• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ മൂന്നു പേരും കൊല്ലപ്പെട്ടതെങ്ങനെ?

  • By Staff

അറവുമാടുകളറിയാത്ത അങ്ങാടി ഗണിതങ്ങള്‍ - 2

മുംബൈ ആക്രമണത്തിലും സംശയങ്ങള്‍ക്കും സൂചനകള്‍ക്കും പഞ്ഞമില്ലല്ലോ. ആ മൂന്നു കൊലപാതകങ്ങള്‍ എവിടെ വെച്ച്, ആര് ചെയ്തു എന്നതിന് ഔദ്യോഗികമായി വ്യക്തമായൊരുത്തരം ഇതുവരെ കിട്ടിയോ?

എങ്ങനെ, എവിടെ വെച്ചാണ് ഹേമന്ത് കാര്‍കറെയും വിജയ് സലാസ്കറും അശോക് കാംതെയും കൊല്ലപ്പെട്ടത്? വീരമൃത്യു വരിച്ച സൈനികരെ ആചാരപരമായിത്തന്നെ നാം ആഘോഷിച്ചു. അവരെങ്ങനെ മരിച്ചുവെന്ന തീര്‍ത്തും പ്രാഥമികമായ ചോദ്യം ഒരിക്കലും ചോദിക്കാതെ തന്നെ.

മൂവരും മരിച്ചത് നവംബര്‍ 26ന് അര്‍ദ്ധരാത്രിയ്ക്ക്. ഹെല്‍മറ്റും ബുളളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച് കാമറയുടെ മുന്നില്‍ നിന്ന് കാര്‍കറെ പോയത് മരണത്തിലേയ്ക്കാണ്. ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടുവെന്നാണ് ആദ്യം വന്ന വാര്‍ത്തകള്‍.

ഇത്തരമൊരു ചോദ്യത്തിന്റെ ഉത്തരം മലയാള പത്രങ്ങളില്‍ തേടുന്നത് പ്രസക്തമാണോ എന്നറിയില്ല. എങ്കിലും നമുക്ക് മനോരമ ഒന്നു പരതി നോക്കാം. നവംബര്‍ 27ന് മനോരമ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്. ഭീകരാക്രമണം മരണം 80 എന്ന തലക്കെട്ടിലെ പ്രധാനവാര്‍ത്ത. മൂന്നാം ഖണ്ഡിക. അവസാന വരി.

"സിഎസ്‍ടിയ്ക്കു സമീപം മെട്രോ സിനിമാ പരിസരത്ത് പൊലീസ് ഇന്‍സ്പെക്ടറെ ബന്ദിയാക്കി അക്രമികള്‍ വാനുമായി കടക്കുമ്പോള്‍ ഹേമന്ത് കാര്‍ക്കറെ തടയുകയായിരുന്നു.."

ATS chief Karkare succumbs to injuries എന്നാണ് എന്‍ഡിറ്റിവി വാര്‍ത്തയുടെ തലക്കെട്ട്. അവലംബം പിടിഐ വാര്‍ത്തയും. രണ്ടാം ഖണ്ഡിക ഇങ്ങനെ.

Karkare (54), who was probing the Malegaon blasts case, was gunned down when he was leading an operation at Hotel Taj against terrorists who had taken 15 people, including seven foreigners, as hostages. He was hit by three bullets in his chest. One MP Krishan Das and 200 people were stranded in Taj hotel.

ATS CHIEF HEMANT KARKARE KILLED എന്നാണ് ഐബിഎന്‍ ലൈവിന്റെ തലക്കെട്ട്.

Karkare, 54, was killed in a shootout with terrorists at the Taj Intercontinental Hotel where terrorists have taken at least 15 people hostage. എന്നു തന്നെയാണ് അവിടെയും വാര്‍ത്ത. അഡീഷണല്‍ കമ്മിഷണര്‍ അശോക് കാംതെയും ഏറ്റുമുട്ടല്‍ വിദഗ്ധന്‍ വിജയ് സലാസ്കറും മരിച്ചത് മെട്രോ സിനിമയ്ക്കു മുന്നില്‍ നടന്ന വെടിവെപ്പിലാണെന്ന് ഐബിഎന്‍ സംശയ രഹിതമായി പറയുന്നു.

എന്നാല്‍ ലൈവ് ആഘോഷിച്ച ഈ ചാനലുകള്‍ പറഞ്ഞത് കളളമാണെന്നല്ലേ, പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അരുണ്‍ ജാദവ് പറഞ്ഞത്. ഒരേ വാഹനത്തില്‍ വെച്ചാണത്രേ ഈ മൂന്നു പേരും കൊല്ലപ്പെട്ടത്. ഇവര്‍ക്കു പുറമെ മൂന്ന് കോണ്‍സ്റ്റബിളുമാരും കൊല്ലപ്പെട്ടുവെന്നും താന്‍ അത്ഭുതകരമായി രക്ഷപെട്ടുവെന്ന് അരുണ്‍ ജാദവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ നവംബര്‍ 29ന് റിപ്പോര്‍ട്ട് ചെയ്തു.

സിഎസ്ടിയില്‍ നിന്ന് ഒരു ക്വാളിസ് വാനില്‍ മെട്രോ സിനിമയിലേയ്ക്ക് പോവുകയായിരുന്നു ഉദ്യോഗസ്ഥ സംഘം. സദാനന്ദ് ദാതെയെന്ന ഓഫീസര്‍ക്ക് വെടിയേറ്റുവെന്ന വാര്‍ത്തയറിഞ്ഞാണ് ഇവര്‍ അങ്ങോട്ട് പോയതത്രെ. യാത്രാമധ്യേ ഒരു മരത്തിന് പുറകില്‍ നിന്നും പൊടുന്നനെ രണ്ടു തീവ്രവാദികള്‍ വെടിയുതിര്‍ത്തുവെന്നും വാഹനത്തിലിരുന്ന ആറുപേര്‍ കൊല്ലപ്പെട്ടുവെന്നും അരുണ്‍ ജാദവ് പറയുന്നു.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥരെ വലിച്ചു പുറത്തിട്ട് ശേഷം രണ്ടുപേരും കുറേ ദൂരം കാറോടിച്ചെന്നും പിന്നീട് ടയര്‍ പഞ്ചറായപ്പോള്‍ അതുപേക്ഷിച്ച് വേറൊരു സ്വകാര്യ വാഹനത്തില്‍ കയറി ഭീകരന്മാര്‍ രംഗം വിട്ടുവെന്നുമൊക്കെയാണ് അരുണ്‍ ജാദവ് പറയുന്നത്.

മൂന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ റോഡില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നുവെന്ന വാര്‍ത്ത എന്തുകൊണ്ടാണ് ലൈവ് ആഘോഷിച്ച മാധ്യമങ്ങള്‍ക്ക് കിട്ടാതെ പോയത്? ഹേമന്ത് കാര്‍ക്കറെ ടാജിനു മുന്നിലും മറ്റു രണ്ടുപേര്‍ മെട്രോ സിനിമയ്ക്കും മുന്നില്‍ ഭീകരോട് ഏറ്റുമുട്ടി കൊല്ലപ്പെടുകയായിരുന്നുവെന്നാണ് ഏതാണ്ടെല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ബുളളറ്റ് പ്രൂഫ് ധരിച്ചിരുന്ന കാര്‍ക്കറെയുടെ നെഞ്ചില്‍ മൂന്നു ബുള്ളറ്റേറ്റുവെന്ന് എന്‍ഡിടിവി പറയുന്നു.

സലാസ്കര്‍ ഡ്രൈവിംഗ് സീറ്റിലും കാംതെ മുന്നിലും കാര്‍ക്കറെ രണ്ടാം നിരയിലുമാണ് ഇരുന്നതെന്ന് അവര്‍ക്ക് വെടിയേല്‍ക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന പോലീസുകാരന്‍ പറയുന്നു. കാറിന്റെ പിന്‍നിരയിലിരുന്ന കാര്‍ക്കറെയുടെ നെഞ്ചില്‍ മൂന്നു ബുളളറ്റുകള്‍ ഏറ്റുവെന്നത് വിശ്വസിയ്ക്കാന്‍ കഴിയുമോ?

പ്രശസ്തരും പ്രഗത്ഭരുമായ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ റോഡരുകില്‍ നിന്ന് കണ്ടെത്തുകയായിരുന്നുവെന്ന വിവരം എന്തുകൊണ്ട് അധികാരികള്‍ ഔദ്യോഗികമായി ജനങ്ങളോട് പറഞ്ഞില്ല. അരുണ്‍ ജാദവ് പറഞ്ഞതാണോ ആക്രമണം തുടങ്ങി തീരുന്നതു വരെ ലൈവ് സംപ്രേക്ഷണം നടത്തിയ മാധ്യമങ്ങള്‍ പറയുന്നതാണോ നാം വിശ്വസിക്കേണ്ടത്?

പാഞ്ഞു വരുന്ന വാഹനത്തിനു നേരെ വെടിവെയ്ക്കുമ്പോള്‍ അകത്തിരിക്കുന്ന ഡ്രൈവറടക്കം വെടിയേറ്റ് മരിച്ചാല്‍ ആ വണ്ടി എവിടെയെങ്കിലും ഇടിച്ചല്ലേ നില്‍ക്കുക. വെടിയേറ്റു തുളഞ്ഞ ചില്ലുകളോടെ, കീറിപ്പൊളിഞ്ഞ ടയറുകളോടെ ആ വാഹനം എവിടെ നിന്നാണ് പൊലീസ് കണ്ടെടുത്തത്? എന്തുകൊണ്ടാണ് ആ കാറിന്റെ ഒരു ചിത്രം പോലും മാധ്യമങ്ങള്‍ക്ക് കിട്ടാത്തത്?

ഹേമന്ത് കാര്‍ക്കറെയും വിജയ് സലാസ്ക്കറും അശോക് കാംതെയും വെടിയേറ്റു മരിച്ചത് ഒരു പൊലീസ് വാഹനത്തിനുളളില്‍ വെച്ചാണെങ്കില്‍ ആ കാറിന് വലിയൊരു വാര്‍ത്താ പ്രധാന്യമില്ലേ?

ചൗപാത്തിയില്‍ നിന്നാണ് ഒരു ഭീകരനെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ തന്നെയാണ് ഹേമന്ത് കാര്‍ക്കറെയെയും വിജയ് സലാസ്കറെയും അശോക് കാംതെയെയും വെടിവെച്ചു കൊന്നതെന്നും പൊലീസ് പറയുന്നു. ആക്രമണ പദ്ധതിയും ഉദ്ദേശ്യവും വന്ന വഴിയും സഞ്ചരിച്ച കപ്പലും ബോട്ടും എല്ലാം എല്ലാം ഇയാള്‍ പൊലീസിനോട് തുറന്നു പറഞ്ഞു. പൊലീസ് പറയുന്നത്, ഭരണകൂടം പറയുന്നത് നാം വിശ്വസിക്കുക. ചോദ്യങ്ങള്‍ക്കുളള ഉത്തരം തേടി കസ്റ്റഡിയിലുളള ഭീകരനെ ചോദ്യം ചെയ്യാന്‍ പൊതുജനത്തിനാവില്ലല്ലോ. പത്രക്കുറിപ്പ് ഭാഷ്യങ്ങള്‍ വിശ്വസിക്കുന്ന ജനതയാണ് സുസ്ഥിരമായ ഒരു രാഷ്ട്രത്തെ നിര്‍വചിക്കുന്നത്.

ചോദ്യം ചെയ്യലുകള്‍ക്കും തെളിവെടുപ്പിനും കുറ്റാരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും ശേഷം ഒരുപക്ഷേ ഈ ഭീകരനെയും തൂക്കിക്കൊല്ലാന്‍ കോടതി വിധിക്കും. മാധ്യമങ്ങള്‍ ഒരിക്കല്‍ കൂടി ഭീകരതയുടെ ഓര്‍മ്മ പുതുക്കും. ജനത സന്തോഷിക്കും. ടെലിവിഷനില്‍ ലൈവ് കണ്ടതും സമയം വെച്ച് മാധ്യമങ്ങള്‍ അപ്പപ്പോള്‍ അറിയിച്ചതും കണ്ണിമയ്ക്കാതെ നോക്കിയിരുന്നവരില്‍ അപ്പോഴുമുണ്ടാകും ചില കണ്ണികള്‍ക്ക് അത്രയിഴടുപ്പം പോരല്ലോ എന്ന സംശയം.

സെപ്തംബര്‍ 16ന് മാരിയറ്റ് ഹോട്ടലിന്റെ നാലാം നിലയിലേയ്ക്ക് ചുമന്നു കൊണ്ടുപോയ പെട്ടികള്‍ പാകിസ്താന്‍ ജനതയുടെയും ധീരന്മാരായ മൂന്ന് ഓഫീസര്‍മാരുടെ കൊലപാതകത്തെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹത ഇന്ത്യന്‍ ജനതയുടെയും ഉറക്കം കെടുത്തട്ടെ. ഈ രണ്ട് 9/11ന്റെയും യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കുളള താക്കോല്‍ ഒരുപക്ഷേ ഈ ചോദ്യങ്ങളിലാവും കിടക്കുന്നത്.

ആക്രമിക്കാന്‍ കുറേ ഭീകരര്‍. ചത്തു വീഴാന്‍ കുറേ സാധാരണക്കാര്‍. ഏറ്റുമുട്ടലില്‍ ഭീകരരെ കൊല്ലാനും ആ ശ്രമത്തില്‍ വീരമൃത്യു വരിക്കാനും കുറേ സൈനികര്‍. എല്ലാം കഴിയുമ്പോള്‍ കസേര കളിക്കാനും ആരോപണങ്ങളുന്നയിക്കാനും സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാനും ഭരണകൂടം. ഭീകരതയുടെ മറവില്‍ നയതന്ത്ര ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ആഘോഷിക്കുന്ന കോണ്ടോളിസാ റൈസുമാര്‍. ചക്രം നിലയ്ക്കാതെ കറങ്ങിക്കൊണ്ടേയിരിക്കും. ഇന്ത്യയിലാണെങ്കിലും പാകിസ്താനിലാണെങ്കിലും.

എവിടെയായാലും ഓരോ സ്ഫോടനവും നടക്കുമ്പോള്‍, കൂട്ടക്കുരുതിയുടെ വാര്‍ത്ത വായിക്കുമ്പോള്‍, ഒരന്വേഷണവുമില്ലാതെ ഉത്തരവാദികളെ ചുണ്ണാമ്പു തൊട്ട് അടയാളപ്പെടുത്തുമ്പോള്‍, പിടിയിലായവരെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ വായിക്കുമ്പോള്‍ ഒരു കാര്യം മറന്നു പോകാതിരിക്കുക.

അറവുമാടുകള്‍ക്ക് തിരിയുന്നതല്ല, അങ്ങാടി ഗണിതം. ചത്ത് തുലഞ്ഞ് ആരാന്റെയും തീന്മേശയിലെത്താനുളളവ വേണ്ടാത്ത കാര്യങ്ങളാലോചിച്ച് എന്തിന് തലവേദന കൂടി ക്ഷണിച്ചു വരുത്തണം. ഒരു നിമിഷാര്‍ദ്ധത്തിനുളളില്‍ അവയവങ്ങള്‍ ചിന്നിച്ചിതറിയും ലക്കും ലഗാനുമില്ലാത്ത വെടിവെപ്പില്‍ തലച്ചോറും കുടല്‍മാലയും ഹൃദയപേശികളും ശ്വാസകോശവും ചിതറിത്തെറിച്ചും മരിക്കാന്‍ വിധിക്കപ്പെട്ട ജനതയെന്ന അറവുമാടും അറിയേണ്ടതല്ല, ഭീകരതയുടെ അങ്ങാടി ഗണിതങ്ങള്‍.

മുന്‍ പേജില്‍

അറവുമാടുകള്‍ക്കറിയാത്ത അങ്ങാടി ഗണിതങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more