ബാലകൃഷ്ണപിള്ള മന്ത്രി ഷിബുബേബി ജോണിനെതിരേ

  • Posted By:
Subscribe to Oneindia Malayalam
Shibu Baby John
തിരുവനന്തപുരം: മകനും മന്ത്രിയുമായി ഗണേഷ് കുമാറിനെതിരേ ആടിയ കത്തിവേഷങ്ങളൊക്കെ അണിയറയില്‍ അഴിച്ചുവെച്ച ആര്‍ ബാലകൃഷ്ണപിള്ള മകന്റെ കാര്യത്തില്‍ ഇപ്പോള്‍ സംയമനപാതയിലാണ്. പാര്‍ട്ടിയെ ധിക്കരിക്കുന്ന 'മകന്‍ മന്ത്രി'യുമായി ഒരു ചര്‍ച്ചയുമില്ലെന്ന് കട്ടായം പറഞ്ഞിരുന്നുവെങ്കിലും ഇരുവരും അടുത്തിടെ ഗംഭീരചര്‍ച്ച നടത്തിയതായി എല്ലാ മഞ്ഞും ഉരുകി തുടങ്ങിയതുമായാണ് അണിയറ വൃത്താന്തങ്ങള്‍.

അതേ പിള്ളയാണ് ഇപ്പോള്‍ യുഡിഎഫിനുള്ളിലെ മറ്റൊരു മന്ത്രിക്കെതിരേ ചന്ദ്രഹാസമെടുത്തിരിക്കുന്നത്. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിനെ ചട്ടം പഠിപ്പിക്കാനാണ് പിള്ളയുടെ ശ്രമം. അതിന് മന്ത്രി ചെയ്ത കുറ്റമെന്താണ്? തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്ക് മാന്യമായ ശമ്പളം നല്‍കണമെന്നു പറഞ്ഞുപോയി. അതു വലിയ തെറ്റായി പോയെന്ന് പിള്ളയ്ക്ക് തോന്നാല്‍ കാരണമുണ്ട്.

മന്ത്രി ചൂണ്ടികാണിച്ച തൊഴിലിടങ്ങളില്‍ പലതിന്റെയും അധിപന്‍ എന്‍എസ്എസ് നേതൃത്വമാണ്. മന്ത്രി പറഞ്ഞ ശമ്പളവര്‍ധനവ് പ്രാവര്‍ത്തികമായാല്‍ എന്‍എസ്എസ് നേതൃത്വത്തിന് വലിയ ബാധ്യതയാകുമെന്നാണ് ബാലകൃഷ്ണപിള്ളയുടെ വാദം.
കോതമംഗലത്തെ ആശുപത്രികെട്ടിടത്തിനു മുകളില്‍ കയറി നഴ്‌സുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവത്തില്‍ നഴ്‌സുമാര്‍ക്ക് അനുകൂലമായി മന്ത്രി സംസാരിച്ചതും പിള്ള അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ എന്‍എസ്എസ് നേതൃത്വത്തിനെതിരേയും. എന്‍എസ്എസിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് താനെന്ന് സ്വയം കരുതുന്ന മുന്‍ മന്ത്രി പിള്ളക്ക് ഇതെങ്ങനെ സഹിക്കാന്‍ കഴിയും.

ഉടന്‍ വന്നു അദ്ദേഹത്തിന്റെ പ്രസ്താവന. തോല്‍പ്പിച്ചവരെ ജയിപ്പിക്കാനും ജയിച്ചവരെ തോല്‍പ്പിക്കാനും എന്‍എസ്എസിനു കഴിയുമെന്ന് ആരും മറക്കരുത്. സ്വന്തം സമുദായത്തെ തള്ളിപ്പറഞ്ഞവരാരും രക്ഷപ്പെട്ടിട്ടില്ല. എന്‍എസ്എസിന് മറന്നിട്ടുള്ള നായരും ക്രിസ്ത്യാനിയും ഉള്‍പ്പെടെയുള്ള ആരും പിന്നീട് നിയമസഭ കണ്ട ചരിത്രവുമില്ല. എന്‍എസ്എസിന്റെ വോട്ടുവാങ്ങി ജയിച്ച ഷിബു ബേബി ജോണ്‍ ഇക്കാര്യം മറക്കരുത്-കൊല്ലത്ത് ചട്ടമ്പി സ്വാമി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രിക്കെതിരേ ബാലകൃഷ്ണപിള്ള ഈ വിധത്തില്‍ കടന്നാക്രമണം നടത്തിയത്.

മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് ഒരു യുഡിഎഫ് നേതാവ് മന്ത്രിക്കെതിരേ ഈ വിധത്തില്‍ നടത്തിയ പ്രസ്താവനക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഷിബുവിന്റെ പാര്‍ട്ടിയായ ആര്‍എസ്പി ബിക്കുള്ളത്. യുഡിഎഫ് നേതൃയോഗത്തില്‍ ഈ വിഷയം ശക്തമായി ഉന്നയിക്കാനാണ് അവരുടെ തീരുമാനം. എന്തു തന്നെയായാലും യുഡിഎഫിനുള്ളില്‍ മറ്റൊരു കാര്‍ഘമേഘപടലം ഉരുണ്ടുകൂടിയുകയാണ്.

English summary
R Balakrishna Pilla criticezs Labour Minister Shibu Baby John.
Please Wait while comments are loading...