‍-കുറ്റിപ്പുറം-കോഴിക്കോട്, കോഴിക്കോട്-മംഗലാപുരം, എറണാകുളം-മുളന്തുരുത്തി, ചേപ്പാട്-കായംകുളം, മാവേലിക്കര കായംകുളം, മാവേലിക്കര-ചെങ്ങന്നൂര്‍, ചേപ്പാട്-ഹരിപ്പാട്, എറണാകുളം ജംഗ്ഷന്‍-എറണാകുളം മാര്‍ഷലിംഗ് യാര്‍ഡ്.

കുറെക്കാലമായി പണിനടന്നുവരുന്ന റെയില്‍പ്പാതകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അവയില്‍ പ്രധാനം അങ്കമാലി-ശബരിമല പാത, ഗുരുവായൂര്‍-കുറ്റിപ്പുറം എന്നിവയാണ്. ഇതില്‍ അങ്കമാലി-ശബരി പാതയ്ക്ക് ലാലു നീക്കിവച്ചത് രണ്ട് കോടി മാത്രമാണ്. ഈ പാതയുടെ ദൈര്‍ഘ്യം 120 കിലോമീറ്ററോളം വരും. രണ്ട് കോടി എന്നത് ഈ പാതയുടെ പണിയെ സംബന്ധിച്ചിടത്തോളം പിച്ചക്കാശാണ്. ഈ പാതകളുടെ പണി പൂര്‍ത്തിയാക്കാന്‍ ആകെ വേണ്ടത് 867 കോടി രൂപയാണ്. രണ്ട് കോടിയെവിടെ? 867 കോടിയെവിടെ? ഗുരുവായൂര്‍-കുറ്റിപ്പുറം റെയില്‍പാതയുടെ കാര്യത്തില്‍ ലാലു മിണ്ടിയിട്ടേയില്ല.

കേരളത്തില്‍ റെയില്‍പ്പാലങ്ങള്‍ പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്ന ഒന്നാണ്. പല പാലങ്ങളും കാലപ്പഴക്കമേറിയവയാണ്. പാലങ്ങള്‍ പുതുക്കിപ്പണിയാന്‍ കേരളം ആവശ്യപ്പെട്ടത് 100 കോടിയാണ്. ഇതിന് കേന്ദ്രമന്ത്രി നീക്കിവച്ചത് വട്ടപ്പൂജ്യം.

ഗേജ് മാറ്റത്തിനായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത് 367 കോടിയാണ്. കഴിഞ്ഞ വര്‍ഷം ആകെ അനുവദിച്ചത് 25 കോടിയാണ്. കൊല്ലം-വിദുരുനഗര്‍ ഗേജ്മാറ്റമാണ് ഇതില്‍ പ്രധാനം. ഈ വര്‍ഷം കേരളത്തിന്റെ ഗേജ് മാറ്റ ആവശ്യത്തെപ്പറ്റി ലാലു മിണ്ടിയിട്ടില്ല.

കര്‍ണ്ണാടകത്തിലെ നഞ്ചങ്കോട് നിന്നും നിലമ്പൂരിലേക്ക് പുതിയ പാത വേണമെന്നത് കേരളത്തിന്റെ വളരെക്കാലത്തെ ആവശ്യമാണ്. ഈ റെയില്‍ ബജറ്റിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല. ദില്ലിയില്‍ നിന്നും മറ്റ് പ്രധാനനഗരങ്ങളില്‍ നിന്നും കേരളത്തിലേക്ക് ടൂറിസ്റ് ട്രെയിന്‍ ഓടിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ടൂറിസ്റ് തീവണ്ടി എന്ന സങ്കല്പം ലാലുവിന്റെ ബജറ്റിലുണ്ട്. പക്ഷെ കേരളത്തിന് കാര്യമായൊന്നും കിട്ടിയിട്ടില്ല.

എറണാകുളം-തിരുവനന്തപുരം, ഷൊര്‍ണ്ണൂര്‍-മംഗലാപുരം എന്നീ റെയില്‍പാതകളുടെ വൈദ്യുതീകരണം കേരളം ആവശ്യപ്പെട്ടിരുന്നതാണ്. ഇക്കാര്യത്തില്‍ മാത്രമാണ് കേരളത്തിന് അല്പമെങ്കിലും ആശ്വസിയ്ക്കാന്‍ വകയുള്ളത്. ഇക്കുറി കേരളത്തിന്റെ 160 കിലോമീറ്റര്‍ റെയില്‍പാത വൈദ്യുതീകരിയ്ക്കുമെന്ന് ലാലുവിന്റെ ബജറ്റ് പ്രഖ്യാപിയ്ക്കുന്നു. ഇന്ത്യയില്‍ ആകെ ഇക്കൊല്ലം 375 കിലോമീറ്റര്‍ റെയില്‍പാത മാത്രമേ വൈദ്യുതീകരിയ്ക്കുന്നുള്ളൂ. കേരളം കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നേട്ടം ഒറീസ്സയ്ക്കാണ്.

തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാടിന് വാരിക്കോരിയാണ് റെയില്‍ മന്ത്രി സൗജന്യങ്ങള്‍ നല്കിയിരിക്കുന്നത്. കര്‍ണ്ണാടകത്തിനും സൗജന്യങ്ങള്‍ ഏറെയുണ്ട്. തമിഴ്നാടിന് നാല് പുതിയ തീവണ്ടികളാണ് അനുവദിച്ചിരിക്കുന്നത്.

നട്ടെല്ലില്ലാത്ത കേരളരാഷ്ട്രീയം

കേരളത്തിന്റെ റെയില്‍ അവഗണന തുടര്‍ക്കഥയാണ്. എത്രയൊക്കെ കേരളത്തെ അവഗണിച്ചാലും കേരളത്തിലെ രാഷ്ട്രീയക്കാര്‍ മിണ്ടാറില്ല. മിണ്ടുന്നവന് ചോറ് എന്നതാണ് ദില്ലിയിലെ രാഷ്ട്രീയം. കേരളത്തിലെ രാഷ്ട്രീയക്കാരന്‍ ദില്ലിയില്‍ ചെന്നാല്‍ പഞ്ചപുച്ഛമടക്കി നില്ക്കാറേയുള്ളൂ. പണ്ട് എകെജിയുടെ കാലത്തുള്ളതുപോലുള്ള കരുത്തൊന്നും ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്കില്ല.

കേരളത്തിലും തമിഴ്നാട്ടിലേ ദ്രാവിഡമുന്നേറ്റം പോലെ സംസ്ഥാനത്തിന് വേണ്ടി മാത്രം വാദിയ്ക്കുന്ന പാര്‍ട്ടികള്‍ വരേണ്ടിയിരിക്കുന്നു ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്.

കേരളത്തിലെ ഇപ്പോഴത്തെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ എല്ലാം ദില്ലിയിലെ പ്രധാനരാഷ്ട്രീയശക്തികളുടെ നിഴല്‍ മാത്രമാണ്. ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ സോണിയാഗാന്ധിയുടെ മുമ്പില്‍ സാഷ്ടാംഗം നമസ്കരിച്ചു കിടക്കുകയാണ്. സിപിഎംകാരാണെങ്കില്‍ ദില്ലിയിലെ പൊളിറ്റ് ബ്യൂറോ പറയുന്നതിനപ്പുറം മിണ്ടില്ല. ബിജെപിയാണെങ്കില്‍ വെങ്കയ്യ നായിഡു ഒന്നു നോക്കിയാല്‍ തന്നെ ചൂളിപ്പോകും. പിന്നെങ്ങനെ കേരളം രക്ഷപ്പെടും?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X