കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യഥാര്‍ത്ഥത്തില്‍ എല്ലാം ബലാത്സംഗങ്ങള്‍ തന്നെയാണോ?

Google Oneindia Malayalam News

ഡല്‍ഹി പെണ്‍കുട്ടിയുടെ ബലാത്സംഗവും തുടര്‍ന്നുണ്ടായ മരണവും രാജ്യത്തെ ഇളക്കി മറിച്ചതോടെ ബലാത്സംഗത്തിനെതിരെ എന്ത് നടപടിയും സ്വീകരിക്കാമെന്ന നിലയിലേക്കാണ് ഭരണകൂടവും നിയമസംവിധാനങ്ങളും എത്തിയിരിക്കുന്നത്. ബലാത്സംഗക്കേസുകളിലെ പ്രതികളെ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഷണ്ഡീകരിക്കുക, മുപ്പത് വര്‍ഷം വരെ തടവുശിക്ഷ നല്‍കുക, കേസ് വിചാരണ അതിവേഗക്കോടതികളില്‍ മൂന്ന് മാസംകൊണ്ട് പൂര്‍ത്തിയാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്.

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ജനകീയ പ്രതിഷേധമെന്ന അപകടസാധ്യത മുന്നില്‍ കണ്ട കോണ്‍ഗ്രസ് മറ്റെല്ലാവരെക്കാളും ഒരുപടി മുന്നില്‍ നീട്ടിയെറിയുകയായിരുന്നു. ഡല്‍ഹി പ്രതിഷേധം കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഡല്‍ഹി ഭരണകൂടത്തിനുമെതിരെയായതിനാല്‍ മുഖം രക്ഷിക്കാന്‍ എന്തും ചെയ്യാന്‍ സോണിയാ ഗാന്ധിയും കൂട്ടരും തയ്യാറാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ബലാത്സംഗക്കേസുകളിലുള്ള ശിക്ഷ കടുത്തതാക്കുന്നതിന് കോണ്‍ഗ്രസ് നല്‍കിയ ശുപാര്‍ശകള്‍. ബി ജെ പി നേതാവ് സുഷമാ സ്വരാജ് അടക്കമുള്ളവര്‍ ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സോണിയാ ഗാന്ധിയുടെ കോണ്‍ഗ്രസിനും ബലാത്സംഗവിരുദ്ധ ശുപാര്‍ശ ഒട്ടും കുറയ്ക്കാന്‍ കഴിയില്ല. എന്നാല്‍ രാജ്യം ഭരിക്കുന്ന കക്ഷിയില്‍ നിന്നുണ്ടാകേണ്ട പക്വമായ ഇടപെടലാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Stop Execution

യഥാര്‍ത്ഥ ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന നിയമം വ്യവസ്ഥ മനപ്പൂര്‍വ്വമല്ലാത്ത കുറ്റത്തിന് ഒട്ടേറെപ്പേരെ ബലാത്സംഗികളാക്കാറുണ്ട്. പതിനാറ് വയസിന് താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗീകബന്ധം നമ്മുടെ നാട്ടില്‍ ബലാത്സംഗക്കുറ്റമാണ്. ഈ നിയമം ഒട്ടേറെപ്പേരെ നിയമപ്രകാരം ബലാത്സംഗികളാക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് നമ്മുടെ രാജ്യത്തെ പൊലീസ് സംവിധാനത്തിന് നിലവില്‍ ആരെയും എന്തുമാക്കാമെന്ന സ്ഥിതി നിലവിലുള്ളപ്പോള്‍ കോണ്‍ഗ്രസിന്റെ ശുപാര്‍ശ യാഥാര്‍ത്ഥ്യമായാല്‍ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

കേരളത്തില്‍ കേസെടുക്കുന്ന ബലാത്സംഗങ്ങളില്‍ 90 ശതമാനവും നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി പ്രണയബന്ധത്തില്‍ ഏര്‍പ്പെടുകയും വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടുകയും ചെയ്യുന്നവര്‍ക്കെതിരെ പൊലീസ് എടുക്കുന്നവയാണ്. ഒളിച്ചോടുന്ന കമിതാക്കളെ വീട്ടുകാരോ നാട്ടുകാരോ പോലീസോ കണ്ടെത്തുകയും അവരെ നിയമപ്രകാരമുള്ള നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യുമ്പോള്‍ കേസിലെ പെണ്‍കുട്ടി യാതൊരു ശിക്ഷാനടപടികളും നേരിടാതെ രക്ഷപ്പെടുകയും കാമുകന്‍ ബലാത്സംഗക്കേസില്‍ അകത്താകുകയും ചെയ്യും. ഈ കാമുകനും നിയമത്തിന്റെ കണ്ണില്‍ ബലാത്സംഗിയാണ്. ഇത്തരം ഒളിച്ചോട്ടക്കേസുകളില്‍ ബലാത്സംഗികളായി അകത്താകുന്ന ചെറുപ്പക്കാരനെയോ ആണ്‍കുട്ടിയെയോ ഷണ്ഡീകരിക്കണമെന്നോ തൂക്കിലിടണമെന്നോ അനുശാസിക്കുന്ന നിയമം എങ്ങനെ നീതിക്ക് നിരക്കുന്നതാകും?

രാജ്യമെമ്പാടും പെണ്‍വാണിഭം തടിച്ചുകൊഴുത്തുകൊണ്ടിരിക്കുകയാണ്. അടുത്തിടെ കോഴിക്കോട് നഗരത്തിലെ ഫഌറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ച്ചിരുന്ന വേശ്യാലയം പൊലീസ് റെയ്ഡ് ചെയ്യുകയും സ്ത്രീകളെയും ഇടപാടുകാരെയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. തുടര്‍ദിവസങ്ങളില്‍ അന്വേഷണസംഘം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. ഇവിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഇടപാടുകാരോടൊപ്പം മൂന്ന് വര്‍ഷങ്ങളായി പോകുന്നുണ്ട് എന്ന കാര്യം. വ്യഭിചാരകേന്ദ്രം നടത്തിയിരുന്ന സ്ത്രീകളുടെ പ്ലസ് ടുക്കാരികളായ രണ്ട് പെണ്‍മക്കള്‍ ഒമ്പതാം ക്ലാസുമുതല്‍ വ്യഭിചാരത്തിനിറങ്ങിയിട്ടുണ്ടെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ വിവിധ ജില്ലകളിലും ബാംഗ്ലൂര്‍, ചെന്നൈ അടക്കമുള്ള വന്‍ നഗരങ്ങളിലും നൂറുകണക്കിനാളുകളുമായി ഈ പെണ്‍കുട്ടികള്‍ ഇടപാട് നടത്തിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. മാത്രമല്ല ശോഭാ ജോണിനെപ്പോലുള്ള വന്‍ റാക്കറ്റുകള്‍ക്ക് വേണ്ടിയും ഈ പെണ്‍കുട്ടികള്‍ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് കേസുള്ളത്.

പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടികളുമായി കിടക്ക പങ്കിടാന്‍ പതിനായിരങ്ങള്‍ മുടക്കിയ ഒട്ടേറെപ്പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതെല്ലാം ബലാത്സംഗക്കുറ്റം ചുമത്തിയാണുതാനും. നിയമപ്രകാരം പ്രായപൂര്‍ത്തിയായിട്ടില്ലെങ്കിലും സ്വന്തം ഇഷ്ടപ്രകാരം ശരീരം വില്‍ക്കാനിറങ്ങിയ ഈ പെണ്‍കുട്ടികളുടെ കിടക്ക പങ്കിട്ടവര്‍ എങ്ങനെയാണ് ബലാത്സംഗികളാവുക? കിടക്ക പങ്കിടാന്‍ പണം വാങ്ങിയവര്‍ പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ നിയമത്തിന്റെ പരിരക്ഷ അനുഭവിക്കുകയും പണം കൊടുത്തവര്‍ക്ക് മാനവും ജീവിതവും ജീവനും നഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതിയെ എങ്ങനെയാണ് ന്യായീകരിക്കാനാവുക? യുവ-കൗമാരവേശ്യകള്‍ ജനനസര്‍ട്ടിഫിക്കറ്റ് നോക്കി പ്രായം ബോധ്യപ്പെട്ടുവേണം വ്യഭിചാരത്തിനിറങ്ങാന്‍ എന്ന നിയമം കൊണ്ടുവരാനാകുമോ?

വ്യഭിചാരം നിയമപ്രകാരവും ധാര്‍മ്മികവുമായി തെറ്റുതന്നെയാണ്. എന്നാല്‍ പരിഷ്‌കൃതവും അപരിഷ്‌കൃതവുമായ എല്ലാ സമൂഹങ്ങളിലും വ്യഭിചാരവും വേശ്യാവൃത്തിയും നിലനിന്നിട്ടുണ്ട്. ഇപ്പോള്‍ പണ്ടെന്നത്തേതിനാക്കാളും സജീവവുമാണ്. നമ്മുടെ രാജ്യത്ത് തന്നെ ജി ബി റോഡും കാമാത്തിപുരയും സോനാഗച്ചിയുമൊക്കെ അന്നും ഇന്നും എന്നും സജീവമാണുതാനും. ഇതിനര്‍ത്ഥം നമ്മുടെ രാജ്യത്തെ നിയമം വ്യഭിചാരത്തിനെതിരാണെങ്കിലും പരസ്യമായി തന്നെ ഇത് നടക്കുന്നുണ്ടെന്നതാണ്.

ഡല്‍ഹിയെയും ബോംബെയും കൊല്‍ക്കത്തയെയും പോലെ എല്ലാ നഗരങ്ങളിലും അതിന് അനുയോജ്യമായ രീതിയില്‍ ജി ബി റോഡും കാമാത്തിപുരയും സോനാഗച്ചിയുമൊക്കെ ഉണ്ട്. അതിനാല്‍ നിയമം കടുകടുത്തതാകുന്നതിനേക്കാള്‍ നല്ലത് ജനത്തിന്റെ മനസുകളില്‍ മാറ്റമുണ്ടാകുന്നത് തന്നെയാണ്. ഡല്‍ഹിയില്‍ തെരുവിലിറങ്ങിയവരുടെ പ്രതിഷേധം ആത്മാര്‍ത്ഥമാണെങ്കില്‍ ഇനി ഡല്‍ഹിയിലെങ്കിലും ബലാത്സംഗമുണ്ടാകാതിരിക്കണം! ബലാത്സംഗത്തിന് ഷണ്ഡീകരണവും തൂക്കിലേറ്റലും കല്ലെറിഞ്ഞുകൊല്ലലുമൊക്കെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ നിന്ന് ബലാത്സംഗത്തെ ഇല്ലാതാക്കാനായിട്ടില്ല.

ഡല്‍ഹി പ്രക്ഷോഭത്തിന്റെ അപകടം തിരിച്ചറിഞ്ഞത് രാജ്യത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ തന്നെയാണ്. ഭരണകൂടത്തിലും രാഷ്ട്രീയപാര്‍ട്ടികളിലും നേതാക്കളിലും വിശ്വാസം നഷ്ടപ്പെട്ട ജനതയുടെ പ്രതികരണങ്ങളെ തല്ലിയൊതുക്കുന്നതിന് പകരം അവരെ പാട്ടിലാക്കാനുള്ള ചില പൊടിക്കൈകളൊക്കെ പ്രയോഗിക്കാനാണ് സോണിയാ ഗാന്ധിയും ഷീലാ ദീക്ഷിതും സുഷമാ സ്വരാജുമൊക്കെ തയ്യാറാവുക.

English summary
Introducing new laws such as death penalty for rape cases, the government must not get carried away by emotions and its implications must also be taken into consideration,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X