നടിയെ ക്രൂരമായി പീഡിപ്പിച്ച സുനിയുടെ ധൈര്യം... പിന്നില്‍ ഇപ്പോഴും കറുത്തമുഖംമൂടിയുമായി ആ 'പ്രമുഖന്‍'

  • By: രശ്മി
Subscribe to Oneindia Malayalam

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം എവിടെയെത്തി അവസാനിക്കും എന്ന് ആര്‍ക്കും അറിയാത്ത സ്ഥിതിയാണ് ഇപ്പോള്‍. കാറില്‍ വച്ച് നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പക്ഷേ, സുനി നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു. സുനി അഭിഭാഷകന് നല്‍കിയ മെമ്മറി കാര്‍ഡില്‍ ആ ദൃശ്യങ്ങളുണ്ടെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

എന്നാലും, പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ പോലീസിനും പൊതു സമൂഹത്തിനും മുന്നില്‍ ധൈര്യത്തോടെ തന്നെ നില്‍ക്കുന്നു. ആരാണ് പള്‍സര്‍ സുനിയുടെ ധൈര്യത്തിന് പിന്നില്‍? ആ ഉപചാപകന്റെ കറുത്ത മുഖംമൂടി അഴിഞ്ഞ് വീഴുമോ?

സുനി ഒറ്റയ്ക്കല്ല

നടിയെ ആക്രമിച്ച സംഭവം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് പള്‍സര്‍ സുനി ആണെന്നാണ് ഇതുവരെ ലഭിച്ച തെളിവുകള്‍ പറയുന്നത്. സുനിയും മാര്‍ട്ടിനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് മൊഴി. എന്നാല്‍ അത് പൂര്‍ണമായും വിശ്വസിക്കാനാകുമോ?

അതിന് മാത്രം ധൈര്യം?

മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരത്തെ ഇത്തരത്തില്‍ ആക്രമിച്ചാല്‍ തങ്ങള്‍ പിടിക്കപ്പെടില്ലെന്ന് വിശ്വസിക്കാന്‍ മാത്രം മണ്ടനാണോ പള്‍സര്‍ സുനി? ഈ ചോദ്യവും ബാക്കിയാണ്.

പണം ആവശ്യപ്പെട്ടോ?

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാനായിരുന്നു എന്നാണ് സുനി പറയുന്നത്. അറുപത് ലക്ഷം രൂപയാണ് തട്ടിയെടുക്കാന്‍ ഉദ്ദേശിച്ചിരുന്നത് എന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സുനി നടിയോട് പണം ആവശ്യപ്പെട്ടത് സംബന്ധിച്ച് ഒരു വിവരവും ഇതുവരെയില്ല.

മാര്‍ട്ടിന് 30 ലക്ഷം

മുപ്പത് ലക്ഷം രൂപ നല്‍കാം എന്ന് പറഞ്ഞാണ് സുനി തന്നെ വിളിച്ചത് എന്നായിരുന്നു മാര്‍ട്ടിന്‍ നല്‍കിയ മൊഴി. അങ്ങനെയെങ്കില്‍ വെറും 30 ലക്ഷം രൂപയ്ക്ക് വേണ്ടി സുനി ഇങ്ങനെ ഒരു കാര്യം ചെയ്യുമോ. ബാക്കിയുള്ളവരുടെ വിഹിതം കൂടി കിഴിച്ചാല്‍ സുനിയുടെ കൈയ്യില്‍ എത്ര രൂപ കിട്ടും എന്ന് കൂടി ചിന്തിക്കണം.

ക്രൂരമായ പീഡനങ്ങള്‍

അതി ക്രൂരമായ പീഡനങ്ങള്‍ക്കാണ് നടി ഇരയായത്. ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യടുകയായിരുന്നു ലക്ഷ്യമെങ്കില്‍ ഇത്രയും ക്രൂരത കാണിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

തളര്‍ത്തുക തന്നെ ലക്ഷ്യം

നടിയെ ആക്രമിക്കുക എന്നത് മാത്രമല്ല, അവരെ മാനസികമായും ശാരീരികമായും പൂര്
ണമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നത് എന്നും വിലയിരുത്തപ്പെടുന്നു. പണം മാത്രമാണ് സുനിയുടെ ലക്ഷ്യമെങ്കില്‍ ഇത്തരത്തില്‍ ഒരു ആക്രമണം ഉണ്ടാകുമായിരുന്നോ?

ക്വട്ടേഷന്‍ എന്ന് പറഞ്ഞത്?

കാറില്‍ വച്ച് സുനിയെ നടി തിരിച്ചറിഞ്ഞപ്പോള്‍ 'ഇത് ക്വട്ടേഷനാണ്' എന്നായിരുന്നു സുനിയുടെ മറുപടി. പണം തട്ടിയെടുക്കാന്‍ ബ്ലാക്ക് മെയിലിങ്ങിനായി നടത്തിയ ആക്രമണം ആയിരുന്നെങ്കില്‍ സുനി ഇങ്ങനെ ഒരു വിശധീകരണം നല്‍കുമായിരുന്നോ എന്ന് കൂടി ഓര്‍ക്കണം.

ആ സ്ത്രീയുടെ പേര്?

ഒരു സ്ത്രീയുടെ കാര്യവും പള്‍സര്‍ സുനി കാറില്‍ വച്ച് നടിയോട് പറഞ്ഞിരുന്നു. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണ് എന്നാണ് ഇത് സംബന്ധിച്ച് സുനി പോലീസിന് നല്‍കിയത്. തന്റെ ലക്ഷ്യത്തെ ബാധിക്കാത്ത കാര്യങ്ങള്‍ എന്തിനാണ് സുനി നടിയോട് പറഞ്ഞത് എന്ന കാര്യവും ചിന്തിക്കേണ്ടതുണ്ട്.

മുഖം മറച്ചതെന്തിന്?

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ സുനി എന്തിനാണ് മുഖം മറച്ച് കാറില്‍ കയറിയത് എന്ന ചോദ്യവും പ്രസക്തമാണ്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കൊന്നും തന്നെ ഇപ്പോള്‍ ഉത്തരങ്ങളില്ല എന്നതാണ് സത്യം.

നുണപരിശോധന

സുനിയുടെ നുണപരിശോധന നടത്തണം എന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ സുനിയുടെ അഭിഭാഷകന്‍(അതായത് സുനി തന്നെ) ഇതിനെ കോടതിയില്‍ അതി ശക്തമായി എതിര്‍ക്കുകയായിരുന്നു. പ്രതിയുടെ സമ്മതമില്ലാതെ നുണപരിശോധന നടത്താന്‍ പാടില്ലെന്നതാണ് ചട്ടം.

സുനി ഭയക്കുന്നത് എന്തിനെ?

എല്ലാം താന്‍ സ്വയം ചെയ്തതാണെന്ന് പറയുന്ന പള്‍സര്‍ സുനി എന്തിനാണ് നുണപരിശോധനയെ ഭയക്കുന്നത് എന്ന ചോദ്യവും പ്രസക്തമാണ്. നുണപരിശോധന നടത്തിയാല്‍ പല കാര്യങ്ങളും പുറത്താകും എന്ന ഭയം സുനിക്കുണ്ടോ?

നിയമ സഹായം

പള്‍സര്‍ സുനിയ്ക്ക് നിമയ സഹായം നല്‍കാന്‍ കൊച്ചിയിലെ അഞ്ചില്‍ പരം അഭിഭാഷകര്‍ ഉണ്ടായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. എന്തിന് വേണ്ടിയാണ് ഇവര്‍ പള്‍സര്‍ സുനിയ്ക്ക് വേണ്ടി രംഗത്തിറങ്ങിയത് എന്നതും ന്യായമായ സംശയം ആണ്.

സുനിയുടെ കൈയ്യില്‍ പണമുണ്ടോ?

പള്‍സര്‍ സുനിയുടെ കൈവശം ഒരുപാട് പണമൊന്നും ഇല്ലെന്ന് വേണം കരുതാന്‍. സ്വര്‍ണം പണയം വച്ചായിരുന്നു നടിയെ ആക്രമിച്ചതിന് ശേഷം സുനി രക്ഷപ്പെട്ടത്. അങ്ങനെയുള്ള സുനിയില്‍ നിന്ന് വന്‍ പ്രതിഫലം പ്രതീക്ഷിച്ച് ആരും രംഗത്തെത്തില്ലെന്ന് ഉറപ്പാണ്.

പറഞ്ഞുപഠിപ്പിച്ചതുപോലെ

പോലീസിന്റെ ചോദ്യം ചെയ്യലില്‍ സുനി ഒരിക്കല്‍ പോലും പതറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാം പറഞ്ഞുപഠിപ്പിച്ചതുപോലെയാണ് കാര്യങ്ങള്‍. ഇത്രയും പ്രൊഫഷണലായി കാര്യങ്ങള്‍ നീങ്ങുന്നുണ്ടെങ്കില്‍ സുനി ഒറ്റയ്ക്കാണെന്ന് കരുതാകാനുമോ എന്നും ചോദ്യം ഉയരുന്നുണ്ട്.

മൊബൈല്‍ ഫോണ്‍ തന്നെ ഉദാഹരണം

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കേസിലെ നിര്‍ണായക തെളിവാണ്. ആ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച സുനി നല്‍കുന്ന മൊഴികള്‍ തന്നെ എടുത്ത് നോക്കിയാല്‍ ഒരു കാര്യം വ്യക്തമാകും. പോലീസിനോട് എന്ത്, എങ്ങനെ പറയണം എന്ന കാര്യത്തില്‍ സുനിയ്ക്ക് കൃത്യമാ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്

സിനിമ മംഗളത്തിലെ റിപ്പോര്‍ട്ട്

നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനകം തന്നെ ചില സിനിമാക്കാരുടെ കൈവശം എത്തിയിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ സിനിമ മംഗളത്തില്‍ വന്ന റിപ്പോര്‍ട്ട്. എന്നാല്‍ അത് ആരുടെയൊക്കെ കൈവശം ആണ് ഉള്ളത് എന്നത് സംബന്ധിച്ച് സൂചനകളൊന്നും ഇല്ല.

ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്

മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സുനി മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. മറ്റ് വ്യക്തികള്‍ക്ക് ഇത് പകര്‍ത്തി നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലീസിന് ഇപ്പോഴും വ്യക്തതയില്ല എന്നതാണ് സത്യം.

സിനിമാക്കാരുടെ നിശബ്ദത?

നടി ആക്രമിക്കപ്പെട്ടപ്പോള്‍ ആദ്യം സിനിമ മേഖലയില്‍ നിന്ന് കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ല. അതിന് ശേഷം ശക്തമായ പ്രതികരണങ്ങളുമായി താരങ്ങളും സംഘടനകളും രംഗത്തെത്തി. പക്ഷേ ആ പ്രതികരണത്തിന്റെ ചൂട് പിന്നീട് ആറിത്തണുക്കുന്നതാണ് കണ്ടത്.

വ്യക്തികളെ ലക്ഷ്യംവച്ചുള്ള നീക്കം

സിനിമ മേഖലയിലെ ചില പ്രമുഖരേ മാത്രം ലക്ഷ്യം വച്ച് നടന്ന അപവാദ പ്രചാരണങ്ങളായിരുന്നു ഇത്തരം ഒരു പിന്‍മാറ്റത്തിന് പോലും വഴിവച്ചത് എന്ന് ആക്ഷേപമുണ്ട്. വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ കൊണ്ടുപിടിച്ച് നടത്തുകയും ചെയ്തിരുന്നു.

ആരാണ് ആ മുഖംമൂടിക്കാരന്‍

എന്തായാലും ഇതിന് പിന്നില്‍ മറ്റാരോ ഉണ്ടെന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് ഒരു വ്യക്തിയാണോ ഒരു കൂട്ടം വ്യക്തികളാണോ എന്നൊന്നും വ്യക്തമല്ല. പക്ഷേ കറുത്ത മുഖംമൂടിയണിഞ്ഞ് നില്‍ക്കുന്ന ആ സൂത്രധാരനെ പിടികൂടിയാലെ ഈ പ്രശ്‌നത്തിന് പരിഹാരമാവുകയുള്ളൂ എന്ന് ഉറപ്പാണ്.

English summary
Attack against Actress: How Pulsar Suni got this much courage? Who is behind this criminal?
Please Wait while comments are loading...