കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്: കടുവയെ വെടിവെച്ചാല്‍ കുടുങ്ങും

Google Oneindia Malayalam News

ശല്യക്കാരായ കടുവകളെ വെടിവച്ചുകൊല്ലുമെന്ന് ജില്ലാ കലക്ടറും എം പിയും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും അടക്കമുള്ളവരുടെ പ്രഖ്യാപനം. വളര്‍ത്തുമൃഗങ്ങളെ കടുവകള്‍ ആക്രമിക്കുകയും കൊല്ലുകയും പതിവായതോടെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ വയനാടന്‍ ഗ്രാമങ്ങളിലെ ജനങ്ങളുടെ പ്രതിഷേധം അണപൊട്ടിയൊഴുകിയതോടെയാണ് ശല്യക്കാരനായ കടുവയെ വെടിവെയ്ക്കാന്‍ വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍ര്‍വേറ്റര്‍ക്കുള്ള അധികാരം ഉപയോഗിച്ച് കടുവകളെ കൊല്ലുമെന്ന് ഭരണകൂടവും ജനപ്രതിനിധികളും പ്രഖ്യാപിച്ചിരിക്കുന്നത്. ശല്യക്കാരായ കടുവകളെ കെണിവച്ചുപിടിച്ച് തൃശൂര്‍ മൃഗശാലയില്‍ എത്തിക്കുമെന്ന വനംമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് കടുവകളെ വെടിവച്ചുകൊല്ലുമെന്ന പ്രഖ്യാപനവുമുണ്ടായിരിക്കുന്നത്.

Tiger Wayanad

ജനങ്ങളുടെ പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി നടത്തിയ പ്രസ്താവനയാണെങ്കില്‍ കൂടിയും കടുവകളെ വെടിവച്ചുകൊല്ലുമെന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും തീരുമാനം വലിയ പ്രത്യാഘാതങ്ങള്‍ തന്നെയുണ്ടാക്കും. ലോകമെമ്പാടും കടുവകളെയും വംശനാശം നേരിടുന്ന മറ്റ് ജീവജാലങ്ങളെയും വനമുള്‍പ്പെടെയുള്ള ജൈവസമ്പത്തുകളെയും രക്ഷിക്കാനുള്ള ബൃഹദ്പദ്ധതികള്‍ നടക്കുമ്പോഴാണ് നാട്ടിലിറങ്ങുന്ന കടുവകളെ വെടിവയ്ക്കാന്‍ ഇവിടെ ആലോചന നടക്കുന്നത്. വയനാടന്‍ കാടുകള്‍ അടങ്ങിയ നീലഗിരി ബയോസ്ഫിയറില്‍ പെട്ട വയനാട് വന്യജീവി സങ്കേതം ദേശീയ കടുവാസങ്കേതമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ മുന്നോട്ടുപോകുന്നതിനിടെയാണ് കടുവശല്യം രൂക്ഷമാകുന്നതും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതും. വയനാടന്‍ കാടുകളെയും അനുബന്ധ മേഖലകളെയും കടുവാസങ്കേതത്തില്‍ പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവാദകോലാഹലങ്ങളും ചര്‍ച്ചകളും പ്രതിഷേധങ്ങളും വയനാട്ടില്‍ ഇപ്പോള്‍ സജീവമാണ്.

തിരുനെല്ലി അപ്പപ്പാറയില്‍ പത്ത് ദിവസം മുന്‍പ് ആരംഭിച്ച കടുവ ശല്യം പിന്നീട് വ്യാപകമായി. അപ്പപ്പാറക്ക് തൊട്ടുപിന്നാലെ നൂല്‍പ്പുഴ, നെന്മേനി ഗ്രാമപഞ്ചായത്തുകളില്‍ തുടങ്ങിയ കടുവ ശല്യം ശമിക്കുന്നില്ല. തിങ്കളാഴ്ച രാത്രിയും പകലുമായി രണ്ട് പശുക്കളെയും മൂന്ന് ആടുകളെയും കടുവ കൊന്നു. ചത്ത മൃഗങ്ങളേയും എടുത്ത് ദേശീയ പാത 212ലേക്ക് രാവിലെ തന്നെ ഇറങ്ങിയ പ്രദേശവാസികള്‍ അഞ്ച് മണിക്കൂറിലേറെ നായ്ക്കട്ടിയിലും നമ്പിക്കൊല്ലിയിലുമായി റോഡ് തടഞ്ഞു. ഇതിനിടെ വന്യജീവിസങ്കേതത്തിന്റെ ചില ഭാഗങ്ങളില്‍ ആളുകള്‍ തീകൊളുത്തി. പതിവ് പോലെ ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും സ്ഥലത്ത് എത്തിയെങ്കിലും മന്ത്രിയും വയനാട് എം പിയും വരണമെന്ന് ജനം വാശിപിടിച്ചു.

പത്തരയോടെ സമര സ്ഥലത്ത് എത്തിയ എം ഐ ഷാനവാസ് എം പിക്ക് മേല്‍ കുപിതരായ ജനം അസഭ്യവര്‍ഷം തന്നെ ചൊരിഞ്ഞു. ജില്ലാ കലക്ടറും എം പിയും സി സി എഫ് ഒ പി കലൈറും നാട്ടുകാരുടെ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ നാട്ടില്‍ ഇറങ്ങി കുഴപ്പം ഉണ്ടാക്കുന്ന കടുവയെ വെടിവെച്ച് കൊല്ലുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ശല്യക്കാരനായ കടുവയെ വെടിവെയ്ക്കാന്‍ വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്കുള്ള അധികാരം ഉപയോഗിച്ചാണ് വെടിവെയ്ക്കുകയെന്നും അറിയിച്ചു. ഇതിനായി ഉദ്യോഗസ്ഥരെ മൂന്ന് സംഘങ്ങളായി തിരിച്ച് വനത്തിലടക്കം തിരച്ചില്‍ നടത്തിയെങ്കിലും കടുവയുടെ പൊടിപോലും കണ്ടില്ല. കടുവയെ വെടിവെച്ച് കൊല്ലുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്. ഇതിനിടെ കാട്ടിക്കുളം ചേലൂരില്‍ കടുവ ഒരു പശുവിനെ ആക്രമിച്ചു.

നാട്ടില്‍ ഇറങ്ങുന്ന കടുവയെ പിടികൂടി മൃഗശാലയിലേക്ക് കൊണ്ടുപോവാന്‍ നിലവിലുള്ള വന്യജീവി സംരക്ഷണ നിയമം അനുവദിക്കുന്നില്ല. പിന്നെയാണ് വെടിവച്ചുകൊല്ലുന്ന കാര്യം. കടുവ മനുഷ്യനെ ആക്രമിച്ച് കൊന്നാല്‍ അവയെ കൂട് വെച്ച് പിടികൂടി ഉള്‍വനത്തില്‍ വിടണമെന്നാന്നാണ് 1972ലെ ഷെഡ്യൂള്‍ഡ് ആക്ട് അനുശാസിക്കുന്നത്. മറ്റ് സാഹചര്യത്തില്‍ ഇവയെ കൂടുവെച്ച് പിടിക്കാന്‍ പോലും അധികാരമില്ല. വളര്‍ത്തുമൃഗങ്ങളെ കൊന്നുവെന്നും ആക്രമിച്ചുവെന്നതും കൂടുവെച്ച് പിടിക്കാന്‍ പര്യപ്തമായ കാരണമായി ഷെഡ്യൂള്‍ഡ് ആക്ടില്‍ പറയുന്നില്ല. കടുവകള്‍ അധിവസിക്കുന്ന ലോകത്തെ 13 രാജ്യങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ കടുവകളുള്ള കേന്ദ്രമായാണ് വയനാട് അടക്കമുള്ള നീലഗിരി ജൈവ മണ്ഡലത്തെ അടയാളപ്പെടുത്തിയിട്ടുള്ളത്. ഇവയുടെ സംരക്ഷണം അതിപ്രധാനമായതിനാലാണ് അന്താരാഷ്ട്ര ധാരണയനുസരിച്ച് കടുവ സങ്കേതങ്ങള്‍ പ്രഖ്യാപിക്കുന്നതും സുരക്ഷയും സൈ്വരവിഹാരവും ഉറപ്പാക്കുന്നതും. ഇതിനിടെ ജനങ്ങളുടെ പ്രതിഷേധം ഭയന്ന് കടുത്ത പ്രസ്താവനകള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ അഴിക്കുള്ളിലാകാന്‍ സാധ്യതയേറെയാണ്.

English summary
Tension prevailed at Naikatty near Sulthan Bathery in Wayanad district on Tuesday as the public blocked traffic on the Kozhikode-Kollegal National Highway 212 for the fifth consecutive day seeking protection from wild animal attacks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X