കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരം, താങ്ക്യൂ...

  • By Super
Google Oneindia Malayalam News

പി. ചിദംബരം എന്ന ധനകാര്യമന്ത്രി വെറുംവാക്ക് പറയാറില്ല. യുപിഎ സര്‍ക്കാരിന്റെ കന്നിബജറ്റില്‍ കേരളം പ്രതീക്ഷിച്ച പ്രഖ്യാപനമാണ് ചിദംബരം നടത്തിയത്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാക്കും. നിര്‍മ്മിച്ച്, പ്രവര്‍ത്തിപ്പിച്ച്, കൈമാറുക എന്ന പദ്ധതിപ്രകാരം വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ സ്ഥാപിയ്ക്കുമെന്നും ഇതിനെ ഇന്ത്യയിലെ മികച്ച കണ്ടെയ്നര്‍ ടെര്‍മിനല്‍ ആക്കിമാറ്റുമെന്നുമാണ് ചിദംബരം പ്രഖ്യാപിച്ചത്.

എന്തായാലും കേരളത്തിന് സന്തോഷിയ്ക്കാനുള്ള വകനല്കുന്ന പ്രഖ്യാപനമാണിത്. കാരണം വല്ലാര്‍പാടത്തെ ചുറ്റിപ്പറ്റി കേരളത്തിന് ചില്ലറ സ്വപ്നങ്ങളല്ല ഉള്ളത്. കേരളത്തിന്റെ കച്ചവടതലസ്ഥാനമായി കൊച്ചിയെ മാറ്റുന്ന പദ്ധതിയാണിത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചരക്കുക്കപ്പലുകള്‍ക്ക് നങ്കൂരമിടാനും ചരക്കുകള്‍ കയറ്റിയിറക്കാനും കൊച്ചി തുറമുഖം പോലെ ഒരു സ്ഥലമില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ക്ക് അറിയാവുന്ന കാര്യമാണ്. ആസ്ത്രേല്യമുതല്‍ യൂറോപ്പ് വരെയും കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളേയും ബന്ധിപ്പിയ്ക്കുന്ന സമുദ്ര ഹൈവേയില്‍ കൊച്ചി കിടക്കുന്നതിനാല്‍ കൊച്ചിയുടെ പ്രാധാന്യം ഏറെയാണ്. ഇവിടെ ഒരു കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ വന്നാല്‍ അത് ലോകത്തിനാകെ ഗുണം ചെയ്യും. അതുവഴി കൊച്ചിയ്ക്കും കേരളത്തിനും വലിയ കുതിച്ചുചാട്ടവുമുണ്ടാകും.

പക്ഷെ ഈ പദ്ധതിയ്ക്ക് ഒരു സാധ്യതാപദ്ധതി തയ്യാറാക്കുന്നത് 1990ല്‍ മാത്രമാണ്. ഇതിന് വേണ്ടിയുള്ള ടെണ്ടറുകള്‍ ക്ഷണിച്ചുതുടങ്ങിയത് 1992ലും. ഈ ടെണ്ടര്‍ ശരിയാവാതെ വന്നപ്പോള്‍1998 മെയില്‍ വീണ്ടും ടെണ്ടര്‍ ക്ഷണിച്ചു. എന്നാല്‍ പദ്ധതിയ്ക്ക് വേണ്ടത്ര പ്രചാരം ലഭിയ്ക്കാത്തതിനാലും അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ കമ്പനികള്‍ക്ക് ആശങ്കകളുള്ളതിനാലും പദ്ധതിയ്ക്ക് വേണ്ടി വന്‍ കമ്പനികള്‍ ടെണ്ടറുകള്‍ നല്കിയില്ല.

എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി വാജ്പേയിയാണ് വല്ലാര്‍പാടം പദ്ധതിയ്ക്ക് ഉണര്‍വുണ്ടാക്കിയത്. ഈ പദ്ധതിയ്ക്ക് 2,000 കോടി നീക്കിവയ്ക്കുമെന്നാണ് വാജ്പേയി പ്രഖ്യാപിച്ചത്. പിന്നീട് കേന്ദ്രപ്രതിരോധമന്ത്രാലയം ഈ പദ്ധതിയ്ക്ക് പച്ചക്കൊടി വീശിയതും പദ്ധതിയ്ക്ക് ഉണര്‍വുണ്ടാക്കി.

പദ്ധതിയ്ക്കെതിരെ പ്രാദേശികമായ ശക്തികള്‍ മുതല്‍ അന്താരാഷ്ട്ര ശക്തികള്‍ വരെ രംഗത്തുവന്നതാണ്. എന്നാല്‍ ചര്‍ച്ചകളിലൂടെ പദ്ധതിയ്ക്കെതിരായി ഉണ്ടായ ആശങ്കകള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞു.

മലേഷ്യ, സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നിവിടങ്ങളിലെ റോഡ് ഷോകളില്‍ വല്ലാര്‍പാടം പ്രചരിപ്പിച്ചതോടെയാണ് ലോകത്തിലെ മികച്ച കണ്ടെയ്നര്‍ ടെര്‍മിനല്‍ നടത്തിപ്പുകമ്പനികള്‍ക്ക് ഈ പദ്ധതിയോട് താല്പര്യമേറിയത്. ഇതോടെ യുകെയിലെ സിഎസ്എക്സ് വേള്‍ഡ് ടെര്‍മിനല്‍സ്, മുംബൈയിലെ മെയ്ര്‍സ്ക്, ജപ്പാനിലെ എന്‍വൈകെ ലൈന്‍സ്, ചെന്നൈയിലെ ലാഴ്സണ്‍ ആന്റ് ടൂബ്രോ, സിംഗപ്പൂരിലെ പിഎസ്എ എന്നീ കമ്പനികള്‍ ടെണ്ടറുകളുമായെത്തി.

വല്ലാര്‍പാടം പദ്ധതിയ്ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ ആവേശത്തോടെ മുന്നേറുകയാണ്. ഇതിന്റെ ഭാഗമായി ഏതാനും പാലങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ പണിതുകഴിഞ്ഞു. ഇപ്പോള്‍ യുഎസ് ആസ്ഥാനമാക്കിയുള്ള സിഎസ്എക്സ് ടെര്‍മിനല്‍സ്, മലേഷ്യയിലെ വെസ്റ്പോര്‍ട്ട്, ഹോങ്കോങ്ങിലെ ഹച്ചിസണ്‍ പോര്‍ട്ട് ഹോള്‍ഡിംഗ്സ്, ഡെന്‍മാര്‍ക്കിലെ മെയേഴ്സക് സീലാന്റ്, ദുബായ് പോര്‍ട്ട് അതോറിറ്റി എന്നിവരും ടെണ്ടറുകളുമായെത്തിയിട്ടുണ്ട്.

എന്തായാലും ചിദംബരത്തിന്റെ ബജറ്റ് പ്രഖ്യാപനം വല്ലാര്‍പ്പാടം പദ്ധതിയ്ക്ക് ആവേശം പകരുന്ന ഒന്നാണ്. ടെണ്ടര്‍ ഉറപ്പിച്ചുകഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി തീര്‍ക്കാവുന്നതേയുള്ളൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X