കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറവം വഴി നെയ്യാറ്റിന്‍കരയിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

Selvaraj
പിറവം ഉപതിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ സിപിഎമ്മിന്റെ നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ ശെല്‍വരാജിന്റെ അപ്രതീക്ഷിതമായ രാജി കേരള രാഷ്ട്രീയത്തില്‍ പ്രകമ്പനം സൃഷ്ടിയ്ക്കുന്നു. പിറവത്തെ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നിയമസഭയില്‍ തങ്ങളുടെ ശക്തി 68 ല്‍ നിന്ന് 69 ആയി ഉയരുമെന്ന എല്‍.ഡി.എഫ് നേതാക്കളുടെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണ് ശെല്‍വരാജിന്റെ രാജി.

അതേസമയം യുഡിഎഫ് ക്യാമ്പില്‍ സ്ഥിതി മറിച്ചാണ്. പിറവം ഉയര്‍ത്തുന്ന വെല്ലുവിളിയെ കൂടുതല്‍ കരുത്തോടെ നേരിടാന്‍ ഈ രാജി വലതുമുന്നണിയ്ക്ക് ഊര്‍ജ്ജം പകരുകയാണ്. പിറവത്ത് തിരിച്ചടിയുണ്ടായാലും തത്കാലത്തേക്കെങ്കിലും നിയമസഭയിലെ ബലാബലത്തില്‍ മാറ്റം വരില്ലെന്ന ആശ്വാസവും ഉമ്മന്‍ ചാണ്ടിയ്ക്കും കൂട്ടര്‍ക്കുമുണ്ട്.

എന്തായാലും പിറവത്തിന് ശേഷം കേരളം മറ്റൊരു ഉപതിരഞ്ഞെടുപ്പിന് കൂടി സാക്ഷ്യം വഹിയ്‌ക്കേണ്ട സാഹചര്യമാണ് ശെല്‍വരാജിന്റെ അപ്രതീക്ഷിത നീക്കത്തിലൂടെ സംഭവിച്ചിരിയ്ക്കുന്നത്. ഒരു മണ്ഡലത്തില്‍ ഒഴിവുവന്നാല്‍ ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതുകൊണ്ടുതന്നെ പിറവത്ത് എന്തുസംഭവിച്ചാലും ആറു മാസത്തിനുള്ളില്‍ മറ്റൊരു തിരഞ്ഞെടുപ്പ് മാമാങ്കം തന്നെയാണ് രാഷ്ട്രീയകേരളത്തെ കാത്തിരിയ്ക്കുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമായി കരുതപ്പെടുന്ന നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് നേടിയ വിജയം യുഡിഎഫിനെ ഞെട്ടിച്ചിരുന്നു. കോണ്‍ഗ്രസിലെ കരുത്തനായ തമ്പാനൂര്‍ രവിയെ പരാജയപ്പെടുത്തിയാണ് ശെല്‍വരാജ് അന്ന് സഭയിലെത്തിയത്. നെയ്യാറ്റിന്‍കര മണ്ഡലത്തിലെ സമുദായസമവാക്യങ്ങളാണ് നാടാര്‍ സമുദായക്കാരനായ ശെല്‍വരാജിന് അനുകൂലമായതെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.

യുഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നും അവര്‍ക്കെതിരെ സന്ധിയില്ലാസമരം നയിക്കുമെന്നൊക്കെ രാജിപ്രഖ്യാപനം നടത്തി ശെല്‍വരാജ് പറഞ്ഞെങ്കിലും ഇതെല്ലാം പിറവം മുന്നല്‍ കണ്ടുള്ള തന്ത്രങ്ങളാണെന്ന് കരുതണം. യുഡിഎഫ് നേതൃത്വത്തില്‍ നിന്നും അനുകൂല സൂചനകളില്ലാതെ ഇങ്ങനെയൊരു നീക്കത്തിന് ശെല്‍വരാജ് മുതിരുകയില്ലെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിഗമനം. കോണ്‍ഗ്രസിലേക്ക് ചേക്കേറാതെ യുഡിഎഫ് സ്വതന്ത്രനായി ശെല്‍വരാജ് നെയ്യാറ്റിന്‍കരയില്‍ മത്സരരംഗത്തുണ്ടാവാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല.

നിയമസഭയിലെ അംഗബലത്തില്‍ നേരിയ വ്യത്യാസം മാത്രമുള്ളപ്പോള്‍ മന്ത്രിപദം പോലുള്ള വലിയ ഓഫറുകള്‍ വരെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാവുമെന്ന് സിപിഎമ്മുകാര്‍ പറുയമ്പോള്‍ അതിനെയും തള്ളിക്കളയാനാവില്ല. എന്നാല്‍ ശെല്‍വരാജിന്റെ രാജിയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ജനത്തെ ബോധ്യപ്പെടുത്താന്‍ സിപിഎമ്മിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.

നെയ്യാറ്റിന്‍കരയിലെ രാജി പിറവത്ത് എതിരാളികള്‍ മുതലാക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫിന്റെ പണം വാങ്ങി എംഎല്‍എ വഞ്ചിച്ചെന്ന ആരോപണം സിപിഎം ഉയര്‍ത്തിയിരിക്കുന്നത്. ഈ പ്രതിരോധം പിറവത്ത് വിജയിക്കുമോയെന്ന് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു.

English summary
With Selvaraj’s resignation, the strength of the LDF in the Kerala Assembly has fallen to 67 in a House of 140, with a byelection due in the Piravom Assembly constituency on March 17.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X