38 ഇടത്ത് ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെ; 19 എല്‍ഡിഎഫിനും 18 യുഡിഎഫിനും; ഏക സീറ്റില്‍ ബിജെപിയ്ക്ക് പ്രതിസന്ധി
തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് ലഭിച്ച് വോട്ടുകള്‍ നിയമസഭാടിസ്ഥാനത്തില്‍ കൂട്ടുമ്പോള്‍ 101 ഇടത്താണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പോലെ അല്ല, നിയമസഭ തിരഞ്ഞെടുപ്പ് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഏറെക്കുറേ പൊതുതിരഞ്ഞെടുപ്പിന്റെ വീറും വാശിയും നിറഞ്ഞതായിരുന്നു.
140 ല്‍ 101 ഉം പിടിച്ച് എല്‍ഡിഎഫ്... കേരളം ചോരച്ചുവപ്പാകുന്നതിങ്ങനെ; യുഡിഎഫ് തകര്‍ന്നടിയുന്നതും
140 മണ്ഡലങ്ങളില്‍ 38 ഇടത്താണ് ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെയുള്ളത്. ഈ മണ്ഡലങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും മറിയാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ ആവില്ല. അങ്ങനെ സംഭവിച്ചാല്‍ പോലും എല്‍ഡിഎഫിന് വലിയ നഷ്ടവും സംഭവിക്കില്ല. എന്നാല്‍ ഒറ്റ സീറ്റുള്ള ബിജെപിയുടെ കാര്യം അങ്ങനെ ആകണമെന്നില്ല. വിശദാംശങ്ങള്‍ നോക്കാം.

കാസര്‍കോട് ഒറ്റ മണ്ഡലം
കാസര്‍കോട് ജില്ലയില്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെയുള്ളത്. മഞ്ചേശ്വരത്താണിത്. ഇവിടെ ലീഡ് ചെയ്യുന്നത് മുസ്ലീം ലീഗ് ആണ്. ബിജെപിയാണ് രണ്ടാം സ്ഥാനത്തുളളത്. 3,334 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് മുസ്ലീം ലീഗിന് നിലവില്‍ ഇവിടെയുള്ളത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ 89 വോട്ടിനായിരുന്നു ഇവിടെ പരാജയപ്പെട്ടത്.

കണ്ണൂര്‍ സുഭദ്രം, പക്ഷേ
കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റമുണ്ട്. എന്നാല്‍ കണ്ണൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് ആണ് മുന്നില്‍. പക്ഷേ, കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന്റെ ലീഡ് വെറും 299 വോട്ടുകളാണ്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് ആണെങ്കിലും യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണിത്.

വയനാട് എങ്ങോട്ട്
മൂന്ന് മണ്ഡലങ്ങളാണ് വയനാട് ജില്ലയില്‍ ഉള്ളത്. മൂന്നിടത്തും അയ്യായിരത്തില്‍ താഴെയാണ് ഭൂരിപക്ഷം. കല്‍പറ്റയിലും സുല്‍ത്താന്‍ ബത്തേരിയിലും യുഡിഎഫിനാണ് ലീഡ്. കല്‍പറ്റയില്‍ 4,515 ഉം ബത്തേരിയില്‍ 2,542 വോട്ടുകളും ആണ് ഇപ്പോഴത്തെ നിലയില്‍ ഭൂരിപക്ഷം. എല്‍ഡിഎഫ് ലീഡ് ചെയ്യുന്ന മാനന്തവാടിയില്‍ 2,937 വോട്ടിന്റെ ഭൂരിപക്ഷമേ അവര്‍ക്കും ഉള്ളൂ. നിലവില്‍ കല്‍പറ്റയും മാനന്തവാടിയും എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്.

കോഴിക്കോട് അങ്ങോട്ടോ ഇങ്ങോട്ടോ
കോഴിക്കോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ ലീഡ് അയ്യായിരത്തില്‍ താഴെയാണ്. നാദാപുരം, കുറ്റ്യാടി, ബാലുശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലാണിത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് പ്രകാരം എല്‍ഡിഎഫ് ലീഡ് ചെയ്യുന്നതാണ് ഇതിലെ നാല് മണ്ഡലങ്ങള്‍. നാദാപുരത്ത് എല്‍ഡിഎഫിന്റെ ലീഡ് 1,487 വോട്ടുകളാണ്. കുറ്റ്യാടിയില്‍ 2,437 ഉം കൊയിലാണ്ടിയില്‍ 3,071 ഉം ബാലുശ്ശേരിയില്‍ 3,801 ഉം ആണ് എല്‍ഡിഎഫിന്റെ ലീഡ്.
എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് ആയ വടകരയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നത് 2,074 വോട്ടുകള്‍ക്കാണ്.

മലപ്പുറത്തും സ്വിങ് മണ്ഡലങ്ങള്‍
മലപ്പുറം ജില്ല പൊതുവേ ലീഗിന് അനുകൂലമാണ്. എന്നാല്‍ രണ്ട് മണ്ഡലങ്ങളാണ് ഇവിടെ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷമുള്ളത്. നിലമ്പൂരില്‍ യുഡിഎഫിന് ഈ തിരഞ്ഞെടുപ്പില്‍ 784 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്. മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റ് ആയ പെരിന്തല്‍മണ്ണയില്‍ ഇത്തവണ ലീഡ് ചെയ്തത് എല്‍ഡിഎഫ് ആണ്. ഇവിടെ 3,067 വോട്ടിന്റെ ലീഡ് മാത്രമേ എല്‍ഡിഎഫിനുള്ളു. മുമ്പ് യുഡിഎഫിനെ പെരിന്തല്‍മണ്ണയില്‍ അട്ടിമറിച്ച പാരമ്പര്യമുണ്ട് എല്‍ഡിഎഫിന്.

പാലക്കാടും മണ്ണാർക്കാടും തൃശൂരും
പാലക്കാട് ജില്ലയില്‍ രണ്ട് മണ്ഡലങ്ങളിലാണ് ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെയുള്ളത്. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിനാണ് ലീഡ് എങ്കിലും ഭൂരിപക്ഷം 3,785 വോട്ടുകള്‍ മാത്രമാണ്. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ലീഡ് 3,311 ഉം. രണ്ടും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്.
തൃശൂര്‍ ജില്ലയില്‍ തൃശൂര്‍ മണ്ഡലത്തില്‍ മാത്രമാണ് അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷമുള്ളത്. മന്ത്രി വിഎസ് സുനില്‍കുമാറിന്റെ സിറ്റിങ് സീറ്റ് ആയ ഇവിടെ 2,586 വോട്ടിന്റെ ലീഡ് ആണ് യുഡിഎഫിന് ഉള്ളത്.

എറണാകുളം- ദി റിയല്‍ സ്വിങ് ഡിസ്ട്രിക്ട്
യുഡിഎഫിന് എന്നും ശുഭപ്രതീക്ഷയുള്ള ജില്ലയാണ് എറണാകുളം. എന്നാല്‍ ഇത്തവണ പക്ഷേ, അങ്ങനെയല്ല കാര്യങ്ങള്‍. 14 ല്‍ 11 ഇടത്തും ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെയാണ്. ആലുവ(326), തൃക്കാക്കര(2,237), എറണാകുളം(2,199), വൈപ്പിന്‍(489), കുന്നത്തുനാട്(1,962), പെരുമ്പാവൂര്‍ (3,176), പിറവം(3,735) എന്നിവിടങ്ങളില്‍ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നതെങ്കിലും ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെയാണ്.
കളമശ്ശേരി(2,895), കൊച്ചി(3,972), പറവൂര്‍(4,313), കോതമംഗലം(2,117) എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് ലീഡും അയ്യായിരത്തില്‍ താഴെയാണ്. ഇതില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്ന കളമശ്ശേരി, പറവൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളും യുഡിഎഫ് ലീഡ് ചെയ്യുന്ന വൈപ്പിന്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുമാണ്.

ഇടുക്കിയിലും രണ്ടിടം
ഇടുക്കി ജില്ലയിലും രണ്ടിടത്ത് ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെയാണ്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് ആയ ദേവികുളത്ത് യുഡിഎഫിന്റെ ലീഡ് 326 വോട്ടുകളാണ്. ഇടുക്കി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ലീഡ് 2,198 വോട്ടുകളാണ്. കഴിഞ്ഞ തവണ യുഡിഎഫിന്റെ ഭാഗമായി റോഷി അഗസ്റ്റിന്‍ മത്സരിച്ച മണ്ഡലമാണിത്. ഇത്തവണ അഗസ്റ്റിനും പാര്‍ട്ടിയും എല്‍ഡിഎഫിനൊപ്പമാണ്.

പുതുപ്പള്ളി മുതല്‍ പൂഞ്ഞാര്‍ വരെ
കോട്ടയം ജില്ലയാണ് ഇത്തവണ ശരിക്കും ഞെട്ടിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയില്‍ വരെ എല്‍ഡിഎഫിനാണ് ലീഡ്. എന്നാല്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് ലീഡ് എന്ന് പറയുന്നത് കേവലം863 വോട്ടുകള്‍ മാത്രമാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയം മണ്ഡലത്തിലും എല്‍ഡിഎഫിനാണ് ലീഡ്. എന്നാല്‍ ഇത് വെറും 1,573 വോട്ടുകളുടേതാണ്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളോടും ഒറ്റയ്ക്ക് മത്സരിച്ച് പിസി ജോര്‍ജ്ജ് പിടിച്ചടക്കിയ മണ്ഡലമാണ് പൂഞ്ഞാര്‍. എന്നാല്‍ ഇത്തവണ എല്‍ഡിഎഫ് ആണ് ഇവിടെ ലീഡ് ചെയ്യുന്നത്. ഭൂരിപക്ഷം 1,704 വോട്ടുകള്‍ മാത്രമാണ്.

ആറന്മുളയും ഹരിപ്പാടും
രമേശ് ചെന്നിത്തലയുടെ സിറ്റിങ് സീറ്റ് ആയ ആലപ്പുഴയിലെ ഹരിപ്പാട് മണ്ഡലത്തില്‍ ഇത്തവണ എല്‍ഡിഎഫിനാണ് ലീഡ്. എന്നാല്‍ 3,383 വോട്ടുകളുടെ ഭൂരിപക്ഷമേ ഇത്തവണ എല്‍ഡിഎഫിന് ഇവിടെ ഉള്ളൂ.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് വീണ ജോര്‍ജ്ജിനെ രംഗത്തിറക്കി സിപിഎം പിടിച്ചെടുത്ത മണ്ഡലമാണ് പത്തനംതിട്ടയിലെ ആറന്മുള. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇവിടെ യുഡിഎഫിനാണ് ലീഡ്. 865 വോട്ടുകളുടെ ഭൂരിപക്ഷമാണുള്ളത്.

കൊല്ലത്തെ കഥകള്‍
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണമായും ചുവന്ന ജില്ലയായിരുന്നു കൊല്ലം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചവറ മണ്ഡലത്തില്‍ ലീഡ് യുഡിഎഫിനാണ്. 4,175 വോട്ടുകളുടെ ലീഡ് ആണ് ഇവിടെയുള്ളത്.
ആര്‍എസ്പി വിട്ട് സിപിഎമ്മിനൊപ്പം നിന്ന കൊവൂര്‍ കുഞ്ഞുമോന്‍ തുടര്‍ച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് കുന്നത്തൂര്‍. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ലീഡ് വെറും 1,051 വോട്ടുകള്‍ മാത്രമാണ് എന്നതാണ് ഇടതുമുന്നണിയെ ഞെട്ടിക്കുന്നത്.

നേമം കൈവിട്ടുപോകുമോ
ബിജെപിയെ സംബന്ധിച്ച് അവരുടെ പ്രസ്റ്റീജ് സീറ്റ് ആണ് നേമത്തേത്. കേരളത്തിലെ ആദ്യ നിയമസഭ സീറ്റ്. കഴിഞ്ഞ തവണ ഒ രാജഗോപാല്‍ 8,671 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലം. പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം ഇവിടെ ബിജെപിയുടെ ഭൂരിപക്ഷം വെറും 2,204 വോട്ടുകളാണ്.
തിരുവനന്തപുരം ജില്ലയില്‍ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷമുള്ള മറ്റൊരു മണ്ഡലം നെയ്യാറ്റിന്‍കരയാണ്. സെല്‍വരാജില്‍ നിന്ന് സിപിഎം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരിച്ചുപിടിച്ച മണ്ഡലമാണിത്. ഇവിടെ ഇത്തവണ യുഡിഎഫിന് 2,161 വോട്ടിന്റെ ലീഡ് ഉണ്ട്.

കണ്ടറിയണം കഥകള്‍
തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം ആണെങ്കില്‍, അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷമുള്ള 19 മണ്ഡലത്തില്‍ തോറ്റാലും എല്‍ഡിഎഫിന് ഭരണത്തിലെത്താം. എന്നാല്‍ യുഡിഎഫിന്റെ സ്ഥിതി അതല്ല. എല്‍ഡിഎഫില്‍ നിന്ന് സ്വിങ് മണ്ഡലങ്ങള്‍ എല്ലാം പിടിച്ചാല്‍ പോലും ഭരണത്തിലെത്തില്ല. മാത്രമല്ല, ആയിരത്തില്‍ താഴെ മാത്രം ഭൂരിപക്ഷമാണ് ആറ് മണ്ഡലങ്ങളില്‍ യുഡിഎഫിനുള്ളത്.
വോട്ട് വിഹിതത്തിലും നേട്ടം എല്‍ഡിഎഫിന് മാത്രം; യുഡിഎഫിനൊപ്പം ബിജെപിയും താഴോട്ട്, പഞ്ചായത്തുകളിലും