കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആതന്‍സിലേക്ക് 19 അത്ലറ്റുകള്‍...

  • By Staff
Google Oneindia Malayalam News

ആതന്‍സ് ഒളിമ്പിക്സിലേക്ക് 19 അത്ലറ്റുകളാണ് ഇക്കുറി ഇന്ത്യയ്ക്ക് വേണ്ടി പോരാടുന്നത്. പക്ഷെ ഇതില്‍ മെഡല്‍ പ്രതീക്ഷയുള്ളത് ഒരാള്‍ മാത്രമാണ്- കേരളത്തിന്റെ അഞ്ജു ബോബി ജോര്‍ജ്ജ്.

നൂറ് വര്‍ഷമായി ഒളിമ്പിക്സ് അത്ലറ്റിക്സില്‍ ഒരു മെഡല്‍ പോലും നേടാനാവാത്ത ഇന്ത്യയുടെ അത്ലറ്റിക്സ് ചരിത്രം അഞ്ജു ബോബി ജോര്‍ജിന് തിരുത്തിയെഴുതാനാവുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യ. ഒളിമ്പിക്സില്‍ അത്ലറ്റിക്സ് മെഡലിനുള്ള ഇന്ത്യയുടെ ഏകപ്രതീക്ഷ ഇന്ത്യന്‍ സംഘത്തിലെ ലോകനിലവാരത്തിലുള്ള ഒരേയൊരു താരമായ അഞ്ജുവാണ്.

ഇതിന് മുമ്പ് 1900ലെ പാരിസ് ഗെയിംസില്‍ ഇന്ത്യയില്‍ താമസമാക്കിയ ബ്രിട്ടീഷ് സൈനികന്‍ നോര്‍മന്‍ പ്രിത്ചാര്‍ഡാണ് ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി അവസാനമായി മെഡല്‍ നേടിയത്- രണ്ട് വെള്ളി മെഡലുകള്‍. അന്ന് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ ജന്മംകൊണ്ടിരുന്നില്ല. ഒളിമ്പിക്സ് അസോസിയേഷന്‍ രൂപം കൊണ്ടതിന് ശേഷം പല ഇന്ത്യന്‍ അത്ലറ്റുകളെയും ഒളിമ്പിക്സിന് അയച്ചുവെങ്കിലും ഇന്ത്യയുടെ മെഡല്‍ സ്വപ്നം പൂവണിയാതെ ബാക്കിയായി.

മില്‍ഖാസിംഗ്, ഗുര്‍ബച്ചന്‍ സിംഗ്, ശ്രീറാം സിംഗ്, പി. ടി. ഉഷ എന്നീ അത്ലറ്റിക്സ് താരങ്ങള്‍ക്ക് ഒളിമ്പിക്സ് മെഡല്‍ നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയില്‍ വച്ചാണ്. ഉഷയ്ക്ക് ശേഷവും ഇന്ത്യ ഒളിമ്പിക്സിന് അയക്കുന്ന അത്ലറ്റ് സംഘത്തില്‍ മെഡല്‍ പ്രതീക്ഷ നല്‍കുന്ന ഒന്നോ രണ്ടോ പേരുണ്ടാവാറുണ്ടെങ്കിലും അവര്‍ക്കൊന്നും മെഡല്‍ സ്വപ്നം യാഥാര്‍ഥ്യമാക്കാനായില്ല.

ഒളിമ്പിക്സിന് മുമ്പുള്ള ഗെയിംസുകളില്‍ മികച്ച പ്രകടനം പല അത്ലറ്റുകളും കാഴ്ചവയ്ക്കാറുണ്ടെങ്കിലും അവരെല്ലാം ഒളിമ്പിക്സില്‍ ദയനീയമായി പിന്നിലേക്ക് പോവുന്നതാണ് കണ്ടിട്ടുള്ളത്. ഷോട്ട് പുട്ടിലും ഡിസ്കസ് ത്രോയിലും മെഡല്‍ പ്രതീക്ഷ നല്‍കുന്ന താരങ്ങള്‍ ഒളിമ്പിക്സില്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായ മോശപ്പെട്ട പ്രകടനമാണ് നടത്താറുള്ളത്. ഈയൊരു പ്രതിഭാസത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ഇന്ത്യന്‍ അത്ലറ്റിക്സ് ഫെഡറേഷന് കഴിഞ്ഞിട്ടില്ല.

ഇത്തവണ മലയാളിയായ ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോര്‍ജില്‍ മാത്രമാണ് അത്ലറ്റിക്സ് ലോകം മെഡല്‍ പ്രതീക്ഷ കാണുന്നത്. ലോകറാംങ്കിംഗില്‍ നാലാം സ്ഥാനം പങ്കിടുന്ന അഞ്ജു മാത്രമാണ് ഇന്ത്യന്‍ സംഘത്തിലെ ലോകനിലവാരമുള്ള അത്ലറ്റ്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുള്ള അഞ്ജു യുഎസിലും യൂറോപ്പിലും നടന്ന പല ഗെയിംസുകളിലും മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ മറ്റ് അത്ലറ്റുകള്‍ക്ക് അങ്ങനെയൊരു മികവ് അവകാശപ്പെടാനില്ല.

അമേരിക്കന്‍ അത്ലറ്റ് മരിയന്‍ ജോണ്‍സ്, അഞ്ജുവിനോടൊപ്പം ലോകറാങ്കിംഗില്‍ നാലാം സ്ഥാനം പങ്കിട്ട യൂനിസ് ബാര്‍ബര്‍, ലോക ഇന്‍ഡോര്‍ ചാമ്പ്യനും ലോകത്തിലെ രണ്ടാം നമ്പര്‍ താരവുമായ റഷ്യയുടെ തത്യാന ലെബെദേവ തുടങ്ങിയ ഏതാനും പ്രഗത്ഭതാരങ്ങളെയാണ് അഞ്ജുവിന് ഒളിമ്പിക്സില്‍ എതിരാളികളായി നേരിടാനുള്ളത്.

ആതന്‍സ് ഗെയിംസില്‍ പങ്കെടുക്കുന്നതിന് മുമ്പായി നടന്നിട്ടുള്ള ഗെയിംസുകളില്‍ ഒന്നാന്തരം പ്രകടനം കാഴ്ചവച്ചിട്ടുള്ളതിന്റെ മികവാണ് അഞ്ജുവിന് അവകാശപ്പെടാനുളളത്. 6.80 മീറ്റര്‍ രണ്ട് തവണ ചാടിയിട്ടുള്ള അഞ്ജു 6.82 മീറ്ററും 6.83 മീറ്ററും ഓരോ തവണ ചാടിയിട്ടുണ്ട്.

ജൂലൈ അവസാനനത്തില്‍ നടന്ന സ്റോക്ഹോം ഗെയിംസില്‍ 6.60 മീറ്റര്‍ ചാടിയ അഞ്ജു അഞ്ചാം സ്ഥാനത്താണെത്തിയത്. 6.74 മീറ്റര്‍ ചാടി ദേശീയ റെക്കോര്‍ഡിട്ടിട്ടുള്ള അഞ്ജുവിന്റെ ഈ വര്‍ഷത്തെ മികച്ച പ്രകടനം 6.66 മീറ്ററാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലോകത്തെ മികച്ച അത്ലറ്റുകളുമായി മത്സരിക്കുന്ന അഞ്ജുവിന് ഈ മത്സരങ്ങളിലെ പ്രകടനം ഒളിമ്പിക്സിലെ പ്രതീക്ഷകള്‍ നിറവേറ്റാമെന്ന ആത്മവിശ്വാസം നല്‍കുന്നുണ്ട്.

ലോകറാങ്കിംഗില്‍ നാലാമത് നില്‍ക്കുന്ന അഞ്ജുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ സംഘത്തിലെ മറ്റുള്ളവര്‍ ഏറെ പിറകിലാണ്. അഞ്ജു കഴിഞ്ഞാല്‍ ഇന്ത്യന്‍ സംഘത്തില്‍ റാങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്നത് ഡിസ്കസ്ത്രോ താരം നീലംസിംഗാണ്- 15-ാം റാങ്ക്. ഡിസ്കസ്ത്രോ താരങ്ങളായ സീമ അന്തില്‍ 25-ാം റാങ്കുകാരിയും ഹര്‍നന്ത് കോര്‍ 32-ാം റാങ്കുകാരിയുമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X