കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ടേല... ഗാന്ധിയോടോ ബോസിനോടോ അല്ല, അംബേദ്കറോട് കൂടുതൽ ചേർന്നുനിൽക്കുന്ന ഇതിഹാസജീവിതം

Google Oneindia Malayalam News

അജി മാത്യു കോളൂത്ര

കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രായത്തിലെ അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസര്‍ ആയ അജി മാത്യു കോളൂത്ര ഒരു എഴുത്തുകാരന്‍ കൂടിയാണ്. ഏഴ് പുസ്തകങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും എഴുതാറുണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ മൂന്നാം പതിറ്റാണ്ടിന്റെ രണ്ടാം പകുതി... മുൻപ് ഒരാളും ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഒരാഫ്രിക്കൻ കുടുബത്തിൽ നിന്നും സ്വതവേ അന്തർമുഖനായൊരു ബാലൻ സ്‌കൂളിലേക്കെത്തി. ആഫ്രിക്കക്കാരന്റെ തനതായ പേരുകൾ കുട്ടികളുടെ ഉയർച്ചക്ക് തടസമാണെന്ന വിശ്വാസമുണ്ടായിരുന്ന അധ്യാപിക റോളിഹ്ലാല ( Rolihlahla) എന്ന ആ ബാലന് നെൽസൺ എന്ന ഇംഗ്ലീഷ് പേര് നൽകി. അങ്ങനെയവൻ നെൽസൺ റോളിഹ്‌ലാല മണ്ടേലയായി.

വർണ്ണ വിവേചനത്തിനെതിരെ പോരാടി വിജയം നേടിയ യോദ്ധാവായിട്ടാണ് ലോകം നെൽസൺ മണ്ടേലയെ ഓർക്കുന്നത്. ആഫ്രിക്കൻ ഗാന്ധിയെന്ന് നാം അദ്ദേഹത്തെ വിളിക്കുന്നു. എന്നാൽ ഗാന്ധിയെപ്പോലെ പൂർണ്ണ അഹിംസാവാദിയോ സുഭാഷ് ചന്ദ്രബോസിനെയോ ഭഗത്ത്‌ സിംഗിനെയോ പോലെ പൂർണ്ണ വിപ്ലവവാദിയോ ആയിരുന്നില്ല മണ്ടേല. ഇവയ്ക്ക് രണ്ടിനുമിടക്ക് തനിക്ക് മാത്രം സ്വന്തമായ വ്യത്യസ്തമായ മറ്റൊരു ശൈലിയാണ് നാടിന്റെ സ്വാതന്ത്രത്തിനായി അദ്ദേഹം പിന്തുടർന്നത്. അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ വിമോചനത്തിനായി സമരം നടത്തി വിജയം നേടിയിട്ടും എല്ലാ പൗരന്മാർക്കും സമത്വാവകാശമുള്ള സമൂഹം കെട്ടിപ്പടുക്കാൻ പരിശ്രമിച്ച വ്യക്തിയെന്ന നിലക്ക് ഡോ ബാബാസാഹിബ് അംബേദ്കറിനോട് അദ്ദേഹത്തെ ഉപമിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.

അമേരിക്കൻ യാത്ര വിശേഷങ്ങളുമായി മീര നന്ദൻ; വൈറലായി ചിത്രങ്ങൾ

ആഫ്രിക്കൻ ജീവിതം

ആഫ്രിക്കൻ ജീവിതം

കോളനിവത്കരണത്തിലൂടെ തെക്കൻ ആഫ്രിക്കയിലേക്ക് കുടിയേറിപ്പാർത്ത യൂറോപ്യൻ വെളുത്ത വർഗ്ഗക്കാരും തദ്ദേശീയരായ കറുത്തവർഗ്ഗക്കാരും തമ്മിൽ വേർതിരിവിന്റെ മതിലുകൾ നിലനിന്നിരുന്നുവെങ്കിലും വെള്ളക്കാർ തദേശീയരേക്കാൾ കൂടുതൽ അവകാശങ്ങൾക്ക് അർഹരാണെന്ന് നിഷ്കർഷിക്കുന്ന നിയമങ്ങൾ കാര്യമായ തോതിൽ നിർമ്മിക്കപ്പെട്ടിരുന്നില്ല. 1948 ൽ തീവ്ര യൂറോപ്യൻ വാദികളായ നാഷണൽ പാർട്ടിയുടെ നേതൃത്വത്തിൽ ദേശീയ സർക്കാർ അധികാരത്തിൽ വരികയും വർണ്ണവിവേചനം എന്ന് നാം വിളിക്കുന്ന, അപരവത്കരണം എന്നർത്ഥം വരുന്ന, 'അപ്പാർത്തിഡ്' നാഷണൽ പോളിസിയുടെ ഭാഗമാകുകയും ചെയ്തതിന് ശേഷമാണ് ഈ സ്ഥിതിക്ക് മാറ്റമുണ്ടായത്. 1913മുതൽ തന്നെ ഭൂമിയുടെ ഉടമസ്ഥാവകാശം പരിമിതപ്പെടുത്തുന്നതും ചില പ്രത്യേക തൊഴിലുകളിൽ കറുത്തവർഗക്കാരെ ഒഴിവാക്കുന്നതുമായ നാമമാത്ര നിയമങ്ങൾ നിലവിലുണ്ടായിരുന്നെങ്കിലും നാഷണൽ പാർട്ടി അധികാരമേറ്റതോടെ അത്തരം നിയമനിർമാണം ദ്രുതഗതിയിൽ വർധിച്ചു.

1949 മുതൽ 1971 വരെ തദ്ദേശിയരുടെ അവകാശങ്ങൾ ഹനിക്കുന്ന 148 കിരാതനിയമങ്ങൾ നിർമ്മിക്കപ്പെട്ടു. സ്വന്തമായിരുന്ന വസ്തുകളിൽ നിന്നും കറുത്ത വർഗ്ഗക്കാരെ കുടിയിറക്കി, രണ്ട് വ്യത്യസ്ത വിഭാഗങ്ങൾക്കിടയിലെ വിവാഹങ്ങളും ലൈംഗീക ബന്ധം പോലും നിരോധിക്കപ്പെട്ടു. പൊതുവിടങ്ങളിലും പാതയോരങ്ങളിലും വെള്ളകാർക്കും മറ്റുള്ളവർക്കുമായി പ്രത്യേകം ഇരിപ്പിടങ്ങൾ നിറഞ്ഞു. ബസുകളിലും ലിഫ്റ്റിലും ട്രെയിനുകളിലും ഷോപ്പിംഗ് മാളുകളിലും ഹോട്ടലുകളിലും എന്നുവേണ്ട സകല മേഖലകളിലും വിവേചനമുയർന്നു. വെളുത്ത വർഗ്ഗക്കാർക്കായി പ്രത്യേകം ബാങ്ക് പോലും ഉണ്ടായിരുന്നു. കറുത്ത വർഗ്ഗക്കാരൊക്കെ അവർ എവിടെ ജോലി ചെയ്യുന്നുവെന്നും എങ്ങോട്ടൊക്കെ പോകാൻ അനുവദിക്കപ്പെട്ടിരിക്കുന്നു എന്നും കാണിക്കുന്ന പാസുകൾ കൊണ്ടുനടക്കാൻ നിർബന്ധിതരായി. പൊതു സ്ഥലങ്ങളിൽ പലയിടത്തും കറുത്ത വർഗക്കാരെ വിലക്കിയും അവർ പ്രവേശിച്ചാൽ വെടിവെച്ചിടുമെന്നുമുള്ള സൂചനകൾ നൽകിയും മുന്നറിയിപ്പ് ബോർഡുകൾ നിരന്നു. കറുത്ത വർഗ്ഗക്കാർക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ "beware of natives" ബോർഡുകളായിരുന്നു പ്രധാന ആകർഷണം. നിറത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിക്കുന്ന ഈ വിവേചനങ്ങൾക്ക് എതിരെയായിരുന്നു മണ്ടേലയുടെ പോരാട്ടം.

മണ്ടേല ജയിലിൽ

മണ്ടേല ജയിലിൽ

ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ തണലിൽ യൂത്ത് ലീഗ് രൂപകരണത്തിന് നേതൃത്വം നൽകിയാണ് മണ്ടേല സമര രംഗത്തേക്കിറങ്ങുന്നത്. പിന്നീട് യൂത്ത് ലീഗിന്റെയും ശേഷം ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെയും (എഎൻസി) പ്രസിഡന്റായി അദ്ദേഹം മാറി. തുടക്കത്തിൽ തീവ്ര കറുത്തവർഗ്ഗ വാദിയായിരുന്ന മണ്ടേല പിന്നീട്, കളേർഡ് എന്നറിയപ്പെട്ട മിശ്രവർഗ്ഗത്തിനെയും , ഇന്ത്യൻസ് അഥവാ ഏഷ്യൻസ് എന്നറിയപ്പെട്ട വിഭാഗത്തിനെയും അംഗീകരിച്ചു. വർണ്ണവിവേചനത്തിനെതിരായ പോരാട്ടം വിജയിക്കണമെങ്കിൽ ബഹുവർഗ്ഗ മുന്നണി അത്യാവശ്യമാണെന്ന് അദ്ദേഹം മനസിലാക്കി. അവകാശങ്ങൾക്കായി,പാസ്സ് കത്തിക്കൽ പോലെയുള്ള സമാധാനപൂർവ്വ മാർഗങ്ങളിലൂടെ സമരം ചെയ്യുന്നതിനൊപ്പം ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് ഒരു സമാന്തര സായുധ സമരവിഭാഗത്തെ കെട്ടിപ്പെടുത്താനും അവരിലൂടെ, ജനങ്ങൾക്ക് ജീവഹാനി ഉണ്ടാകാത്ത വിധം സർക്കാർ വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കുന്ന അട്ടിമറിപ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാനും അദ്ദേഹം പരിശ്രമിച്ചു.

"ഞാൻ മരിക്കാൻ സന്നദ്ധനാണ്"

താൽക്കാലിക അറസ്റ്റുകളിലൂടെയും മാസങ്ങളും ചിലപ്പോൾ വർഷങ്ങളും പൊതു പരിപാടികളിൽനിന്നും വിലക്കുന്നതുൾപ്പടെയുമായ പ്രതികാരനടപടികളിലൂടെ സർക്കാർ അദ്ദേഹത്തിനെതിരായി പ്രതികരിച്ചു. എന്നാൽ അത്തരം നടപടികളിൽ ഭയന്ന് പിന്മാറാൻ മണ്ടേല്ല ഒരുക്കമായിരുന്നില്ല. അദ്ദേഹത്തിനെതിരെ പല ആരോപണങ്ങളും കേസുകളും വന്നു. അവയിൽ ഭൂരിപക്ഷവും തെളിവുകളില്ലാതെ തള്ളിപ്പോയി. ഒടുവിൽ, എഎൻസിയുടെ സായുധ വിഭാഗമായ 'എംകെ' യുടെ നേതൃത്വത്തിൽ നടന്ന അട്ടിമറി പ്രവർത്തനങ്ങളിലെ പങ്ക് കണ്ടെത്തിയ കോടതി മണ്ടേലയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. റിവോനിയ ട്രയൽ എന്ന് അറിയപ്പെടുന്ന ഈ വിചാരണയിൽ മണ്ടേല നടത്തിയ "ഞാൻ മരിക്കാൻ സന്നദ്ധനാണ്" "I am prepared to die" എന്ന പ്രസംഗം പ്രശസ്തമാണ്.

ഭരണകൂടത്തിന് മുന്നിൽ മുട്ടുമുടക്കാതെ

ഭരണകൂടത്തിന് മുന്നിൽ മുട്ടുമുടക്കാതെ

1962 മുതൽ 1990 വരെ ഏറെക്കുറേ 28 വർഷങ്ങൾ നെൽസൻ മണ്ടേല ജയിൽ ശിക്ഷ അനുഭവിച്ചു ഇതിൽ 18 വർഷത്തോളം റോബിൻസൻ ദീപിലുള്ള ജയിലിൽ എട്ടടി നീളവും ഏഴടി വീതിയുമുള്ള ഇടുങ്ങിയ തടവറയിൽ ഏകാന്തവാസമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. വർഷത്തിൽ രണ്ട് എഴുത്തും രണ്ട് സന്ദർശകരും മാത്രമാണ് അനുവദിക്കപ്പെട്ടിരുന്നത്. ക്രമേണ അതിൽ മാറ്റങ്ങൾ ഉണ്ടായെങ്കിലും തടവറയിൽ നിന്നും മോചനമുണ്ടായില്ല. ശിക്ഷയിൽ നിന്നും ഒഴിവാകാനും ഉപാധികളോടെ പുറത്തിറങ്ങാനും ലഭിച്ച അവസരങ്ങളൊക്കെ ഉറച്ച മനസോടെ അദ്ദേഹം നിരസിച്ചു. സ്വതന്ത്രനായ ഒരുവനുമാത്രമേ കരാറുകളിൽ ഏർപ്പെടാനാകുള്ളൂവെന്നും തടവുകാരന് അതിനാകില്ലെന്നും വാദിച്ച അദേഹത്തിന്റെ അർജ്ജവത്തിന് മുന്നിൽ ഒടുവിൽ ഭരണകൂടം മുട്ടുകുത്തി. 1990 ഫെബ്രുവരി 11 ന് അദ്ദേഹത്തെ വിക്റ്റർ വേർസ്റ്റർ ജയിലിൽനിന്നും മോചിതനാക്കി.

1970 മുതൽ ജയിൽ മോചിതനാകുന്നത് വരെയുള്ള കാലം വരെ അദ്ദേഹത്തിന്റെ ഫോട്ടോ പോലും സൗത്ത് ആഫ്രിക്കയിലെമ്പാടും നിരോധിക്കപ്പെട്ടു. അടയാളങ്ങൾ അവസാനിപ്പിക്കാതെ മണ്ടേല്ലയുടെ പോരാട്ടങ്ങളെ വിസ്‌മൃതിയിലാഴ്ത്താമെന്ന് ഭരണകൂടം കരുതി, പക്ഷെ കൂടുതൽ തീവ്രതയോടെ ആ ഓർമ്മകൾ ജനങ്ങളുടെ ഉള്ളിൽ പതിഞ്ഞു. സ്നേഹത്തോടെ അവർ അദ്ദേഹത്തെ മാഡിബ എന്ന് വിളിച്ചു.

റിവേഴ്‌സ് അപ്പാർത്തിഡ്

റിവേഴ്‌സ് അപ്പാർത്തിഡ്

ജയിൽ മോചനത്തിന് ശേഷമാണ് തന്റെ പോരാട്ടത്തിന്റെ ഏറ്റവും പ്രധാന ഭാഗത്തേക്ക്‌ മണ്ടേല കടക്കുന്നത്. കറുത്ത വർഗ്ഗക്കാരുടെ സ്വാതന്ത്ര്യം ഏറക്കുറെ ഉറപ്പായിരുന്നു. എന്നാൽ മുൻപ് വെളുത്തവരും കറുത്തവരും എന്ന നിലക്ക് നിലനിന്നിരുന്ന സംഘർഷങ്ങൾ ചിലയിടതെങ്കിലും കറുത്തവരും കറുത്തവരും എന്ന നിലയിലേക്ക് വഴിമാറി. കറുത്ത വർഗ്ഗക്കാരുടെ സമഗ്രാധിപത്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന തീവ്രവർഗീയ സംഘങ്ങളും മിതവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. നിരവധി സംഘർഷങ്ങളും കൂട്ടകൊലകളും നടന്നു. ഇവയ്‌ക്കെല്ലാം ഉപരിയായി ഭാവി ദക്ഷിണാഫ്രിക്ക എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ തർക്ക വിതർക്കങ്ങളുണ്ടായി. അടിച്ചമർത്തപ്പെട്ടവന്റെ ഏറ്റവും വലിയ ആഗ്രഹം അടിമനുകത്തിൽ നിന്നും പുറത്തു വരിക എന്നുള്ളതല്ല, മറിച്ച് അടിച്ചമർത്തുന്നവന്റെ അധികാരം കൈപിടിയിലാക്കി അത് വിനിയോഗിക്കുന്നതാണ് എന്ന് പൊതുവെ പറയാറുണ്ട്, ദക്ഷിണാഫ്രിക്കയിലെ സ്ഥിതിയും ഏറക്കുറെ അതുതന്നെ ആയിരുന്നു. തങ്ങളെ അടിച്ചമർത്തിയിരുന്ന വെളുത്ത വർഗ്ഗക്കാരിൽ നിന്നും അധികാരം പിടിച്ചെടുക്കുമ്പോൾ "റിവേഴ്‌സ് അപ്പാർത്തിഡ്" അഥവാ ന്യൂനപക്ഷമായ വെള്ളക്കാരോടുള്ള വിവേചനം ഉണ്ടായേക്കുമോ എന്ന് ഭയമുയർന്നു. എന്നാൽ തന്റെ മുഴുവൻ കഴിവും ഉപയോഗിച്ച് മണ്ടേല ആ സാഹചര്യത്തെ ഇല്ലാതെയാക്കി. പുതിയ രാജ്യം അതിലെ എല്ലാ പൗരന്മാർക്കും അവസരസമത്വവും വിവേചനമില്ലാത്ത അവകാശങ്ങളും നൽകുന്നതായിരിക്കുമെന്ന് അദ്ദേഹം ഉറപ്പ് വരുത്തി. സംഭവിക്കാൻ സാധ്യതയുണ്ടായിരുന്ന വലിയ കൂട്ടക്കുരുതിയിൽ നിന്നും അന്ന് സൗത്ത് ആഫ്രിക്കയെ രക്ഷിക്കാൻ അദ്ദേഹത്തിന്റെ ഈ നിലപാടിന് സാധിച്ചു. 'കെട്ടഴിഞ്ഞോടാൻ അനായാസമായിരുന്ന' പ്രതികാര വാഞ്‌ഛയേ അദ്ദേഹം കടിഞ്ഞാണിട്ട് പിടിച്ചുകെട്ടി. അതിദുർഘടമായ ഈ പരിശ്രമങ്ങൾക്ക് ലോകം സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകി അദ്ദേഹത്തെ ആദരിച്ചു.

മണ്ടേലഭരണം

മണ്ടേലഭരണം

1994 നടന്ന ബഹുവർഗ തിരഞ്ഞെടുപ്പിൽ 63% വോട്ടുകൾ നേടി മണ്ടേലയുടെ നേതൃത്വത്തിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് അധികാരത്തിൽ വന്നു. അടുത്ത അഞ്ചു വർഷം കൊണ്ട്, കലാപാനന്തര ഭരണകൂടത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്ന, സമാനതകളില്ലാത്ത ചരിത്രം എഴുതിച്ചേർത്ത് 1999 ൽ അദ്ദേഹം വിരമിച്ചു. ആഫ്രിക്കൻ കറുത്തവർഗ്ഗക്കാരെന്നും യൂറോപ്യൻ വെളുത്ത വർഗ്ഗക്കാരെന്നും കളേർഡ് എന്നും ഏഷ്യൻസ് എന്നും വ്യത്യാസങ്ങളില്ലാതെ ഒരു ബഹുമുഖ ബഹു വർഗ്ഗ തെക്കെ ആഫ്രിക്ക സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഈ വർഷങ്ങൾക്കൊണ്ട് അദ്ദേഹം നടത്തി. ഏറക്കുറെ അതിൽ വിജയിച്ചു എന്ന് തന്നെ പറയാം..

ഭാരതരത്ന

ഭാരതരത്ന

രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച ശേഷവും 'നെൽസൻ മണ്ടേല ഫൗണ്ടേഷൻ' എന്ന സംഘടനയിലൂടെ എയdഡ്‌സിനും മറ്റ് അടിസ്ഥാന പ്രശ്നങ്ങൾക്കുമെതിരെ പോരാടി അദ്ദേഹം ജനസേവകനായി നിലനിന്നു. ആരോഗ്യ പരമായ കാരണങ്ങളാൽ പിന്നീട് അവയിൽ നിന്നും പിൻവാങ്ങി. ഭാരത രത്നയും, നിഷാൻ - ഇ - പാകിസ്താനും ലിബെർട്ടി അവാർഡുമടക്കം ഇരുന്നൂറ്റി അൻപതിലധികം പുരസ്‌കാരങ്ങൾ നൽകി അന്താരാഷ്ട്ര സമൂഹം അദ്ദേഹത്തെ ആദരിച്ചു.

ശക്തിപകരുന്ന ഓർമകൾ

ശക്തിപകരുന്ന ഓർമകൾ

2010 ലെ ഫുട്‌ബോൾ ലോകകപ്പാണ് മണ്ടേല അവസാനമായി പങ്കെടുത്ത പൊതുപരുപാടി. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ കൊണ്ടും പ്രായാധിക്യം കൊണ്ടും അവശനായ മാഡിബ, 2013 ഡിസംബർ 5 ന് വിടവാങ്ങി. ലോകമെങ്ങും അദ്ദേഹത്തിനായി തേങ്ങലുകൾ ഉയർന്നു.

മണ്ടേലയുടെ ജന്മദിനമായ ജൂലൈ 18 നെൽസൻ മണ്ടേല്ല ദിനമായി ഐക്യരാഷ്ട്ര സംഘടന ആഘോഷിക്കുന്നു. എല്ലാത്തരത്തിലുമുള്ള വർഗ വിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കുമേതിരെ പോരാടാനുള്ള ശക്തി നേടാൻ ഈ ദിനാചാരണത്തിലൂടെ യുഎൻ ആഹ്വാനം ചെയ്യുന്നു. വീണ്ടുമൊരു ജൂലൈ 18 ആഗതമാകുമ്പോൾ, എല്ലാത്തരം വിവേചനങ്ങൾക്കും അപരവത്കരണത്തിനുമെതിരെ മണ്ടേലയുടെ ഓർമ്മകൾ നൽകുന്ന ശക്തിയിൽ നമുക്കും പോരാടാം.

ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
Mandela Day: The inspiring story of Nelson Mandela, who is still an icon of freedom- Ajit Mathew Koloothra Writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X